ബില്ലിൽ ഞങ്ങൾ ചർച്ചയ്ക്കില്ല; നിങ്ങൾ തീരുമാനിക്കൂ: സർക്കാരിനെ കൈവിട്ട് പ്രതിപക്ഷം

ramesh-chennithala
SHARE

കണ്ണൂര്‍, കരുണ  മെഡിക്കല്‍ പ്രവേശനബില്ലില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന് പ്രതിപക്ഷം. ചര്‍ച്ച  നടത്തുന്നതില്‍ പ്രസക്തിയില്ല. ഇനി എന്തുവേണമെന്ന് സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന്  രമേശ്  ചെന്നിത്തല പറഞ്ഞു. വിഷയം പ്രതിപക്ഷവുമായി ചര്‍ച്ചചെയ്യുമെന്ന മന്ത്രി എ.കെ.ബാലന്റെ പ്രസ്താവനയോടായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

ഗവർണറും കൈവിട്ടു

വിവാദ മെഡിക്കല്‍ബില്ല് ഒപ്പിടാന്‍ഗവര്‍ണ്ണര്‍ വിസ്സമ്മതിച്ചത് സര്‍ക്കാരിനും പ്രതിപക്ഷത്തിനും ഒരുപോലെ തിരിച്ചടിയായിരുന്നു. ഏകകണ്ഠമായി നിയമസഭ പാസാക്കിയ ബില്ലാണ് ഗവര്‍ണ്ണര്‍തടഞ്ഞത്. കണ്ണൂര്‍, കരുണ മെഡിക്കല്‍കോളജുകളിലെ മെറിറ്റ് അട്ടിമറിച്ചുകൊണ്ട് , തലവരിപ്പണം വാങ്ങി നടത്തിയ പ്രവേശനം ക്രമവത്ക്കരിക്കാനാണ് ഒാര്‍ഡിനന്‍സും പിന്നീട് ബില്ലും സര്‍ക്കാര്‍ കൊണ്ടുവന്നത്. 

ബില്‍ ഭരണഘടനാവിരുദ്ധമായതിനാലും സുപ്രീം കോടതി നിശിത വിമര്‍ശനം ഉന്നയിച്ചതിനാലുമാണ് ഗവര്‍ണ്ണര്‍ അംഗീകാരം നല്‍കാത്തത്. പ്രവേശനം റദ്ദാക്കിയ കോടതി ഉത്തരവ് മറികടക്കാന്‍നിയമം കൊണ്ടുവരികയാണോ എന്ന സുപ്രീം കോടതിയുടെ ചോദ്യവും ഗവര്‍ണ്ണര്‍ക്കുമുന്നിലുണ്ടായിരുന്നു. മാത്രമല്ല ആരോഗ്യവകുപ്പ് അഡിഷണല്‍ചീഫ് സെക്രട്ടറിയുടെയും നിയമ സെക്രട്ടറിയുടെയും ബില്ലിനോടുള്ള വിയോജനകുറിപ്പുകളും ഗവര്‍ണ്ണര്‍ പരിഗണിച്ചു. കോടതി അലക്ഷ്യം വന്നാല്‍ സര്‍ക്കാര്‍പ്രതിക്കൂട്ടിലാവില്ലെ എന്ന ആശങ്കയാണ് ആരോഗ്യവകുപ്പ് സെക്രട്ടറി മുന്നോട്ട് വെച്ചത്. ഗവര്‍ണ്ണരുടെ തീരുമാനം ഭരണഘടനാപരമാണെന്നായിരുന്നു നിയമമന്ത്രിയുടെ പ്രതികരണം. ബില്ലുമായിമുന്നോട്ട് പോകണമെന്ന് സര്‍ക്കാര്‍വാശിപിടിക്കില്ലെന്നും സുപ്രീം കോടതി വിധിവരെ കാത്തിരിക്കുമെന്നും സൂചന നല്‍കുന്നതാണ് മന്ത്രിയുടെ വാക്കുകള്‍ . 

നിയമവിരുദ്ധമായ ബില്ലിന് നിരുപാധികം പിന്തുണ നല്‍കിയ പ്രതിപക്ഷവും വെട്ടിലായി. മെറിറ്റുള്ള ഏതാനും കുട്ടികളെ മുന്നില്‍നിറുത്തി സ്വാശ്രയ കൊള്ളക്ക് കൂട്ടു നിന്നു എന്ന പഴി സര്‍ക്കാരിനൊപ്പം പ്രതിപക്ഷവും കേള്‍ക്കേണ്ടിവരും. സുപ്രീംകോടതി വിധിവരും വരെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇനിഒരു നടപടിയും കൈക്കൊള്ളാനാകില്ല. 

ബില്ലിൽ കോടികളുടെ അഴിമതി: ബെന്നി ബെഹനാന്

കണ്ണൂര്‍, കരുണ ബില്‍ പാസാക്കിയതിനുപിന്നില്‍ കോടികളുടെ അഴിമതിയുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍. യുഡിഎഫ് കൂടി പിന്തുണച്ച നിയമത്തെക്കുറിച്ചാണ് അഴിമതി ആരോപണം. ബില്ലിന് പിന്നില്‍ അഴിമതിയുണ്ടെന്നുകരുതുന്നില്ലെന്നും വിവാദം അനാവശ്യമാണെന്നും കെ.മുരളീധരന്‍ തിരിച്ചടിച്ചു.  അതേസമയം ഗവര്‍ണര്‍ തടഞ്ഞ ബില്ലില്‍ തിടുക്കത്തില്‍ തുടര്‍നടപടി വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.

കണ്ണൂര്‍, കരുണ ബില്‍ ഗവര്‍ണര്‍ തടഞ്ഞതോടെ സര്‍ക്കാരും പ്രതിപക്ഷവും ഒരു പോലെ പ്രതിസന്ധിയിലായി. ബില്ല് പാസാക്കിയതിനുപിന്നില്‍ കോടിക്കണക്കിനുരൂപയുടെ അഴിമതിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി  ബെഹനാന്‍ തുറന്നടിച്ചു. പിണറായി സര്‍ക്കാരിലെ ഉന്നതരുടെ അറിവോടെ നടന്ന അഴിമതിയക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും ബെന്നി ആവശ്യപ്പെട്ടു. ബില്ലിനെ യു.ഡി.എഫ് പിന്തുണച്ചതിനെ എതിര്‍ത്തതിന് പിന്നാലെയാണ് കൂടുതല്‍ കടുത്ത ആരോപണം ബെന്നി ബെഹനാന്‍ ഉന്നയിച്ചത്. എന്നാല്‍ ബെന്നി ബെഹനാന്‍റെ ആരോപണങ്ങളെ കെ.മുരളീധരന്‍ തള്ളി. 

ബില്‍ ഗവര്‍ണര്‍ മടക്കിയതിനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുമേല്‍ കെട്ടിയേല്‍പിച്ച് പ്രതിപക്ഷത്തിന് കൈ കഴുകാനാവില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.

അതേസമയം ബില്ലിന്റെ കാര്യത്തില്‍ തിടുക്കപ്പെട്ട് തുടര്‍നടപടിവേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിപക്ഷവുമായി ആലോചിച്ച ശേഷം മാത്രമേ ഇനി തീരുമാനമുണ്ടാകൂ. കേസില്‍ സുപ്രീംകോടതിയുടെ തീര്‍പ്പറിഞ്ഞതിനുശേഷം കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടെടുക്കും. 

MORE IN BREAKING NEWS
SHOW MORE