തല്ലിച്ചതച്ചു; മരുന്നിന്റെ കാശ് തട്ടിപ്പറിച്ചു; പാവം ഓട്ടോക്കാരനെ കൊള്ളയടിച്ചവര്‍ ഇതാ

auto-driver-attack
ഓട്ടോ ഡ്രൈവര്‍ ഹരി(ഇടത്ത്), പ്രതികള്‍ ഇടത്തുനിന്ന്: തൃശൂര്‍ പുറനാട്ടുകര കുരിശങ്കില്‍ പ്രിന്‍റോ(27), ഒല്ലൂര്‍ പുല്ലഴി സ്വദേശി സിന്റോ വിന്‍സെന്റ് (27), അടാട്ട് അമ്പലംകാവ് സ്വദേശി ലിയോണ്‍(25)
SHARE

തൃശൂര്‍ നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് ഹരി. ഭാര്യയും രണ്ടു മക്കളും. ഇളയ മകന് ഭിന്നശേഷിയാണ്. ശാരീരിക അവശതയുള്ള ഭാര്യയെ സഹായിക്കണം. ഭിന്നശേഷിയുള്ള മകനെ നോക്കണം. പകല്‍ സമയത്ത് ഓട്ടോറിക്ഷ ഓടിക്കാന്‍ ഹരിക്കു പറ്റില്ല. വീട്ടില്‍ വേണം. നേരം ഇരുട്ടിയാല്‍ മകന്‍ ഉറങ്ങുമ്പോള്‍ ഹരി ഓട്ടോ ഓടിക്കാന്‍ പോകും. രാത്രി മുഴുവന്‍ ഉറക്കമൊഴിച്ച് ഓടുന്ന പണത്തില്‍ ഒരു വിഹിതമാണ് കിട്ടുക. കാരണം, ഓട്ടോയുടെ ഉടമയ്ക്കു വാടക കൊടുക്കണം. പെട്രോള്‍ അടിക്കണം. ചില ദിവസങ്ങളില്‍ കിട്ടുന്നത് തുച്ഛമായ തുക. അതു കിട്ടിയാലും വീട്ടില്‍ അരിവേവും. മകന് മരുന്നു വാങ്ങാം. മൂന്നു സെന്റ് കോളനിയിലെ ആസ്പറ്റോസ് ഷീറ്റ് മേഞ്ഞ കുടുസു വീട്ടിലാണ് ഹരിയുടേയും കുടുംബത്തിന്റേയും ജീവിതം. 

auto-driver-two

മരണം തൊട്ടുമുമ്പില്‍ 

പുലര്‍ച്ചെ രണ്ടു മണി കഴിഞ്ഞിട്ടുണ്ട്. മൂന്നു പേര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡ് പരിസരത്തേയ്ക്ക് ഓട്ടോറിക്ഷ ഓട്ടം വിളിക്കുന്നു. ഒളരി വരെ പോകണം. നഗരത്തിന്റെ തൊട്ടടുത്തുള്ള സ്ഥലം. മൂന്നാ നാലോ കിലോമീറ്റര്‍ യാത്ര. മാത്രവുമല്ല, നഗരത്തില്‍ നല്ല തിരക്കുണ്ട്. കാരണം, അന്ന് തൃശൂര്‍ പൂരമായിരുന്നു. ഓട്ടോ ഒളരിയില്‍ എത്തി. വലത്തോട്ടു കുറച്ചുക്കൂടെ മുന്നോട്ടു പോകാന്‍ പറഞ്ഞു. സൗഹൃദ സംഭാഷണം. 

ഓട്ടോ മുന്നോട്ടു പോകും തോറും ഹരിയുടെ മനസ് പിടച്ചു. കാരണം, വിജനമായ ബണ്ട് റോഡിലേക്ക് കടക്കാറായി. ചേട്ടന്‍മാരെ ഇനി പോകാന്‍ പറ്റില്ല. തിരിച്ചുവരുമ്പോള്‍ ഞാന്‍ ഒറ്റയ്ക്കു വരണം. വീണ്ടും അവര്‍ പറഞ്ഞു. തൊട്ടപ്പുറത്താണ് വീട്. അങ്ങനെ, ഓട്ടോ മുന്നോട്ടു പോയി ബണ്ട് റോഡിലേയ്ക്കു പ്രവേശിച്ചതോടെ പുറകില്‍ നിന്ന് മര്‍ദ്ദനം. കഴുത്തില്‍ കത്തിയും. ‘‘നിന്നെ കുറേ നാളായെട നോക്കി നടക്കുണു. നിന്നെ ഇന്ന് ഞങ്ങള്‍ കൊല്ലും’’.. യുവാക്കള്‍ ആക്രോശിച്ചു. 

