അയാളോട് മുട്ടാൻ ഇൗയുള്ളവള്‍ ആര്..? ടി.ജി.മോഹന്‍ദാസിനോട് ‘പരിഹാസ’മാപ്പ് ചോദിച്ച് ദീപാ നിശാന്ത്

deepa-mohandas
SHARE

കഠ്‌വയിലെ ദാരുണ മാനഭംഗക്കൊലയ്ക്ക് പിന്നാലെ കേരളത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന ആക്രമണ പ്രത്യാക്രമണങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. എഴുത്തുകാരി ദീപ നിശാന്ത് ആര്‍.എസ്.എസ്. നേതാവ് ടി.ജി.മോഹന്‍ദാസിന്‍റെ വിമര്‍ശനങ്ങള്‍ക്ക് അതേ ഭാഷയില്‍ നല്‍കിയ മറുപടിയാണ് പുതിയ വാര്‍ത്ത. ‘അയാളോട് ഏറ്റുമുട്ടാനുള്ള ത്രാണി ഇൗയുള്ളവൾക്കുണ്ടോ? അദ്ദേഹമെവിടെക്കിടക്കുന്നു! ഞാനെവിടെക്കിടക്കുന്നു! എന്നെപ്പോലൊരാളെ ശത്രുവായി കാണാൻ മാത്രം അദ്ദേഹം ചെറുതായതിലാണ് എനിക്കത്ഭുതം! അദ്ദേഹത്തിനെപ്പോലൊരാൾക്ക് എതിരിടാൻ മാത്രം വലുപ്പം എനിക്കുണ്ടോ? ഒരു തൂക്കുകയർ മുകളിൽ കിടന്നാടുന്നത് ഞാൻ കാണുന്നുണ്ട് !!’ ചോദ്യങ്ങൾക്കുള്ളിൽ, ആശങ്കകൾക്കുള്ളിൽ പരിഹാസം ഒളിപ്പിച്ച് ദീപാ നിശാന്തിന്റെ മറുപടി. 

ആര്‍.എസ്.എസ് വിമര്‍ശകരായ ദീപാനിശാന്തിനെതിരെയും ദീപക് ശങ്കരനാരായണനെതിരായ ടി.ജി മോഹന്‍ദാസിന്റെ ആഹ്വാനത്തെ പരിഹസിച്ചായിരുന്നു ദീപാ നിശാന്തിന്റെ കുറിപ്പ്. മാപ്പു ചോദിക്കുന്നെന്നും അദ്ദേഹത്തെപ്പോലൊരാള്‍ക്ക് എന്നോട് ക്ഷമിക്കാന്‍ കഴിയില്ലേ എന്നും ദീപ പരിഹസിക്കുന്നു. ‘ഹിന്ദുക്കളെ കൊല്ലാന്‍ ഞാനാഹ്വാനം നടത്തിയെന്ന പച്ചക്കള്ളം നിങ്ങള്‍ ഉറക്കെയുറക്കെ വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കണം. ഏത് കളവും വിശ്വസിക്കാവുന്ന തരത്തിലുള്ള മനോനിലയുള്ള ഒരു യുക്തിഹീന ജനത അത് വിശ്വസിക്കും. നുണ പ്രചാരണങ്ങളിലൂടെ അവരില്‍ വിദ്വേഷത്തിന്റെ ഉന്മാദം വളര്‍ത്തി നിങ്ങള്‍ മുന്നോട്ടു പോകണം.’ ദീപ ഫെയ്സ്ബുക്കിൽ കുറിക്കുന്നു. 

ഉള്ളിൽ പേടിയുടെ തണുപ്പ് അരിച്ചരിച്ച് കയറുന്നുണ്ട്. ടൈപ്പ് ചെയ്യുമ്പോൾ കൈകൾ വിറയ്ക്കുന്നുണ്ട്... ഇതെഴുതി പൂർത്തീകരിക്കാനാകുമോ എന്നറിയില്ല..പുറത്ത് ഒരു പോലീസ് ജീപ്പിൻ്റെ ഇരമ്പലുണ്ടോ?– അവര്‍ പരിഹസിക്കുന്നു. ഇരുവരുടെയും മേല്‍വിലാസം പരസ്യമാക്കിക്കൊണ്ടായിരുന്നു ടി.‍ജി മോഹൻദാസ് വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി. ഇതിനെ പരിഹസിച്ചുകൊണ്ടാണ് ദീപയുടെ പരിഹാസം. അതേസമയം ദീപാ നിശാന്തിനെതിരെ താന്‍ കേസോ പൊലീസിന് പരാതിയോ ഇതുവരെ കൊടുത്തിട്ടില്ലെന്നും ഇനി കൊടുത്തുകൂടെന്നുമില്ലെന്നും മറ്റൊരു ട്വീറ്റില്‍ ടി.ജി മോഹന്‍ദാസ് പറയുകയും ചെയ്തു. 

കഠ്​വയില്‍ എട്ടുവയസുകാരി ക്രൂര മാനഭംഗത്തിനിരയായി കൊലപ്പെട്ട സംഭവത്തില്‍ ആര്‍.എസ്.എസിനും ബി.ജെ.പിക്കുമതിരെ വിമര്‍ശനവുമായി ദീപാ നിശാന്തും ദീപക് ശങ്കരനാരായണനും നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെ ഇരുവര്‍ക്കുമെതിരെ ട്വിറ്ററില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങളും ഭീഷണികളും ഉണ്ടായിയിരുന്നു. താങ്കളൊരു അധ്യാപികയാണോ എന്ന് പരിഹസിച്ചായിരുന്നു ടി.ജി.മോഹന്‍ദാസിന്‍റെ മറുപടികള്‍. 

ഹിന്ദുക്കളെ കൊല്ലാൻ ഞാനാഹ്വാനം നടത്തിയെന്ന പച്ചക്കള്ളം നിങ്ങൾ ഉറക്കെയുറക്കെ വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കണം. ഏത് കളവും വിശ്വസിക്കാവുന്ന തരത്തിലുള്ള മനോനിലയുള്ള ഒരു യുക്തിഹീനജനത അത് വിശ്വസിക്കും.. നുണപ്രചാരണങ്ങളിലൂടെ അവരിൽ വിദ്വേഷത്തിൻ്റെ ഉന്മാദം വളർത്തി നിങ്ങൾ മുന്നോട്ടു പോകണം.. നിങ്ങളുടെ ജന്മദൗത്യം തന്നെ മതപരമായ വിഭജനമുണ്ടാക്കി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ തകർക്കുക എന്നതായിരുന്നുവല്ലോ... നിങ്ങളുടെ അസഹിഷ്ണുതയ്ക്കെതിരെ സംസാരിക്കുന്ന എല്ലാവരേയും ദേശദ്രോഹികളായി ചിത്രീകരിച്ചാൽ സംഗതി എളുപ്പമാകുമല്ലോ.. അതിലൂടെ ഒരു രാഷ്ട്രത്തിന്‍റെ മതനിരപേക്ഷ സംസ്കാരത്തെ തകർക്കാൻ നിങ്ങൾക്കു കഴിയും- ദീപ നിശാന്ത് എഴുതി.

ആ കുഞ്ഞിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തയാളെ ശ്രദ്ധിക്കണം; ‘കഠ്‌വ’യില്‍ ഞെട്ടിച്ച് സര്‍‌ജന്‍റെ കുറിപ്പ്

MORE IN KERALA
SHOW MORE