കീഴാറ്റൂര്‍ സമരം; പോരാട്ടം കടുപ്പിച്ച് സിപിഎമ്മും വയല്‍ക്കിളികളും

vayal-kilikal-t
SHARE

കീഴാറ്റൂര്‍ സമരം സിപിഎമ്മും വയല്‍ക്കിളികളും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമാകുന്നു. ഞായറാഴ്ച വയല്‍ക്കിളികള്‍ ദേശീയപാത സര്‍വേയ്ക്കെതിരെ രണ്ടാംഘട്ടസമരം തുടങ്ങാനാരിക്കേ ശനിയാഴ്ച സിപിഎം ബദല്‍ ബഹുജനസമരം പ്രഖ്യാപിച്ചു. വയല്‍ക്കിളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ബിജെപിയും എഐവൈഎഫും രംഗത്തുവന്നതോടെ സ്ഥിതി വീണ്ടും സങ്കീര്‍ണമായി.  

സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചുവലിച്ചെറിഞ്ഞ സമരപ്പന്തല്‍ പുനസ്ഥാപിച്ച് പൂര്‍വാധികം ശക്തമായി സമരം തുടരാനാണ് വയല്‍ക്കിളികളുടെ തീരുമാനം. ഇതിനുവേണ്ടി സമരത്തെ പിന്തുണയ്ക്കുന്നവരെ അണിനിരത്തി തളിപ്പറമ്പില്‍ നിന്ന് കീഴാറ്റൂരേക്ക് പ്രകടനം നടത്തും. 

എന്നാല്‍ ഇതിനെ സര്‍വശക്തിയും ഉപയോഗിച്ച് ചെറുക്കാനാണ് സിപിഎം നീക്കം. പുറത്തുനിന്നെത്തുന്നവരെ തടയാന്‍ കാവല്‍ സമരം എന്ന പേരില്‍ സിപിഎം പ്രവര്‍ത്തകരേയും അനുഭാവികളേയും അണിനിരത്തും. ബൈപാസിനുവേണ്ടി സ്ഥലം വിട്ടുകൊടുത്തവരേയും പങ്കെടുപ്പിക്കും. വയല്‍ക്കിളികള്‍ സമരപ്പന്തല്‍ കെട്ടിയാല്‍ കാവല്‍ സമരപ്പന്തലും നിര്‍മിക്കും.

ഇരുവിഭാഗവും നിലപാട് കടുപ്പിച്ചതോടെ സംഘര്‍ഷസാധ്യതയെക്കുറിച്ചും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. അതിനിടെ സിപിഐ യുവജനസംഘടനയുടെ സംസ്ഥാനനേതാക്കള്‍ കീഴാറ്റൂരിലെത്തി വയല്‍ക്കിളി പ്രവര്‍ത്തകര്‍ക്ക് പിന്തുണ അറിയിച്ചു. ബിജെപിയും വയല്‍ക്കിളികളെ പിന്തുണച്ച് രംഗത്തുവന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ രണ്ടാംതീയതി കീഴാറ്റൂരില്‍ നിന്ന് കണ്ണൂരിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തും.

കീഴാറ്റൂര്‍ സമരത്തില്‍ എല്‍ഡിഎഫിലും പുറത്തും ഒരുപോലെ സമ്മര്‍ദത്തിലായ സിപിഎമ്മിനും സര്‍ക്കാരിനും പുതിയ നീക്കങ്ങള്‍ കൂടുതല്‍ തലവേദന സൃഷ്ടിക്കും. 

MORE IN KERALA
SHOW MORE