‘‘ആളുമാറിയതാകും ചേട്ടന്‍മാരേ.. ഇന്നേവരെ ഒരാളെപ്പോലും ഉപദ്രവിക്കാത്തയാളാ’’.. ഹരിയുടെ മറുപടി അവര്‍ ഗൗനിച്ചില്ല. ഓട്ടോ നിര്‍ത്തിച്ചു. ദേഹമാസകലം മര്‍ദ്ദിക്കുന്നതിനിടെ കീശയിലെ 1500 രൂപ തട്ടിയെടുത്തു. ഈ പണം റബര്‍ബാന്‍ഡിട്ട് കീശയില്‍ മാറ്റിവച്ചിരുന്നത്. പിറ്റേന്ന് മകന് മരുന്നു വാങ്ങണം. ഡോക്ടറെ കാണിക്കണം. അതിനുള്ള പണമാണ്. ഭയന്നുവിറച്ച ഹരി ബണ്ടില്‍ നിന്ന് വെള്ളത്തിലേക്ക് ചാടി. പാടത്തുക്കൂടി ഓടി. തളര്‍ന്നു വീണത് ഇടത്ത് പുല്ലുകള്‍ പൊന്തിനിന്നിരുന്നു. അവിടെ ഒളിച്ചിരുന്നു. 

ആ സമയം, തൃശൂര്‍ പൂരം വെടിക്കെട്ട് പൊട്ടി. ആകാശത്ത് വെളിച്ചം പരന്നു. പുല്ലുകള്‍ക്കിടയിലേക്ക് തലയമര്‍ത്തി കിടന്നു. അവര്‍ പിന്‍തുടരുമെന്ന ഭയത്താല്‍ ഏറെ നേരം അവിടെ കിടന്നു. പരിസരത്തെ ക്ഷേത്രത്തില്‍നിന്ന് പാട്ടു കേട്ടു. പുല്ലഴി ടെക്സ്റ്റൈല്‍ മില്ലിലെ സൈറണ്‍ മുഴങ്ങി. നേരം വെളുക്കാറായി. പിന്നെ, തലയുയര്‍ത്തി. ഓട്ടോറിക്ഷയുമില്ല. അക്രമികളുമില്ല. സൂര്യനുദിച്ചതോടെ നാട്ടിലേക്കിറങ്ങി സഹായം തേടി. പൊലീസ് സ്റ്റേഷനില്‍ പോയി കാര്യങ്ങള്‍ വിശദീകരിച്ചു. ഓട്ടോ പിന്നീട് മറ്റൊരിടത്തു നിന്ന് പൊലീസ് കണ്ടെടുത്തു. ആക്രമിക്കപ്പെട്ടതല്ല ഹരിയെ വിഷമിപ്പിച്ചത്. മകന്റെ മരുന്നു വാങ്ങാനുള്ള കാശു പോയതിലായിരുന്നു. വിവരമറിഞ്ഞെത്തിയ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പിരിവെടുത്ത് കുറച്ചു കാശുനല്‍കി. ദേഹം മുഴുവന്‍ വേദനയാണെങ്കിലും സ്വന്തം ചികില്‍സ ഒഴിവാക്കി. കാരണം, മകന് മരുന്നു വാങ്ങാന്‍ പണം വേണമല്ലോ?..

aut0-trissur

വീണ്ടുമൊരു കാളരാത്രി

ഹരി ആക്രമിക്കപ്പെടുന്നതിന് രണ്ടു ദിവസം മുന്‍പ് തൃശൂരിലെ മറ്റൊരു ഓട്ടോറിക്ഷ ഡ്രൈവറും ആക്രമിക്കപ്പെട്ടു. വടക്കേബസ് സ്റ്റാന്‍ഡില്‍ നിന്ന് മുതുവറയിലേക്ക് ഓട്ടം വിളിച്ചു. മൂന്നു യുവാക്കള്‍. മുതുവറ ബണ്ട് റോഡില്‍ എത്തിയപ്പോള്‍ കമ്പി വടിക്കൊണ്ട് തലയ്ക്കടിച്ചു. ഓട്ടോയില്‍ നിന്ന് പിടിച്ചിറക്കി മുഖത്തിടിച്ചപ്പോള്‍ മൂക്കിന്റെ പാലം പൊട്ടി. ബണ്ട് റോഡിനരികിലെ വെള്ളത്തിലേക്ക് ചാടിയ തൃശൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ സുനിലിനെ അക്രമിസംഘം വിട്ടില്ല. 1500 രൂപ തട്ടിയെടുത്ത ശേഷം ഇതേഓട്ടോയില്‍ സുനിലുമായി അക്രമികള്‍ മടങ്ങി. 

