ഇല്ലാത്ത ഹര്‍ത്താലിന്‍റെ പേരില്‍ അക്രമം; തടയിട്ട് പൊലീസ്; നിരവധിപേര്‍ കസ്റ്റഡിയില്‍

no-harthal-mlp
SHARE

ഹര്‍ത്താല്‍ പ്രഖ്യാപിച്ചെന്ന പേരില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അക്രമം. കാസര്‍കോട്ട് കല്ലേറില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ക് പരുക്കേറ്റു. പാലക്കാട് വാഹനം തടഞ്ഞവരെ പൊലീസ് ലാത്തിവീശി ഓടിച്ചു. പൊലീസിനുേനരെ കല്ലേറുണ്ടായി.  കണ്ണൂരില്‍ 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ മറവില്‍ കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ സംഘം ചേര്‍ന്ന് വാഹനം തടഞ്ഞു. മാത്തോട്ടത്ത് കടകള്‍ അടപ്പിക്കാനുള്ള ശ്രമത്തിനിടെ പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഏഴുപേരെ മാറാട് പൊലീസ് കസ്റ്റഡിയിലെടുത്തു. അടിവാരം, ചെറുവാടി, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ സ്വകാര്യ ബസുകളുടെ ഓട്ടം തടയാന്‍ ശ്രമിച്ചു. പലയിടത്തും ഇരുചക്രവാഹനങ്ങളിലെത്തിയ അപരിചിതരാണ് വാഹനം തടയുന്നതിനും കട അടപ്പിക്കുന്നതിനും ശ്രമം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. തീരദേശമേഖലയില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. 

no-harthal-two

വ്യാജ ഹർത്താൽ ആഹ്വാനത്തെത്തുടർന്ന് മലപ്പുറത്തും മിക്കയിടത്തും വാഹനംതടയലും സംഘർഷവും നടക്കുകയാണ്. തടയുന്നത് കാരണം ദീർഘദൂര കെഎസ്ആർടിസി, സ്വകാര്യ സർവീസുകൾ മാത്രമേ നിരത്തിലുള്ളൂ. കോഴിക്കോട് – മലപ്പുറം – പാലക്കാട് റൂട്ടിൽ രാമപുരം, മക്കരപ്പറമ്പ്, തിരൂർക്കാട് എന്നിവിടങ്ങളിലും കൊണ്ടോട്ടിയിൽ വിവിധ കേന്ദ്രങ്ങളിലും വാഹനം തടയുന്നു. പെരിന്തൽമണ്ണ – പട്ടാമ്പി റൂട്ടിലും ഗതാഗതതടസ്സമുണ്ട്. ഉൾപ്രദേശങ്ങളിൽ കുട്ടികളാണ് വാഹനം തടയുന്നത്.

തിരൂർ മേഖലയിൽ പരക്കെ വാഹനം തടഞ്ഞിട്ടിരിക്കുകയാണ്. മഞ്ചേരി, പെരിന്തൽമണ്ണ നഗരങ്ങളിൽ വാഹനം തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് മഞ്ചേരിയിൽ പ്രകടനം നടത്തി. കോഴിക്കോട് മലപ്പുറം റൂട്ടിൽ കൊണ്ടോട്ടിയിൽ റോഡിൽ ടയർ കത്തിച്ചു. കുറ്റിപ്പുറത്ത് പെട്രോൾ പമ്പുകൾ അടപ്പിച്ചു. വണ്ടൂരിൽ മത്സ്യ–മാംസ മാർക്കറ്റുകൾ അടപ്പിച്ചു. വെട്ടത്തൂർ മണ്ണാർമലയിൽ വാഹനം തടഞ്ഞ 15 പേരെ കസ്റ്റഡിയിലെടുത്തു.  അവധിക്കാലം ആഘോഷിക്കുന്ന കുട്ടികളും വാഹനം തടയാൻ മുൻപിലുണ്ടെന്ന് പൊലീസ് പറയുന്നു.

MORE IN KERALA
SHOW MORE