നിറവയറുമായി ഷംന എവിടെപ്പോയി..? കുഴഞ്ഞ് പൊലീസും ബന്ധുക്കളും; സംഭവിച്ചതിങ്ങനെ

shamna-story2
SHARE

പ്രസവത്തിന് മുന്നോടിയായുള്ള പരിശോധനക്കായി ആശുപത്രിക്കുള്ളിലേക്ക് കയറിയ ഗര്‍ഭിണിയെ കാണാതായത് പൊലീസിനെയും കുടുംബക്കാരെയും  ആശുപത്രിക്കാരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ നിന്ന് കാണാതായ പൂര്‍ണ ഗര്‍ഭിണി മണിക്കൂറുകൾക്കുള്ളില്‍ കൊച്ചിയിലെത്തിയെന്ന സൂചന ലഭിച്ചതും ആശ്ചര്യപ്പെടുത്തുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ എസ്.എ.ടി ആശുപത്രിയിലെത്തിയ വര്‍ക്കല മടവൂര്‍ സ്വദേശി ഷംനയെന്ന 21കാരിയെയാണ് കാണാതായത്. ഭർത്താവ് അന്‍ഷാദിനും മാതാപിതാക്കള്‍ക്കുമൊപ്പമാണ് ഷംന ആശുപത്രിയിലെത്തിയത്. പിന്നീട് ഓരോ മണിക്കൂറിലും നടന്നത് അസാധാരണ കാര്യങ്ങളായിരുന്നു.

ചൊവ്വാഴ്ച പകല്‍ 11.30ന് , പ്രസവത്തിന് അഡ്മിറ്റാകാന്‍ ഡോക്ടര്‍മാര്‍ ചീട്ട് എഴുതി. അവസാന വട്ട പരിശോധനക്കായി ഷംന മാത്രം ആശുപത്രിക്കുള്ളിലെ മുറിയിലേക്ക് കയറി.

ഉച്ചയ്ക്ക് 1 മണി, രണ്ട് മണിക്കൂറിലേറെയായിട്ടും ഷംനയെ കാണാതായതോടെ ഭര്‍ത്താവും മാതാപിതാക്കളും ലേബര്‍ റൂമിന് സമീപത്തെ മുറിയിലെത്തി അന്വേഷിച്ചു. ഷംനയെ കണ്ടേയില്ലെന്നായിരുന്നു നഴ്സുമാരും ഡോക്ടര്‍മാരും പറഞ്ഞത്. ആശങ്കയിലായ കുടുംബക്കാരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് ആശുപത്രിയിലെ ബാത്ത് റൂമുകളിലടക്കം പരിശോധിച്ചു. ഷംനയെ കാണാനില്ല. കാണാതായതിന് ശേഷമുള്ള ആദ്യമണിക്കൂറുകള്‍ ഷംനയുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ്

വൈകിട്ട് 5.15, ഷംനയുടെ ഫോണില്‍ നിന്ന് ഭര്‍ത്താവിന്റെ മൊബൈലിലേക്ക് വിളി. അന്‍ഷാദ് ഫോണെടുത്തെങ്കിലും മറുപടിയൊന്നുമില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ കട്ടായി. 

വൈകിട്ട് 5.30, ഷംനയുടെ ഫോണില്‍ നിന്ന് ബന്ധുവായ മറ്റൊരു സ്ത്രീയുടെ മൊബൈലിലേക്ക് വിളി. ഞാന്‍ സേഫാണ്. പേടിക്കേണ്ട...ഇതുമാത്രം പറഞ്ഞ് കട്ടായി.. ഇതോടെ പൊലീസ് മൊബൈല്‍ ടവര്‍ നിരീക്ഷിച്ച് അന്വേഷണം തുടങ്ങി.

വൈകിട്ട് 6.10ന് കോട്ടയം ഏറ്റുമാനൂര്‍ ടവറിലും രാത്രി 7.40ന് എറണാകുളം നോര്‍ത്തിലും ഉള്ളതായി മൊബൈല്‍ ടവര്‍ സൂചിപ്പിച്ചു. വടക്കോട്ടുള്ള ട്രയിനില്‍ യാത്ര ചെയ്യുകയാവാമെന്ന നിഗമനത്തില്‍ റയില്‍വേ പൊലീസ് സംഘം ട്രയിനില്‍ കയറി പരിശോധിച്ചു. കണ്ടെത്തിയില്ല.മൊബൈല്‍ വീണ്ടും സ്വിച്ച്ഡ് ഓഫ്...എറണാകുളം നോര്‍ത്തില്‍ ഗര്‍ഭിണിയായ സ്ത്രീ ട്രെയിനില്‍ നിന്ന് ഇറങ്ങുന്നത് കണ്ടതായി മൊഴിയും ലഭിച്ചു.

ഇതോടെ പൊലീസ് സംഘം എറണാകുളത്ത് തിരച്ചില്‍ തുടങ്ങി. രാത്രി മുഴുവന്‍ ആശുപത്രികളിലും ലോഡ്ജുകളിലും പരിശോധിച്ചു. പക്ഷെ ഷംനയെ കണ്ടിട്ടില്ല. ഇന്നോ നാളയെ പ്രസവിക്കേണ്ട സ്ത്രീയാണ്. എവിടേക്ക് പോകാന്‍..? എത്ര ദൂരം യാത്ര ചെയ്യും...? പോകാനുള്ള കാരണമെന്ത്..? പൊലീസിനും കുടുംബത്തിനും ഒരു പിടിയും കിട്ടുന്നില്ല.

പ്രസവത്തിലുള്ള ഭയം മൂലം പോയതാവാം എന്ന് സംശയക്കുമ്പോളും, എങ്ങിനെ ട്രയിനില്‍ കയറി...ഭര്‍ത്താവിനെയടക്കം ഫോണ്‍ വിളിച്ചത് എന്തിന്...ഒട്ടേറെ ചോദ്യങ്ങള്‍ അവശേഷിക്കുന്നു. കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കേസായി മാറിയിരിക്കുയാണ് നിറഗര്‍ഭിണിയുടെ തിരോധാനം.  

MORE IN KERALA
SHOW MORE