വിവരാവകാശ കമ്മിഷൻ നിയമനപട്ടിക വിവാദത്തിൽ

election-commisionj
SHARE

സജീവ രാഷ്ട്രീയ പ്രവർത്തകരെയടക്കം ഉൾപ്പെടുത്തി തയാറാക്കിയ വിവരാവകാശ കമ്മിഷൻ നിയമനപട്ടിക വിവാദത്തിൽ. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വിയോജിപ്പോടെ തയാറാക്കിയ പട്ടികയിൽ സി.പി.എമ്മിന് താൽപര്യമുള്ളവരെ മാത്രമാണ് പരിഗണിച്ചത്. തങ്ങളുടെ നോമിനികളെ പരിഗണിക്കാത്തതിൽ സി.പി.ഐയും കടുത്ത അതൃപ്തിയിലാണ്. 

സി.പി.എം പാളയം ഏരിയാ സെക്രട്ടറിയായിരുന്ന എ.എ.റഷീദ്, എയ്ഡഡ് കോളജുകളിലെ അധ്യാപകരുടെ സി.പി.എം അനുകൂല സംഘടനാ നേതാവായ പ്രൊഫസർ ജി.വിവേകാനന്ദൻ, വി.എസ്.അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറി കെ.വി.സുധാകരൻ എന്നിവരെ വിവരാവകാശ കമ്മിഷൻ അംഗങ്ങളാക്കാനുള്ള നീക്കമാണ് വിവാദമായിരിക്കുന്നത്. കീഴ്്വഴക്കങ്ങൾ മറികടന്നു സജീവരാഷ്ട്രീയ പ്രവർത്തകരെ വിവരാവകാശ കമ്മിഷനിൽ എത്തിക്കുന്നുവെന്നാണ് ആക്ഷേപം. പൊതുഭരണ അഡീഷണൽ സെക്രട്ടറി എസ്.ശ്രീലത, എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ സെക്രട്ടറി സോമനാഥ പിള്ള എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മറ്റുരണ്ടുപേർ. 

മുഖ്യമന്ത്രി പിണറായി വിജയൻ, നിയമന്ത്രി എ.കെ.ബാലൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരടങ്ങിയ ഉന്നതതല സമിതിയാണ് പുതിയ അംഗങ്ങളെ നിശ്ചയിച്ചത്. ചെന്നിത്തലയുടെ വിയോജിപ്പോടുകൂടിയായിരുന്നു യോഗതീരുമാനം. റവന്യൂമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.സാജു ഉൾപ്പെട സി.പി.ഐ മുന്നോട്ടുവെച്ച പേരുകളും വെട്ടിനിരത്തപ്പെട്ടു. അടുത്തമന്ത്രിസഭാ യോഗം പട്ടികക്ക് അംഗീകാരം നൽകി ഗവർണർക്കു കൈമാറും. കഴിഞ്ഞ സർക്കാർ നൽകിയ പട്ടിക സജീവരാഷ്ട്രീയക്കാരെ ശുപാർശ ചെയ്തുവെന്ന പേരിൽ ഗവർണർ തള്ളിയിരുന്നു. തുടർന്ന് രണ്ടുവർഷമായി മുഖ്യവിവരാവകാശ കമ്മിഷണർ മാത്രമാണ് സംസ്ഥാന വിവരാവകാശ കമ്മിഷനിൽ ഉണ്ടായിരുന്നത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പിണറായി സർക്കാർ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കാൻ നടപടി ആരംഭിക്കുകയായിരുന്നു. 192 അപേക്ഷകരിൽ നിന്നാണ് പുതിയ പട്ടിക തയാറാക്കിയിരിക്കുന്നത്.

MORE IN KERALA
SHOW MORE