ബിയര്‍ വിതരണത്തില്‍ ക്രമക്കേട്; സാബ് മില്ലര്‍ ഇന്ത്യക്കെതിരെ കേസ്

bevco 1
SHARE

ബവ്റിജസ് കോര്‍പറേഷന് ബീയര്‍ വിതരണം ചെയ്തതില്‍ ക്രമക്കേട് നടത്തിയ തൃശൂര്‍ ആസ്ഥാനമായ സാബ് മില്ലര്‍ ഇന്ത്യയ്ക്കതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. ബവ്കോ എം.ഡിയുടെ പരാതിയെത്തുടര്‍ന്നാണിത്. സ്വന്തം ബ്രാന്‍ഡുകള്‍ പരമാവധി വിറ്റഴിക്കാന്‍ വേണ്ടി കമ്പനി ബവ്കോയുടെ സപ്ലൈ ഒാര്‍ഡര്‍ തിരുത്തി സ്റ്റോക്ക് വകമാറ്റി വിതരണം ചെയ്തുവെന്നാണ് പരാതി. മൂന്നുമാസത്തിനിടെ ഇരുനൂറിലധികം തവണ സ്റ്റോക്ക് വകമാറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍  75 ലക്ഷം രൂപ ബവ്കോ കമ്പനിക്ക് പിഴയിട്ടിരുന്നു.  

നാല് പ്രധാന ബ്രാന്‍ഡുകളുടെ വിതരണമാണ് സാബ് മില്ലര്‍ ഇന്ത്യ കരാറെടുത്തത്. സ്റ്റോക്ക് എത്തിക്കേണ്ട ഗോഡൌണിന്‍റെ പേരും ബ്രാന്‍ഡും അളവും അതത് സമയം ബവ്കോ വിതരണക്കമ്പനികള്‍ക്ക് തയ്യാറാക്കി നല്‍കും. ഇങ്ങനെ നല്‍കിയ ലിസ്റ്റില്‍ ഗോഡൌണിന്‍റെ പേര് തിരുത്തിയാണ് ക്രമക്കേട് നടത്തിയത്. അതായത് നെടുമങ്ങാട് ഗോഡൌണില്‍ വിതരണം ചെയ്യേണ്ടതിന് പകരം രേഖകള്‍ തിരുത്തി സ്റ്റോക്ക് തൃശൂര്‍ ഗോഡൌണില്‍ വിതരണം ചെയ്തു. 

ബിയര്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന സ്ഥലങ്ങളില്‍ കമ്പനി വിതരണം ചെയ്യുന്ന ബ്രാന്‍ഡുകള്‍ പരമാവധിയെത്തിച്ച് ലാഭം കൊയ്യുകയായിരുന്നു ലക്ഷ്യം. മൂന്ന് മാസത്തിനിടയില്‍ 527 തവണ കമ്പനി ബിയര്‍ സപ്ലൈ ചെയ്തു. ഇതില്‍ ഇരുന്നൂറിലധികം തവണയും സ്റ്റോക്ക് മറ്റിടങ്ങളിലേക്ക് മറിച്ചുകൊടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തി.

ബവ്കോ ആസ്ഥാനത്തുള്ള കമ്പനി പ്രതിനിധിയാണ് സപ്ലൈ ഓര്‍ഡര്‍ തിരുത്തി തൃശൂരിലെ കമ്പനിയിലേക്ക് അയച്ചത്. അവിടെയുള്ള എക്സൈസ് ഉദ്യോഗസ്ഥന്‍ ഈ ലിസ്റ്റ് പരിശോധിച്ച് ഉറപ്പുവരുത്തിയാണ് സാധനങ്ങള്‍ കയറ്റിവിട്ടത്. രേഖകളിലെ തുടര്‍ച്ചയായ തിരുത്തല്‍ ഉദ്യോഗസ്ഥന്‍ കണ്ടില്ലെന്നാണ് ബവ്കോയുടെ വിശദീകരണം. കമ്പനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന് പുറമെയാണ് 75 ലക്ഷം രൂപ പിഴ ഈടാക്കിയത്. 

MORE IN KERALA
SHOW MORE