‘ക്ഷേത്രത്തില്‍ മാനഭംഗം നടന്നെന്ന് പ്രചരിപ്പിച്ചത് പിണറായി’; കടന്നാക്രമിച്ച് കെ.സുരേന്ദ്രൻ

surendran-pinarayi
SHARE

കഠ്‌വയിൽ എട്ടുവയസുകാരി ക്രൂര ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തി ബിജെപി നേതാവ് കെ. സുരേന്ദ്രൻ രംഗത്ത്. ഇന്ന് സംസ്ഥാനത്ത് നടന്നത് ‘തീവ്രവാദ ഹർത്താലാ’ണെന്ന് ആഞ്ഞടിച്ചതിന് തൊട്ടുപിന്നാലെയാണ് കെ.സുരേന്ദ്രന്റെ കുറ്റപ്പെടുത്തൽ. ഹർത്താലിന്റെ പേരിൽ ഇന്ന് നടന്ന എല്ലാം അക്രമങ്ങൾക്കും ഉത്തരവാദി പിണറായി വിജയനാണെന്നും കശ്മീരിലെ ബലാൽസംഗവും കൊലപാതകവും നടന്നത് ക്ഷേത്രത്തിലാണെന്ന ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന പിണറായി വിജയന്റെ  വ്യാജസന്ദേശമാണ് അക്രമത്തിലേയ്ക്ക് വഴി തെളിയിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു. ബലാത്സംഗവും കൊലപാതകവും നടന്നത് ക്ഷേത്രത്തിലാണെന്നും സംഘപരിവാർ പ്രവർത്തകരാണ് അതിന്റെ പിന്നിലെന്നും കുറ്റപത്രത്തിൽ വിവരമില്ലാതിരിക്കെ മനഃപൂർവ്വം ഇക്കാര്യം ഫെയ്സ്ബുക്ക് പേജിലൂടെ ഈ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് കുറ്റപ്പെടുത്തല്‍. 

മതസ്പർദ്ദ വളർത്തുന്നതും ഇരുവിഭാഗം ജനങ്ങളെ തമ്മിലടിപ്പിക്കുന്നതുമായ വ്യാജപ്രചാരണത്തിനാണ് ഒരു മുഖ്യമന്ത്രി തയ്യാറായത്. സത്യപ്രതിജ്ഞാ ലംഘനമാണ് പിണറായി നടത്തിയത്. ഐ. പി. സി 153(A) അനുസരിച്ചുള്ള ക്രിമിനൽകുറ്റമാണ് പിണറായി വിജയൻ ചെയ്തിട്ടുള്ളതെന്നും കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി.  മതതീവ്രവാദികൾക്ക് പ്രേരണയായത് ഈ പ്രസ്താവനയാണ്. ഈ പാപത്തിൽ നിന്ന് കൈകഴുകാൻ പിണറായി വിജയനാവില്ല. കുട്ടനേയും മുട്ടനേയും തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന കുറുക്കന്റെ സൃഗാലബുദ്ധിയാണ് പിണറായി കാണിച്ചത്. നാലു വോട്ടിനുവേണ്ടി ജനങ്ങളെ കലാപത്തിലേക്കു തള്ളിവിടുന്ന പിണറായി വിജയനു ചരിത്രം മാപ്പുനൽകില്ലെന്നും സുരേന്ദ്രൻ ഓർമ്മപ്പെടുത്തുന്നു. 

കശ്മീര്‍ സംഭവത്തിന്റെ മറവില്‍ സി.പി.എമ്മുകാരുടെ സഹായത്തോടെ മുസ്‌ലിം തീവ്രവാദസംഘടനകള്‍ കേരളത്തില്‍ പലയിടത്തും വര്‍ഗ്ഗീയസംഘര്‍ഷങ്ങളുണ്ടാക്കാന്‍ നീക്കം തുടങ്ങിയെന്നും കെ. സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഇന്ന് പലയിടത്തും അപ്രഖ്യാപിത ഹര്‍ത്താല്‍ നടക്കുകയാണ്. വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്യുന്നു. പച്ചയായ ഹിന്ദുവിരുദ്ധ പ്രചാരണങ്ങളാണ് ഫ്‌ളക്‌സ് ബോര്‍ഡുകളിലും ബാനറുകളിലും പ്രദര്‍ശിപ്പിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.. " മതേതര " പാർട്ടികളിലെല്ലാം എൻ.ഡി.എഫ് നുഴഞ്ഞുകയറിക്കഴിഞ്ഞു എന്ന് വർഷങ്ങൾക്കു മുൻപ് എം.കെ.മുനീർ പറഞ്ഞത് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നു. ഗുരുതരമായ സ്ഥിതിവിശേഷമാണിത്. ഇക്കാര്യം പരിശോധിക്കാൻ ഈ പാർട്ടികൾ തയ്യാറാവണം. ഇന്ന് നാടിനെതിരെ തിരിയുന്നവർ നാളെ സ്വന്തം പാർട്ടിക്കാർക്കെതിരെത്തന്നെ വാളെടുക്കുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും സുരേന്ദ്രൻ താക്കീത് ചെയ്തു.

MORE IN KERALA
SHOW MORE