‘വവ്വാൽ പനി’യിൽ വിറച്ച് കേരളം; സൂക്ഷിക്കണം നിപ്പാ വൈറസിനെ, പ്രതിരോധമാർഗങ്ങൾ

nipahvirus-kozhikode
SHARE

കേരളത്തെ ഒന്നാകെ ആശങ്കയിലാഴ്ത്തി നിപ്പാ വൈറസ് പനി പകരുന്നു. പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 10 പിന്നിട്ടു. വവ്വാലുകൾ വഴി പകരുന്ന ഹെനിപ ഇനത്തിൽപ്പെട്ട നിപ്പ വൈറസിന് ഇതുവരെ പ്രതിരോധ വാക്സിൻ കണ്ടെത്തിയിട്ടില്ല എന്നത് ആശങ്ക വർധിപ്പിക്കുന്നു. ഇക്കാര്യത്തിൽ പ്രതിരോധം മാത്രമാണ് പോംവഴിയെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. വൈറസ് ബാധയേറ്റവരെ പ്രത്യേക ശ്രദ്ധയോടെ പരിപാലിക്കണം. ഇവരെ പരിചരിക്കുന്ന ആളിലേക്കും രോഗം പടരാനുള്ള സാധ്യത ഏറെയാണ്. 1998ൽ മലേഷ്യയിലെ കാംപുങ് സുംഗായ് നിപ്പാ മേഖലയിലാണ് ആദ്യം കണ്ടെത്തുന്നത്.  പിന്നിട് മാരക മസ്തിഷ്കജ്വരത്തിന് കാരണമായ ഇൗ വൈറസിനെ എൻെഎവി അഥവാ നിപ്പാ വൈറസ് എന്ന പേര് ലഭിച്ചത്. 

സൂക്ഷിക്കണം നിപ്പാ വൈറസിനെ..

1) രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ ശ്രദ്ധിക്കണം

2) രോഗികളുടെ ശരീര സ്രവങ്ങളില്‍ നിന്നാണ് രോഗം പകരുന്നത്. രോഗികളെ പരിചരിക്കുന്നവര്‍ മാസ്ക്, ഗ്ലൌസ് തുടങ്ങിയവ ധരിക്കണം

3) പനി, തലവേദന, തലച്ചോറിനെ ബാധിക്കുന്ന മയക്കം, സ്ഥലകാല ബോധമില്ലായ്മ എന്നിവ വന്നാല്‍ വിദഗ്ധ ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല

4) വവ്വാല്‍, മറ്റ് പക്ഷികള്‍ എന്നിവ കടിച്ച പഴങ്ങള്‍ യാതൊരു കാരണവശാലും ഭക്ഷിക്കരുത്

5) മാമ്പഴം പോലുള്ള പഴങ്ങള്‍ സോപ്പിട്ട് കഴുകി ഭക്ഷിക്കുക

6) തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് പോലുള്ള പാനീയങ്ങള്‍ കുടിക്കരുത്

virus-1

കോഴിക്കോട് പേരാമ്പ്രയിലാണ് നിപ്പാ വൈറസ് പനിമരണങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.പനി ബാധിച്ച് മരിച്ചവരുടെ എണ്ണം വർധിച്ചതോടെയാണ് മരണത്തിന് പിന്നിലെ വൈറസിനെ കണ്ടെത്തുന്നത്. പുണെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സ്രവ പരിശോധനയിലാണ് വൈറസ് സ്ഥിരീകരണം. 

കേന്ദ്രസംഘവും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ഇന്ന്  പേരാമ്പ്രയിലെ പനിബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തും. കോഴിക്കോടും മലപ്പുറത്തും പനി ബാധിച്ച് മൂന്നുപേര്‍ വീതം മരിച്ചു. മുന്നിയൂര്‍, ചട്ടിപ്പറമ്പ്, തെന്നല സ്വദേശികളാണ് മരിച്ചത്. ഇവരുടെ രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു.  പനിയെ നേരിടാനായി പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട്ടെ പനിമരണങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിദഗ്ധ സമിതിയെയും നിയോഗിച്ചു.  വൈറല്‍പനി സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനായി സംസ്ഥാനതലത്തില്‍ കണ്‍ട്രോള്‍ റൂം തുടങ്ങി. 0495 2376063 എന്നാണ്  നമ്പര്‍. ഇതിനിടയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ആധികാരികതയില്ലാത്ത കാര്യങ്ങള്‍ വിശ്വസിക്കരുതെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

MORE IN KERALA
SHOW MORE