വഴിമധ്യേ പണവുമായി ഇറങ്ങിപോകുകയും ചെയ്തു. തലയില്‍ മൂന്നു സ്റ്റിച്ചും. മൂക്കില്‍ ശസ്ത്രക്രിയയും. മരിക്കുമെന്ന് ഉറപ്പിച്ച ശേഷമാണ് ജീവിതത്തിലേക്ക് ഓട്ടോ ഡ്രൈവര്‍ മടങ്ങിവരുന്നത്. മാധ്യമങ്ങള്‍ക്കു മുമ്പില്‍ മുഖം കാണിക്കാന്‍ പേടി. കാരണം, അക്രമികള്‍ വീണ്ടും കൊല്ലാന്‍ വരുമോയെന്ന്. 

ഇതില്‍ ലിയോണും പ്രിന്റോയും വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. സിന്റോയുടെ വാഹനം കഞ്ചാവ് കടത്തിയതിന് പണ്ട് പൊലീസ് പിടികൂടിയിരുന്നു. കഞ്ചാവടിക്കാനും മദ്യംവാങ്ങാനുമാണ് ഓട്ടോഡ്രൈവര്‍മാരെ പിടിച്ചുപറിച്ചത്. പണം തട്ടിയെടുക്കുമ്പോള്‍ ഓട്ടോക്കാരെ തല്ലിയതിന് കാരണമുണ്ട്. അന്വേഷണം വഴിത്തെറ്റിക്കാന്‍. ആരോ ക്വട്ടേഷന‍് കൊടുത്തതാണെന്ന് വരുത്തിയാല്‍ ഓട്ടോ ഡ്രൈവര്‍മാരുടെ ശത്രുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം വരുമല്ലോ?. പക്ഷേ, ഇവരുടെ കണക്കുകൂട്ടല്‍ തെറ്റി. ഇരയായ ഡ്രൈവര്‍മാര്‍ സാധുക്കളായിരുന്നു. ശത്രുക്കളില്ലാത്ത മിത്രങ്ങള്‍ മാത്രമുള്ള നല്ലമനസുള്ള ഓട്ടോക്കാര്‍. 

പൊലീസ് തല്ലില്ല, ധൈര്യമായി പോകാം

തൃശൂരിലെ ഗുണ്ടകള്‍ക്ക് ഒരുക്കാലത്ത് പൊലീസിനെ പേടിയായിരുന്നു. അത്യാവശ്യം നന്നായിതന്നെ ഗുണ്ടകളെ പൊലീസ് പേടിപ്പിച്ചിരുന്നു.

ഇതൊക്കെ അറിയുന്നതു കൊണ്ടാകണം, മൂവരേയും ഷാഡോ പൊലീസ് പിടിച്ചപ്പോള്‍ അവര്‍ ഉച്ചത്തില്‍ പറഞ്ഞത് ‘‘സാറെ തല്ലല്ലേ. സത്യം പറയാം’’. ഇതുകേട്ട ഷാഡോ പൊലീസ് മനസില്‍ ചിരിച്ചു. ഇനി ഇവന്‍മാരെ തല്ലി എന്തെങ്കിലും ആപത്തുണ്ടായാല്‍ കൊലക്കേസില്‍ ജയിലില്‍ പോകണം. സമീപകാല സംഭവങ്ങള്‍ ഷാഡോ പൊലീസുകാരുടെ മനസില്‍ തെളിഞ്ഞുവന്നു. 

നേരെ സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോള്‍ മറ്റു പൊലീസുകാരും പറഞ്ഞു. ‘‘ഇവന്‍മാരെ തല്ലേണ്ട. പുലിവാലു പിടിക്കേണ്ട’’. ഇരുപത്തിനാലു മണിക്കൂര്‍ തികയുമ്പോഴേക്കും കോടതിയിലേക്ക് കൊണ്ടുപോകാന്‍ ഇറങ്ങിയപ്പോള്‍ ക്രിമിനലുകളുടെ മുഖത്ത് ആശ്വാസം. ഈ പൊലീസിന് ഇത് എന്തു പറ്റി. ഇങ്ങനെ, മാനസാന്തരം ഉണ്ടായോ. പട്ടിണിയും പരിവട്ടവുമായി ജീവിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ ക്രൂരമായി തല്ലിചതച്ച ക്രിമിനല്‍സംഘം പൊലീസിന്റെ വിരട്ടല്‍ കിട്ടാതെതന്നെ ജയിലിലേക്ക് തിരിച്ചു. 

MORE IN KERALA
SHOW MORE