‘യോഗിയുടെ വില്ലന്‍; പിണറായിയുടെ ഹീറോ’: വഴിതിരിച്ച് വിവാദം; വേദനയെന്ന് കഫീല്‍ ഖാന്‍

yogi-pinarayi-khafeel
SHARE

നിപ്പ വാര്‍ത്തകളില്‍ ആശങ്കയും ഭീതിയും കുത്തിനിറക്കാന്‍ ഒരു വിഭാഗം സമൂഹമാധ്യമങ്ങളെ ആയുധമാക്കുമ്പോള്‍, നിപ്പയില്‍ തന്നെ ആരംഭിച്ച മറ്റൊരു വാര്‍ത്ത ദേശീയ തലത്തില്‍ വിവാദമുയര്‍ത്തുന്നു. നിപ്പയില്‍ ആശങ്ക രേഖപ്പെടുത്തി ഉത്തര്‍പ്രദേശിലെ ഡോ.കഫീല്‍ ഖാന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ നിന്ന് തുടങ്ങിയ വാര്‍ത്തയാണ് ദേശീയ തലത്തില്‍ ഒരു വിഭാഗം മാധ്യമങ്ങളും സൈബര്‍ ഗ്രൂപ്പുകളും വഴിതിരിച്ചുവിട്ട് വിവാദം കത്തിക്കുന്നത്. ‘യോഗിയുടെ വില്ലന്‍, പിണറായിയുടെ ഹീറോ’ എന്ന തലക്കെട്ടിലാണ് പ്രചാരണം. 

നിപ്പ ദുരിതബാധിതരെ സഹായിക്കാന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സേവനമനുഷ്ഠിക്കാന്‍ സഹായിക്കണമെന്ന് ഡോക്ടര്‍ കഫീല്‍ ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യത്തെ സ്വാഗതം ചെയ്ത കേരള മുഖ്യമന്ത്രി ഇതിനായി മെഡിക്കല്‍ കോളജ് സൂപ്രണ്ടുമായി ബന്ധപ്പെടാം എന്ന് മറുപടി നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കേരള സര്‍ക്കാര്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ ഹിറ്റ്ലിസ്റ്റിലുള്ള ആളെ കേരളത്തിലേക്ക് ക്ഷണിക്കുകയാണെന്ന തരത്തില്‍ പ്രചാരണം ശക്തമായത്. 

വിവാദം കടുത്തതോടെ കഫീല്‍ ഖാന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തി. വിവാദങ്ങള്‍ വേദനപ്പെടുത്തുന്നതാണ്. ഇത് പണം വാങ്ങി നടത്തുന്ന സേവനമല്ലെന്ന് മനസ്സിലാക്കണം. ചെറിയ സാമൂഹ്യസേവനം മാത്രമാണ്. നിപ്പ കാലത്ത് മാത്രമാണ് ഇത്. അതുകഴിഞ്ഞ് യുപിയിലേക്ക് തന്നെ മടങ്ങിയെത്തും. രാജ്യത്ത് എവിടെയും സേവനം നടത്തുന്നതില്‍ നിന്ന് ഒരു കോടതിയും തന്നെ വിലക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

താന്‍ അങ്ങോട്ട് ആവശ്യപ്പെട്ടാണ് കേരള മുഖ്യമന്ത്രി ഈ സൗമനസ്സ്യം കാണിച്ചതെന്നും അതിന് എന്നും നന്ദിയുണ്ടെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. തനിക്കെതിരായ വിലക്ക് നീക്കിയാല്‍ ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യാന്‍ തയാറാണെന്ന് അദ്ദേഹം ഒരു ദേശീയ ചാനലിനോട് പറഞ്ഞു. 

ഗോരഖ്പൂരില്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി സംഭവിച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തനവുമായി സ്ഥലത്തുണ്ടായിരുന്ന ഡോക്ടര്‍ കഫീല്‍ ഖാനെ യുപി സര്‍ക്കാര്‍ കേസ് ചുമത്തി ജയിലില്‍ അടച്ചിരുന്നു. നിപ്പ വൈറസ്ബാധ കണ്ടെത്തിയ കോഴിക്കോട് ജില്ലയില്‍ സേവനമനുഷ്ഠിക്കാന്‍ സന്നദ്ധനാന്നെന്നും അതിന് തനിക്ക് അവസരം നല്‍കണമെന്നും അഭ്യര്‍ത്ഥിച്ച യു.പി.യിലെ ഡോക്ടര്‍ കഫീല്‍ഖാന്റെ സന്ദേശത്തിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ ക്ഷണം. കഫീല്‍ഖാനെപ്പോലെയുള്ളവര്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതില്‍ സര്‍ക്കാരിന് സന്തോഷമേയുള്ളൂവെന്ന് പിണറായി വിജയൻ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.

വൈദ്യശാസ്ത്രരംഗത്ത് സ്വന്തം ആരോഗ്യമോ ജീവന്‍പോലുമോ പരിഗണിക്കാതെ അര്‍പ്പണബോധത്തോടെ സേവനമനുഷ്ഠിക്കുന്ന ധാരാളം ഡോക്ടര്‍മാരുണ്ട്. അവരില്‍ ഒരാളായാണ് ഞാന്‍ ഡോ. കഫീല്‍ഖാനെയും കാണുന്നത്. സഹജീവികളോടുള്ള സ്നേഹമാണ് അവര്‍ക്ക് എല്ലാറ്റിലും വലുത്– മുഖ്യമന്ത്രി കുറിച്ചു.

MORE IN KERALA
SHOW MORE