ആവണിക്കും വൈഗയ്ക്കും ഇനി സ്വന്തം വീട്

avani-vaiga-house
SHARE

തൃശൂര്‍ മുളങ്ങില്‍ സാമ്പത്തിക പ്രതിസന്ധി മൂലം അച്ഛനും അമ്മയും ജീവനൊടുക്കിയതോടെ അനാഥമായ രണ്ടു പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി വീടു നിര്‍മിച്ചു നല്‍കി. നാട്ടുകാരും മനോരമ ന്യൂസ് പ്രേക്ഷകരും കൈകോര്‍ത്താണ് പെണ്‍കുട്ടികള്‍ക്ക് വീടു നിര്‍മിച്ചു നല്‍കാന്‍ കഴിഞ്ഞത്.

ആവണിയുടേയും വൈഗയുടേയും ദുരിതജീവിതം പലതവണ മനോരമ ന്യൂസ് പ്രേക്ഷകര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്കു വീടു നിര്‍മിക്കാനുള്ള ഭൂമി വാങ്ങാന്‍ സന്‍മനസുള്ളവരുടെ കനിവു തേടി ഒന്നരവര്‍ഷം മുമ്പായിരുന്നു ആദ്യ വാര്‍ത്ത. അന്ന്, ഇവരുടെ അക്കൗണ്ടിലേക്ക് നിരവധി പേര്‍ പണമയച്ചു. മൂന്നുസെന്റ് ഭൂമി വാങ്ങി വീടു നിര്‍മാണം പ്രതിസന്ധിയിലായപ്പോള്‍ വീണ്ടും പ്രേക്ഷകരുടെ സഹായം തേടിയിരുന്നു. അന്നും, മനോരമ ന്യൂസ് പ്രേക്ഷകര്‍ ആവണിയേയും വൈഗയേയും കൈവിട്ടില്ല. ഒപ്പം, മുളങ് ഗ്രാമത്തിലെ നാട്ടുകാരും സി.പി.എം. പ്രവര്‍ത്തകരും കൈകോര്‍ത്തു. അങ്ങനെ, ഭവനം യാഥാര്‍ഥ്യമായി. മന്ത്രി സി.രവീന്ദ്രനാഥ് നേരിട്ടെത്തിയാണ് വീടിന്റെ താക്കോല്‍ പെണ്‍കുട്ടികള്‍ക്ക് കൈമാറിയത്.

മുത്തശിയ്ക്കൊപ്പമാണ് പെണ്‍കുട്ടികളുടെ താമസം. വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനുള്ള സാമ്പത്തിക സഹായവും സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. മന്ത്രി സി.രവീന്ദ്രനാഥന്റെ സന്ദര്‍ശനം അതിനു തുണയാകുമെന്ന പ്രതീക്ഷയിലാണ് മുളങ് ഗ്രാമം.

MORE IN KERALA
SHOW MORE