മന്ത്രിമാരുടെ ചേരി തിരിഞ്ഞുള്ള പോരാട്ടം; ഫുട്ബോൾ ആവേശം തലപ്പത്തേക്കും

ministers-football
SHARE

സംസ്ഥാന മന്ത്രിസഭയിലെ അഭിപ്രായവ്യത്യാസങ്ങള്‍ വാര്‍ത്തയാകുമ്പോഴെല്ലാം മന്ത്രിമാര്‍ കണ്ണുംപൂട്ടി നിഷേധിക്കാറാണ് പതിവ്. എന്നാല്‍ ലോകകപ്പ് ഫുട്ബോളിന്റെ പേരില്‍ മന്ത്രിമാര്‍ പരസ്പരം കൊമ്പുകോര്‍ക്കുകയാണ്. അതും പരസ്യമായി. അര്‍ജന്റീനക്കായി എം.എം.മണിയുടേയും ബ്രസീലിനായി കടകംപള്ളി സുരേന്ദ്രന്റേയും നേതൃത്വത്തിലാണ് മന്ത്രിമാര്‍ ചേരി തിരിഞ്ഞിരിക്കുന്നത്.

അര്‍ജന്റീനയുടെ ആരാധകനായി ഫേസ്ബുക്കില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് എം.എം.മണിയാണ്. ചങ്കിടിപ്പാണ്..അര്‍ജന്റീന അന്നും ഇന്നും എന്നെഴുതി നീല ജഴ്സിയിട്ട പടങ്ങളും വീഡിയോയുമായി ആശാന്‍ കളംനിറഞ്ഞു. ചെഗുവേരയുടെ നാടായതുകൊണ്ടാണ് അര്‍ജന്റീനയോടുള്ള ഇഷ്ടമെന്ന് അദ്ദേഹം പറയുന്നു. മെസിയാണ് ഇഷ്ടപ്പെട്ട കളിക്കാരന്‍. ചങ്കിടിപ്പല്ല, ചങ്കുറപ്പാണ്.. കാനറിപ്പടയാണ് ആശാനേ, എന്ന മറുപടിയോടെയാണ് ബ്രസീലിനുവേണ്ടി കടകംപള്ളി സുരേന്ദന്‍ പ്രതിരോധമൊരുക്കിയത്. മഞ്ഞപ്പടയുടെ മാന്ത്രികതയ്ക്കൊപ്പമാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചു. 

മന്ത്രിമാര്‍ ചേരിതിരഞ്ഞിറങ്ങിയതോടെ, ഇരു രാജ്യങ്ങളുടേയും ആരാധകര്‍ക്കും ആവേശമായി. കമന്റുബോക്സുകള്‍ നിറഞ്ഞുകവിഞ്ഞു. ബ്രസീല്‍ ജയിക്കണമെന്നു പ്രാര്‍ഥിക്കുകയും തോറ്റാല്‍ സങ്കടപ്പെടുകയും ചെയ്യുന്ന ആരാധകനാണ് താനെന്ന് കടംകപള്ളി സുരേന്ദ്രന്‍ പറയുന്നു. നെയ്മറാണ് ഇഷ്ടതാരം. ടോട്ടല്‍ ഫുട്ബോളാണ് ബ്രസീലിന്റെ പ്രത്യേകത. എല്ലാ കളിക്കാര്‍ക്കും തുല്യപ്രാധാന്യം നല്‍കി പ്രത്യേക താളത്തില്‍ ബ്രസീല്‍ കളം നിറയുമ്പോള്‍ പകരം വെക്കാന്‍ വേറൊന്നുമില്ലെന്നാണ് കടകംപള്ളിയുടെ അഭിപ്രായം.

കൊച്ചുമകന്‍ ഇവാനോടൊപ്പം ഫുട്ബോള്‍ തട്ടുന്ന പടം ഫേസ്ബുക്കിലിട്ടാണ് മുഖ്യമന്ത്രി ലോകകപ്പ് ആവേശത്തിനൊപ്പം ചേര്‍ന്നത്. എന്നാല്‍ ഇഷ്ടപ്പെട്ട ടീമിന്റെ കാര്യം മിണ്ടിയില്ല. ഏതാണ്ട് ഇതേ നയതന്ത്രം കെ.കെ.ശൈലജയും സ്വീകരിച്ചു. കായിക മന്ത്രി എ.സി.മൊയീതീനാവട്ടെ ഇഷ്ടടീം ജര്‍മ്മിനിയാണെന്നു തുറന്നുപറയാന്‍ മടികാണിച്ചില്ല. കെ.ടി.ജലീല്‍ ബ്രസീലിനൊപ്പവും തോമസ് ഐസക് അര്‍ജന്റീനിയക്കൊപ്പവും നിലയുറപ്പിക്കുമ്പോള്‍ ജി.സുധാകരന്‍ അര്‍ജന്റീനയേയും ബ്രസീലിനേയും ഫ്രാന്‍സിനേയും ഒരുപോെല ഇഷ്ടപ്പെടുന്നു.ഫേസ്ബുക്കില്‍ കുറിച്ചിട്ടില്ലെങ്കിലും ഫുട്ബോള്‍ ആരാധകരാണ് മറ്റുമന്ത്രിമാരും. കൂടുതല്‍ പിന്തുണ അര്‍ജന്റീനക്കും ബ്രസീലിനും തന്നെ.

MORE IN KERALA
SHOW MORE