ഒരുനോക്കു കാണാനാകാതെ മക്കളും; സമര്‍പ്പിത സേവനത്തിന് ലിനിയുടെ ജീവിതസാക്ഷ്യം

lini-nurse-family
SHARE

ആ മാലാഖ ജീവിച്ചതും മരിച്ചതും സ്വന്തം നാടിന് വേണ്ടിയാണ്. അതുകൊണ്ട് തന്നെ അവർ രക്തസാക്ഷിയാണ്. ചെയ്യുന്ന ജോലിയോടുള്ള കൂറിന് ഇനി മലയാളി സമൂഹത്തിന് ഈ ജീവിതം സാക്ഷ്യം പറയും. നിപ്പ വൈറസ് ബാധയെത്തുടർന്ന് മരിച്ച നഴ്സ് ലിനയ്ക്ക് കണ്ണീർ കൊണ്ട് ആദരാജ്ഞലികൾ നൽകുകയാണ് സമൂഹമാധ്യമങ്ങൾ. 

പനി മരണം സംഭവിച്ച രോഗികളെ പരിചരിച്ചതിലൂടെയാണ് ലിനിയ്ക്ക് രോഗം പകർന്നത്. ഒടുവിൽ അവർ  മരണത്തിന് കീഴടങ്ങി. പക്ഷേ  ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തില്ല. അടുത്ത ബന്ധുക്കളെ കാണാന്‍ അനുവദിച്ചശേഷം രാത്രി തന്നെ വൈദ്യുതി ശ്മശാനത്തില്‍ സംസ്കരിച്ചു. രോഗം പകരുമോ എന്ന ഭയത്തിലാണ് പൊടുന്നനെ സംസ്കരിച്ചത്. അമ്മ തിരിച്ചുവരുമെന്ന് കരുതിയിരിക്കുകയാണ് ലിനിയുടെ മക്കൾ. ആ അഞ്ചുവയസുകാരനും രണ്ടു വയസുകാരനും അമ്മയെ അവസാനമായി കാണാൻ കഴിഞ്ഞില്ല. അമ്മയുടെ ചിതയെരിയുമ്പോൾ അവർ ഒന്നുമറിയാതെ അമ്മയും കാത്ത് വീട്ടിലായിരുന്നു. ഭര്‍ത്താവും അച്ഛനും അമ്മയും മാത്രമാണ് മൃതദേഹം കണ്ടത്.

NURSE

പനിയുമായി എത്തിയ രോഗിയെ ശുശ്രൂഷിക്കുമ്പോൾ ലിനി ഒരിക്കൽപ്പോലും കരുതിയിരുന്നില്ല. തന്റെ ജീവൻ അപഹരിക്കുന്ന രോഗമാണ് തനിക്ക് പകരാൻ പോകുന്നതെന്ന്. നഴ്സിന്റെ ധർമം അവർ ഒരുമടിയും കൂടാതെ പാലിച്ചു. തന്റെ മുന്നിലെത്തിയ രോഗിയെ ശുശ്രൂഷിക്കുന്നതിലായിരുന്നു ലിനിയുടെ ശ്രദ്ധ. ഒടുവിൽ ആ രോഗി മരണത്തിന് കീഴടങ്ങി ദിവസങ്ങൾക്കുള്ളിൽ ലിനിയും മാലാഖമാരുടെ ലോകത്തേക്ക്.  രോഗികൾക്കായി ജീവൻ ദാനം നൽകിയ മാലാഖമാരുടെ ഇടയിലാകും ഇനി ലിനിക്ക് സ്ഥാനം. 

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്നു കോഴിക്കോട് ചെമ്പനോട സ്വദേശി ലിനി. മരിച്ച സാബിത്തിൽ നിന്നാണ് ലിനിക്ക് രോഗം പകരുന്നത്. ചങ്ങരോത്ത് സൂപ്പിക്കടയിലെ വളച്ചുകെട്ട് മൊയ്തു ഹാജിയുടെ ഭാര്യ കണ്ടോത്ത് മറിയം, മറിയത്തിന്റെ ഭര്‍തൃസഹോദരന്റെ മക്കളായ സാലിഹ്, സാബിത്ത് എന്നിവരിലാണ് ആദ്യം ഈ വൈറസ് ബാധ കണ്ടെത്തുന്നത്. ദിവസങ്ങള്‍ക്കകം മൂവരും മരിച്ചു. അതിന് പിന്നാലെയാണ് സാബിത്തിനെ പരിചരിച്ച ലിനിയും മരണത്തിന് കീഴടങ്ങുന്നത്. 

വൈറസ് ബാധയെന്ന് സ്ഥിരീകരിച്ചതിനാല്‍ ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തില്ല. അടുത്ത ബന്ധുക്കളെ കാണാന്‍ അനുവദിച്ചശേഷം പുലര്‍ച്ചയോടെ തന്നെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു. രണ്ട് ചെറിയ മക്കളാണ് ലിനിക്ക്. ഭര്‍ത്താവ് സജീഷ് വിദേശത്തായിരുന്നു. രണ്ടുദിവസം മുൻപാണ് നാട്ടിലെത്തിയത്. അതിനിടെ  ലിനിയുടെ മാതാവിനെയും പനിയെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് നിപ്പ വൈറസ് ബാധയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

MORE IN KERALA
SHOW MORE