തന്ത്രത്തിന് മറുതന്ത്രം; എന്‍സിപിയില്‍ ചാണ്ടി–ശശീന്ദ്രന്‍ പോര്

chandy-sasindran-t
SHARE

എൻസിപി കേരള ഘടകത്തിൽ സമ്പൂർണ ആധിപത്യം സ്ഥാപിക്കാനുള്ള എ.കെ.ശശീന്ദ്രൻ പക്ഷത്തിന്റെ നീക്കത്തിനെതിരെ തോമസ് ചാണ്ടി വിഭാഗത്തിന്റെ പടയൊരുക്കം. പാർട്ടി പിടിച്ചടക്കാനുള്ള ശശീന്ദ്രൻ പക്ഷത്തിന്റെ തന്ത്രങ്ങൾക്ക് മറുതന്ത്രം മെനയാൻ തോമസ് ചാണ്ടി വിഭാഗം കൊച്ചിയിൽ യോഗം ചേർന്നു. ഫോൺകെണി വിവാദം ഉൾപ്പെടെയുള്ളവ ഉയർത്തി ശശീന്ദ്രൻ പക്ഷത്തെ പ്രതിരോധിക്കാനാണ് തോമസ് ചാണ്ടി വിഭാഗത്തിന്റെ നീക്കം.

മന്ത്രിസ്ഥാനവും എൻസിപി സംസ്ഥാന അധ്യക്ഷപദവിയും ശശീന്ദ്രൻ പക്ഷത്തിന് വിട്ടുനൽകാനാവില്ലെന്ന ഉറച്ച നിലപാടിലാണ് തോമസ് ചാണ്ടി വിഭാഗം. സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പ് മാറ്റിവച്ചതും തോമസ് ചാണ്ടി വിഭാഗം കേന്ദ്രനേതാക്കളെ കണ്ട് എതിർപ്പറിയച്ചതിനെത്തുടർന്നാണ്. ഇതിലെ പ്രതിഷേധം ശശീന്ദ്രൻ വിഭാഗം ടി.പി.പീതാംബരന്റെയടുത്ത് രൂക്ഷമായ രീതിയിൽ പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് ശശീന്ദ്രൻ പക്ഷത്തെ നേരിടാനുള്ള തന്ത്രങ്ങൾക്ക് രൂപം നൽകാൻ തോമസ് ചാണ്ടി വിഭാഗം കൊച്ചിയിൽ പ്രത്യേക യോഗം ചേർന്നത്. പാർട്ടിപ്രവർത്തകരിൽ 20 ശതമാനം പേർക്കു മാത്രമേ മെംബർഷിപ്പ് കൊടുത്തുള്ളൂവെന്നും, താഴേത്തട്ടിൽ നടന്ന തിരഞ്ഞെടുപ്പ് ശശീന്ദ്രൻ പക്ഷം അട്ടിമറിച്ചുവെന്നും തോമസ് ചാണ്ടി വിഭാഗം ആരോപിക്കുന്നു. ശശീന്ദ്രൻ പക്ഷത്തെ പ്രതിരോധിക്കാൻ ഫോൺകെണി വിവാദത്തില്‍ പാർട്ടി അന്വേഷണം വേണമെന്ന ആവശ്യം വീണ്ടും ഉയർത്തും.

ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കം പരിഹരിച്ചശേഷമേ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കൂവെന്ന് നിലവിൽ സംസ്ഥാന അധ്യക്ഷന്റെ ചുമതല വഹിക്കുന്ന ടി.പി. പീതാംബരൻ പറയുന്നു.

താഴേത്തട്ടിലെ തിരഞ്ഞെടുപ്പുകളെക്കുറിച്ച്  തോമസ് ചാണ്ടി വിഭാഗം ഉന്നയിച്ച പരാതികളും തനിക്കുനേരെ ശശീന്ദ്രൻ പക്ഷക്കാർ കഴിഞ്ഞദിവസം നടത്തിയ രോഷപ്രകടനവും കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്ന് പീതാംബരൻ അറിയിച്ചു.

MORE IN KERALA
SHOW MORE