ഹിറ്റ്ലറെ ആരാധിച്ച് തബല വായിച്ച് കെഎസ്ആര്‍ടിസിയില്‍ തച്ചങ്കരിക്ക് 'ഗൃഹപ്രവേശം'

tomin-thachankary
SHARE

എനിക്ക് ലോകത്ത് ഏറ്റവും ഇഷ്ടമുള്ള നേതാവ് അഡോള്‍ഫ് ഹിറ്റ്ലറാണ്. ഇത് പറഞ്ഞാല്‍ എന്റെ ഭാര്യ പോലും ദേഷ്യപ്പെടും. പക്ഷെ എനിക്ക് ഇഷ്ടം ആ നേതാവിനെയാണ്. ഇക്കാര്യം പറയുന്നത് മറ്റാരുമല്ല, ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരി. കെ.എസ്.ആര്‍.ടി.സിയുടെ പുതിയ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ ശേഷം ജീവനക്കാരോടാണ് തന്റെ ഹീറോ ഹിറ്റ്ലറാണെന്ന് തച്ചങ്കരി പറഞ്ഞത്. 

തന്റെ ജന്‍മദിനം ആഘോഷിക്കണമെന്ന് കേരളത്തിലെ മുഴുവന്‍ മോട്ടോര്‍ വെഹിക്കിള്‍ ഓഫീസിലും സര്‍ക്കുലര്‍ ഇറക്കുകയും ഓഫീസ് സമയത്ത് ഓഫീസില്‍ വച്ച് കേക്ക് മുറിച്ച് ബര്‍ത്ത്ഡേ ആഘോഷിക്കുകയും ചെയ്തതാണ് തച്ചങ്കരിയുടെ ചരിത്രം. ഗതാഗത കമ്മീഷ്ണറായിരുന്നപ്പോഴായിരുന്നു അത്. അത് വിവാദമാവുകയും സ്ഥാനം നഷ്ടപ്പെടുകയുമൊക്കെ ചെയ്തു.

എന്നാല്‍ കെ.എസ്.ആര്‍.ടി.സിയിലേക്കെത്തിയതും പതിവ് രീതികളെല്ലാം മാറ്റിമറിച്ചാണ് ചുമതലയേറ്റെടുത്തത്. ഒഫീസിലെത്തിയതിന്റെ ആദ്യ മണിക്കൂറില്‍ തന്നെ തിരുവനന്തപുരത്തെ പ്രധാന ഓഫീസിലെ ജീവനക്കാരുടെയെല്ലാം യോഗം വിളിച്ചു. യോഗത്തില്‍ സംസാരിച്ച് തുടങ്ങും മുന്‍പ് തബല എടുത്തു. പതുക്കെ താളമിട്ടു. രണ്ട് മിനിറ്റോളം പിന്നെ കെ.എസ്.ആര്‍.ടി.സി ഓഫീസില്‍ തബലയുടെ താളം മാത്രം. ഇത് കേട്ട് എം.ഡിക്ക് എന്തുപറ്റിയെന്ന് ആലോചിച്ചിരുന്ന ജീവനക്കാര്‍ക്ക് മനസിലാക്കാനായി അദേഹം തന്നെ കാര്യം പറഞ്ഞു.

തച്ചങ്കരി പണ്ട് തബല പഠിച്ചിട്ടുണ്ട്. പഠിപ്പിച്ചത് കെ.എസ്.ആര്‍.ടി.സി കണ്ടക്ടറായ ജനാര്‍ദ്ദനന്‍ എന്നയാളാണ്. പെന്‍ഷന്‍ കാശ് പോലും കിട്ടാതെ നട്ടംതിരിയുകയാണ് ഇപ്പോള്‍. ആ തബല മാഷിന്റെ വേദന മനസില്‍ ഓര്‍ത്താണ് കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനം ഏറ്റെടുക്കുന്നത്. അതിന് വേണ്ടി തബല മാഷിനെയും തബലയെയും കൂട്ടിയാണ് തച്ചങ്കരി ചുമതലയേല്‍ക്കാനെത്തിയതും.

തബലയില്‍ തീര്‍ന്നില്ല വിശേഷം, കെ.എസ്.ആര്‍.ടി.സിയെ എത്രയും വേഗം മിന്നല്‍പിണര്‍ പോലെ ലാഭത്തിലേക്ക് കുതിപ്പിക്കുമെന്നാണ് ഉറച്ച വാഗ്ദാനം. അതിനുള്ള വജ്രായുധം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അത് ചിലപ്പോള്‍ ചിലര്‍ക്ക് ദോഷം ചെയ്യും. മറ്റുള്ളവര്‍ക്ക് ഗുണം ചെയ്യും. ഒരു കാര്യം ഉറപ്പ് കെ.എസ്.ആര്‍.ടി.സി ലാഭത്തിലാക്കും.

ഇങ്ങിനെ വജ്രായുധ പ്രസംഗമെല്ലാം കഴിഞ്ഞ് ജീവനക്കാരെ കൊണ്ട് മുദ്രാവാക്യവും വിളിപ്പിച്ചു. ജയ് കെ.എസ്.ആര്‍.ടി.സി... ജയ് കെ.എസ്.ആര്‍.ടി.സി.

ഒടുവില്‍ ഇതെല്ലാം കഴിഞ്ഞിറക്കിയപ്പോള്‍ ഒരു മുതിര്‍ന്ന ജീവനക്കാരന്‍ തമാശരൂപേണ ചോദിച്ചു. സാര്‍ എന്താ ആദ്യ ദിവസം തന്നെ ഇത്ര സീരിയസായി പണി തുടങ്ങിയത്. തച്ചങ്കരി മറുപടി പറഞ്ഞു. മറ്റൊന്നുമല്ല, കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കിയാല്‍ സ്വന്തം ഡിപ്പാര്‍ട്ട്മെന്റായ പൊലീസില്‍ ഒര് ഉന്നത സ്ഥാനം നല്‍കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫര്‍ ഉണ്ട്..!!

MORE IN KERALA
SHOW MORE