നഴ്സുമാരുടെ വേതനം; മാനേജ്മെന്‍റുകള്‍ക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി

nurse
SHARE

നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച വിജ്ഞാപനം സ്റ്റേ ചെയ്യിക്കാനുളള മാനേജ്മെന്‍റുകളുടെ നീക്കത്തിന് തിരിച്ചടി. സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകളുടെ സ്റ്റേ ആവശ്യം സുപ്രീംകോടതി തളളി. ഹൈക്കോടതിയിലുളള ഹര്‍ജികളില്‍ ഒരുമാസത്തിനകം തീര്‍പ്പ് കല്‍പ്പിക്കണമെന്നും ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍‌ അധ്യക്ഷനായ അവധിക്കാലബെഞ്ച് ഉത്തരവിട്ടു.

മിനിമം വേതനനിയമത്തിലെ വ്യവസ്ഥകള്‍ സര്‍ക്കാര്‍ കാറ്റില്‍പറത്തിയെന്നും ചട്ടങ്ങള്‍ ലംഘിച്ചുവെന്നും ആശുപത്രി മാനേജ്മെന്‍റുകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ്‍വി കോടതിയില്‍ പറഞ്ഞു. മിനിമം വേതനം നിശ്ചയിക്കാന്‍ ആദ്യം സമിതി രൂപീകരിച്ച് റിപ്പോര്‍ട്ട് വാങ്ങിയെങ്കിലും അത് പരിഗണിക്കാതെ മാറ്റിവച്ചു. പിന്നീട് സ്വന്തം നിലയില്‍ സര്‍ക്കാര്‍ വിജ്ഞാപനമിറക്കുകയായിരുന്നു. ഈനടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് മാനേജ്മെന്റുകള്‍ നിലപാടെടുത്തു. വാദമുഖങ്ങള്‍ ഹൈക്കോടതിയെ ബോധിപ്പിച്ചാല്‍ മതിയെന്ന് ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിജ്ഞാപനം നടപ്പാക്കിയാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുമെന്ന വാദം കോടതി നിരസിച്ചു. വിജ്ഞാപനം ചോദ്യം ചെയ്തുളള ഹര്‍ജികളില്‍ ഹൈക്കോടതി ഒരുമാസത്തിനകം തീര്‍പ്പ് കല്‍പ്പിക്കണമെന്നും ഉത്തരവിട്ടു. സ്റ്റേ ചെയ്യണമെന്ന മാനേജ്മെന്‍റുകളുടെ ആവശ്യത്തെ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ എതിര്‍ത്തു.

മാനേജ്മെന്‍റുകളുടെ ആവശ്യം അംഗീകരിക്കരുതെന്ന് സംസ്ഥാനസര്‍ക്കാരും നിലപാടെടുത്തു. ഏതു വകുപ്പുപ്രകാരം വിജ്ഞാപനമിറക്കണമെന്നത് സര്‍ക്കാരിന്‍റെ വിവേചനാധികാരത്തില്‍പ്പെട്ട കാര്യമാണെന്നും വാദിച്ചു.

MORE IN BREAKING NEWS
SHOW MORE