കേരളത്തിന് അടിയന്തരമായി എയിംസ് വേണമെന്ന് മുഖ്യമന്ത്രി

aims-cm-t
SHARE

നിപ്പ വൈറസ് ബാധയുടെ പശ്ചാത്താലത്തില്‍ കേരളത്തിന് അടിയന്തരമായി എയിംസ് വേണമെന്ന ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. റബറിന് സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം കേന്ദ്രസര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിക്കണമെന്നും നീതി ആയോഗ് ഭരണസമിതി യോഗത്തില്‍ പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിന് വിശദമായ ചര്‍ച്ചകള്‍ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ചു.

കേരളം ഉള്‍പ്പെടെ എന്‍ഡിഎ ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉയര്‍ത്തിയ പ്രതിഷേധച്ചൂടിനിടെയാണ് നീതി ആയോഗ് ഭരണസമിതിയുടെ നാലാം യോഗം നടന്നത്. ജി.എസ്.ടി നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ വഹിച്ച പങ്കിനെ പ്രധാനമന്ത്രി യോഗത്തില്‍ പ്രശംസിച്ചു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക, വിവിധ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ കൃത്യമായ നടത്തിപ്പ് ഉറപ്പാക്കുക എന്നിവയായിരുന്നു യോഗത്തിന്‍റെ പ്രധാന അജന്‍ഡ. കര്‍ഷകപ്രക്ഷോഭങ്ങള്‍ ശക്തമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിരോട് കാര്‍ഷിക രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായ്ഡുവും  ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും പ്രത്യേക സംസ്ഥാന പദവി എന്ന ആവശ്യം ഉന്നയിച്ചു. പതിനഞ്ചാം ധനകാര്യകമ്മിഷന്‍റെ പരിഗണനാവിഷയങ്ങളിലുള്ള ആശങ്ക കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഉയര്‍ത്തി. അങ്കമാലി ശബരി പാതയുടെ മുഴുവന്‍ പദ്ധതിചെലവും റെയില്‍വേ വഹിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കേന്ദ്രവിഷ്കൃത പദ്ധതികള്‍ക്ക് സംസ്ഥാനങ്ങള്‍ കൂടുതല്‍ വിഹിതം നല്‍കണമെന്ന പുതിയ നിര്‍ദേശം വികസനപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്ന ആശങ്കയും മുഖ്യമന്ത്രി പങ്കുവെച്ചു.   

MORE IN KERALA
SHOW MORE