മുരുകന്റെ ഗതി വന്നില്ല; പാമ്പുകടിച്ച് ശ്വാസം നിലച്ചു; ഡോക്ടര്‍മാരുടെ നന്‍മ രക്ഷയായി

azad-1
SHARE

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ചികില്‍സ നിഷേധിക്കപ്പെട്ട് മരണത്തിന് കീഴടങ്ങേണ്ടിവന്ന തമിഴ്നാട് സ്വദേശി മുരുകന്‍ നമ്മുടെ ഒരു നൊമ്പരമാണ്. മുരുകന്റെ ഗതി വയനാട് മാനന്തവാടി ജില്ലാശുപത്രിയില്‍ ചികില്‍സ തേടിയെത്തിയ ബീഹാര്‍ സ്വദേശി ആസാദിനുണ്ടായില്ല. വയനാട്ടിലെ ഒരുകൂട്ടം ഡോക്ടര്‍മാര്‍ ആസാദിനെ തുണച്ചു.

സമയം വൈകുന്നേരം അഞ്ചു മണി. മൂര്‍ഖന്‍ പാമ്പുകടിച്ച് ഗുരുതരാവസ്ഥയില്‍ ഒരു മറുനാടന്‍ തൊഴിലാളി മാനന്തവാടി ജില്ലാശുപത്രിയിലെത്തുന്നു. കൂടെയുള്ളത് മലയാളം അറിയാത്ത കുറച്ച് ബീഹാറികള്‍ മാത്രം. നേരെ കാഷ്വാലിറ്റിയിലേക്ക്. അതീവ ഗുരുതരാവസ്ഥയിലായിലാണ് ആസാദ്.ശ്വാസം നിലച്ചുപോയി. തൊണ്ടയില്‍ ട്യൂബിട്ട് കൃത്രിമശ്വാസം നല്‍കി ഡോക്ടര്‍മാരുടെ ഇടപെടല്‍. 

പരിമിതമായ സൗകര്യങ്ങള്‍ മാത്രമാണ് മാനന്തവാടി ജില്ലാശുപത്രിയില്‍. ഐസിയുവില്‍ ബെഡില്ലാത്തതിനാല്‍ ചികില്‍സിക്കാന്‍ നിര്‍വാഹമില്ല. ഐസിയു ആംബുലന്‍സുമില്ല. രോഗിയെ അടിയന്തരമായി വെന്റിലേറ്ററിലേക്ക് മാറ്റണം. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയാണ് ഇനി ചെയ്യാന്‍ കഴിയുക. വേണമെങ്കില്‍ ഡോക്ടര്‍മാര്‍ക്ക് അങ്ങനെ പറയാം. ഈയവസ്ഥയില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോയാല്‍ വഴിയില്‍ത്തന്നെ ജീവന്‍ നഷ്ടമാകുമെന്നുറപ്പാണ്. മൂന്നു മണിക്കൂറെങ്കിലും വേണം കോഴിക്കോട്ടെത്താന്‍.ആശുപത്രി അധികൃതര്‍ മറ്റൊരു ഭാഗ്യ പരീക്ഷണത്തിനാണ് തയാറായത്.

നിലവിലുള്ള സൗകര്യത്തില്‍ മെച്ചപ്പെട്ട ചികില്‍സ നല്‍കാന്‍ ഈ ആരോഗ്യകേന്ദ്രം ഒറ്റക്കെട്ടായി തീരുമാനിച്ചു. ട്രോളിയില്‍ത്തന്നെ ഐസിയുവില്‍ക്കിടത്തി വെന്റിലേറ്ററില്‍ രോഗിയെ ചികില്‍സിക്കാന്‍ തീരുമാനിച്ചു. പാമ്പുവിഷത്തിനെതിരെയുള്ള 22 വയല്‍ ആന്റിവെനമാണ് ജീവന്‍രക്ഷിക്കാന്‍ വേണ്ടിവന്നത്. ഭാഗ്യം ആസാദിനൊപ്പമാണ്. വിഷബാധയില്‍ നിന്നും മുക്തനായി. സുഖം പ്രാപിക്കുകയാണ് ഈ ഇതരസംസ്ഥാനതൊഴിലാളി.

MORE IN KERALA
SHOW MORE