നോട്ടുക്ഷാമത്തിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തി ബാങ്ക് ജീവനക്കാരുടെ സംഘടന

note-AIBEA
SHARE

നോട്ട് ക്ഷാമത്തിന് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി ബാങ്ക് ജീവനക്കാരുടെ സംഘടന. നോട്ടുപിന്‍വലിക്കലിന്റെ ദുരിതമാണ് ഇപ്പോഴും തുടരുന്നത്. FDRI ബില്ലിലെ വ്യവസ്ഥകളും വായ്പാതട്ടിപ്പുകളും ബാങ്കില്‍ പണം സുരക്ഷിതമല്ലെന്ന ഭീതി ജനങ്ങളിലുണ്ടാക്കിയെന്നും ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ചൂണ്ടിക്കാണിക്കുന്നു.

നോട്ടുപിന്‍വലിക്കലിന് ശേഷം ആവശ്യത്തിന് നോട്ടുകള്‍ എത്തിക്കാന്‍ റിസര്‍വ് ബാങ്കിന് ഇതുവരെ സാധിച്ചിട്ടില്ലെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ പറയുന്നു. ഈ പ്രശ്നം ഇപ്പോള്‍ രൂക്ഷമായിരിക്കുന്നു. 2000 രൂപ നോട്ട ് അച്ചടിക്കുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കിയപ്പോള്‍ 50, 100,200 നോട്ടുകളുടെ അച്ചടി കുറഞ്ഞു. നോട്ട് പിന്‍വലിച്ച് 16 മാസം കഴിഞ്ഞിട്ടും പലയിടത്തും എ.ടി.എമ്മുകള്‍ പുതിയ നോട്ടുകള്‍ വയ്ക്കാന്‍ സജ്ജമാക്കിയില്ല. ബാങ്ക് പൊളിഞ്ഞാല്‍ നിക്ഷേപകരും നഷ്ടംസഹിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്ന എഫ്.ഡി.ആര്‍.ഐ ബില്ലും നീരവ് മോദിയുടേതുപോലുള്ള സഹസ്രകോടികളുടെ വായ്പാ തട്ടിപ്പുകളും ബാങ്കിങ് സംവിധാനത്തെക്കുറിച്ചു തന്നെ അവിശ്വാസമുണ്ടാക്കി. പണം പിന്‍വലിച്ച് കയ്യില്‍ സൂക്ഷിക്കുന്നതാണ് സുരക്ഷിതമെന്ന് ജനം ചിന്തിച്ചു തുടങ്ങി. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ മനഃപൂര്‍വം നോട്ട് അച്ചടി കുറച്ചെന്നും ജീവനക്കാരുടെ സംഘടന ആരോപിക്കുന്നു.

നോട്ടുകള്‍ വന്‍തോതില്‍ പിന്‍വലിക്കപ്പെട്ടതിനെക്കുറിച്ച് ഇതുവരെ ആര്‍.ബി.ഐ അന്വേഷിക്കാത്തതെന്തെന്നും സംഘടന ചോദിക്കുന്നു. സര്‍ക്കാരിന്റെ വാലായി മാറിയ റിസര്‍വ് ബാങ്ക് സ്വതന്ത്രാധികാരം കളഞ്ഞുകുളിച്ച് സ്വയം അപ്രസക്തമാകുകയാണ്. പ്രശ്നങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രാജിവയ്ക്കണം. പണം കിട്ടാത്ത നിക്ഷേപകരുടെ രോഷം ബാങ്ക് ജീവനക്കാര്‍ക്ക് നേരെ തിരിഞ്ഞിരിക്കുകയാണ്. പ്രശ്നം എത്രയും വേഗം പരിഹരിച്ചില്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങുമെന്നും എ.ഐ.ബി.ഇ.എ മുന്നറിയിപ്പ് നല്‍കുന്നു.

MORE IN KERALA
SHOW MORE