പിണറായി സര്‍ക്കാര്‍ മൂന്നാംവര്‍ഷത്തിലേക്ക്, എന്തൊക്കെ ശരിയാക്കി ?

Pinarayi-anniversary
SHARE

പിണറായി വിജയന്‍ സര്‍ക്കാര്‍ മൂന്നാംവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ എന്തൊക്കെ ശരിയാക്കി എന്നതാണ് പ്രധാനചോദ്യം. എല്ലാം ശരിയാക്കുമെന്ന വാഗ്ദാനം പാലിക്കാനുള്ള ശ്രമമായിരുന്നു പിന്നിട്ട രണ്ടുവര്‍ഷവും സര്‍ക്കാരിന്റേത്. എന്നാല്‍ ഭരണനേട്ടങ്ങളെ ഇല്ലാതാക്കുകയാണ് അടിക്കടിയെത്തുന്ന വിവാദങ്ങള്‍. 

എണ്ണിപ്പറയാന്‍ നേട്ടങ്ങള്‍ കുറവൊന്നുമല്ല ഇടതുമുന്നണി സര്‍ക്കാരിന്. അത്ര തന്നെയോ അതിലേറെയോ ഉണ്ട് വിവാദങ്ങളും കെടുകാര്യസ്ഥതയും കൊണ്ടുണ്ടായ കോട്ടങ്ങള്‍. തോമസ് ചാണ്ടിയുടെ രാജിയും എ.കെ.ശശീന്ദ്രന്റെ രണ്ടാംവരവുമെല്ലാം  സര്‍ക്കാരിന്റെ രണ്ടാം വര്‍ഷത്തെ സജീവമാക്കി. ഒരുഘട്ടത്തില്‍ പൊട്ടിത്തെറിയുടെ വക്കോളമെത്തിയ സി.പി.എം–സി.പി.ഐ ഭിന്നതകള്‍ക്ക് അടുത്തിടെയാണ് ശമനമുണ്ടായത്. 

ഇതിനിടയിലും എല്ലാം ശരിയാകുമെന്ന ഉറപ്പുപാലിക്കാനും സര്‍ക്കാര്‍ ശ്രമിച്ചു.  ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിലുണ്ടാക്കിയ ഉണര്‍വുമാത്രം മതി സാക്ഷ്യത്തിന്. ക്ഷേമപെന്‍ഷനുകള്‍ കുടിശികയില്ലാതെ വിതരണം ചെയ്തു. പദ്ധതി വിനിയോഗത്തില്‍ റെക്കോര്‍ഡ്. അഴിമതിക്കെതിരെ കര്‍ശന നിലപാടുകള്‍. വലിയ എതിർപ്പുകളില്ലാതെ പുതിയ മദ്യനയം, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നേട്ടം. സമ്പൂര്‍ണ വൈദ്യുതീകരണം എന്നിങ്ങനെ പട്ടിക നീളുന്നു. എന്നാല്‍ നേട്ടങ്ങളില്‍ സന്തോഷിക്കാന്‍ ഇടതുമുന്നണി അണികള്‍ക്ക് സര്‍ക്കാര്‍ അവസരം നല്‍കുന്നില്ല.

സര്‍ക്കാരിന്റെ പ്രധാന നാലു പദ്ധതികളായ ലൈഫും ഹരിതകേരളവും വേണ്ടത്ര പച്ചപിടിച്ചിട്ടില്ല. വകുപ്പുകളില്‍ പഴി ഏറെയും മുഖ്യമന്ത്രിയുടെ കൈവശമുള്ള ആഭ്യന്തരത്തിനു തന്നെയാണ്. കസ്റ്റഡി മരണം മുതല്‍ തുടങ്ങുന്നു പൊലീസുണ്ടാക്കുന്ന പുകിലുകള്‍. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും ശമനമായില്ല. ഗെയില്‍, ദേശീയപാത സമരങ്ങള്‍ക്കെതിരായ ഇടപെടലുകളും സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു. കോടതികളില്‍ നിന്ന് നിരന്തരം തിരിച്ചടികള്‍.  സാമ്പത്തിക രംഗത്തുണ്ടായ പ്രതിസന്ധികള്‍.  ഓഖി പോലുള്ള ദുരന്തമുഖങ്ങളില്‍ പകച്ചുനിന്ന ഭരണനേതൃത്വം ഏറെ പഴി ഏറ്റുവാങ്ങി. 

വെല്ലുവിളികള്‍ തന്നെയാണ് മൂന്നാം വര്‍ഷവും സര്‍ക്കാരിനെ കാത്തിരിക്കുന്നത്. വിവാദങ്ങള്‍ക്കിടയിലും എല്ലാം ശരിയാകുമെന്ന പ്രതീക്ഷ തന്നെ ജനങ്ങളും വെച്ചുപുലര്‍ത്തുന്നു. 

MORE IN KERALA
SHOW MORE