നിങ്ങളാ സമരപ്പന്തല്‍ കത്തിച്ചു; എന്നിട്ട് നുണകളുടെ പന്തലുയര്‍ത്തി..!

keezhatoor-case-t
SHARE

കീഴാറ്റൂരിലെ സമരക്കാര്‍ മുന്നോട്ടുവക്കുന്ന മുദ്രാവാക്യം എന്താണ്. ഭരണകൂടത്തിനും പാര്‍ട്ടിക്കും  ഉത്തരം ഒന്നേയുള്ളൂ. കീഴാറ്റൂരുകാര്‍ കൈ ഉയര്‍ത്തുന്നത് ദേശീയപാതയ്ക്കെതിരെയാണ്. ആ കണ്ണടയിലൂടെ മാത്രമാണ് അവര്‍  കീഴാറ്റൂരിലേക്ക് നോക്കുന്നത്. പറയാതെ വയ്യ, സഖാക്കളേ നിങ്ങള്‍ കീഴാറ്റൂരിനെ കേള്‍ക്കേണ്ടത് അങ്ങനെയല്ല. ആ പോരാട്ടം കേവലം സര്‍ക്കാരെടുത്തുപോകുന്ന സ്വന്തം മണ്ണിനുവേണ്ടിയല്ല. അത് നമ്മളെല്ലാം ചുവടുറപ്പിച്ച മണ്ണിനുകൂടി വേണ്ടിയാണ്. അതുകൊണ്ടുതന്നെ ഉറക്കെപ്പറയട്ടെ വയലില്‍ ബൂട്ടിട്ട പൊലീസുകാരെ കാണുന്നത് കൊടിയില്‍ കൊയ്ത്തരിവാളുള്ള കൂട്ടരുടെ അധികാരകാലത്ത് തീര്‍ത്തും സങ്കടകരമാണ്. ഒപ്പം മറ്റൊന്നുകൂടി, മണ്ണിനായി ചിറകിട്ടടിക്കുന്ന വയല്‍ക്കിളികളെ തീവെച്ച് ഓടിക്കാന്‍ നിങ്ങള്‍ തന്നെ പാടത്തിറങ്ങുന്നതിന് ഒരു ന്യായവും മതിയാകില്ല.  

ത്രിപുര ആടിയുലഞ്ഞ രാത്രി കെട്ടുപോയ ഇടതുപക്ഷത്തിന്റെ പ്രതീക്ഷകളെ തീപന്തമാക്കി തിരികെകൊണ്ടുവന്നത് ഈ മനുഷ്യരായിരുന്നു. മഹാരാഷ്ട്രയിലെ നാസിക്കിലെ കര്‍ഷകര്‍. സമാനതകളില്ലാത്ത സമരവീര്യത്തിന്റെ വിജയവും വലിയ പ്രചോദനം തന്നെയാണ്.  എന്നാല്‍ അതേ കൊടിയേന്തിയ ഒരു കൂട്ടത്തെ അതേ കൊടിയേന്തിയ ഒരു ഭരണകൂടം, അഥവാ ഇന്ത്യയില്‍ ശേഷിക്കുന്ന ഏക കമ്മ്യൂണിസ്റ്റ് ഭരണകൂടം,  ഇവിടെ എങ്ങനെയാണ് നേരിടുന്നത്. ബൈപാസ് നിര്‍മാണത്തിന് തങ്ങള്‍ക്ക് വെള്ളവും ചോറും തരുന്ന വയല്‍ വിട്ടുതരില്ലെന്ന് പറഞ്ഞ് സമരമിരുന്ന കര്‍ഷകരോട് ഈ സര്‍ക്കാര്‍ കാട്ടുന്ന സമീപനം എന്താണ്.  ഭരണകൂടത്തിന്റെ ആശയവാഹകരല്ലാത്തവരുടെ മേല്‍ ചാര്‍ത്തി നല്‍കുന്ന ചാപ്പ തന്നെയാണ് പിണറായി വിജയനും കൂട്ടരും കീഴാറ്റൂരിന് നല്‍കുന്നത്. വികസനവിരുദ്ധര്‍.  ഒപ്പമില്ല സര്‍ക്കാരേ എന്നുച്ചത്തില്‍ പറഞ്ഞാല്‍ മുതുകത്ത് വികസനവിരുദ്ധന്റെ  മാത്രമല്ല മാവോയ്സ്റ്റിന്റെ മുദ്രകൂടി കിട്ടും. 

keezhatoor-strike

ത്രിപുരയിലെ ആള്‍ക്കൂട്ടത്തെ കണ്ട്  കനലൊരുതരിമതിയെന്ന  കാല്‍പനിക ചുവരെഴുത്തുകളില്‍ അഭിരമിച്ചവര്‍ ഒന്നും തന്നെ കീഴാറ്റൂരില്‍ സഖാക്കള്‍ കത്തിച്ച് തോട്ടിലെറിഞ്ഞ സമരപ്പന്തല്‍ കണ്ടിട്ടില്ല. കണ്ട സൈബര്‍ സഖാക്കള്‍ പലരും നെല്‍വയല്‍ നികത്താതെ എന്ത് റോഡുവികസനമെന്നും സഞ്ചാരത്തിന് സൗകര്യപ്പെട്ട റോഡുകള്‍ വേണ്ടേ എന്നും ചോദിച്ചിറങ്ങിയിട്ടുണ്ട്. അതും ഒരു വലിയ  

ജീവല്‍പ്രശ്നമല്ലേ എന്നുമെല്ലാം ചോദ്യങ്ങള്‍ പലതുമുയരുന്നു. അവരെ ഒന്നുമാത്രം ഓര്‍മിപ്പിക്കട്ടെ. പണവും പ്രതാപവും അണികളും ആള്‍ബലവുമെല്ലാമുള്ളവനായി  റോഡുകള്‍ ഒരുപാട് ഒരുപാട് വഴിമാറി ഒഴുകിയ നാടാണിത്.   

കീഴാറ്റൂര്‍ സമരമെന്തെന്നും സമരക്കാരുടെ ആവശ്യമെന്തെന്നും സര്‍ക്കാര്‍ നിലപാടെന്തെന്നും നമ്മള്‍ ഒരുപാട് പറഞ്ഞുകഴിഞ്ഞതാണ്. അത് കുട്ടികള്‍ക്ക് വരെയറിയാമെന്നതിനാല്‍ ആവര്‍ത്തിക്കുന്നില്ല. അതിനാല്‍ പുതിയ നുണപ്രചാരണങ്ങളെ പൊളിക്കാം.  

keezhatoor-strike-t

സമരം, ഭൂമി ഏറ്റെടുക്കുന്നതിനെതിരെയാണെന്നത് അടിസ്ഥാനരഹിതമാണ്. അത് കേവലം കൈവിട്ടുപോകുന്ന സ്വത്തിനപ്പുറം കൈവിട്ടുപോകുന്ന സ്വച്ഛതക്കും സന്തുലിതാവസ്ഥക്കും വേണ്ടിയാണ്. കീഴാറ്റൂരില്ല കുടിവെള്ള ക്യൂവിലേക്ക് എന്നതാണ് ആദ്യ മുദ്രാവാക്യം.  പിന്നെ ദേശീയ പാത അതോറിറ്റിയുടെ കണക്കില്‍ ഇരുപത്തിയഞ്ചേക്കറല്ലേ ഉള്ളൂ,   ബാക്കി വയലില്‍ വിത്തെറിഞ്ഞൂടേ വിളവെടുത്തൂടേയെന്ന ചോദ്യങ്ങളുമുണ്ട്. പാടശേഖരം നെടുകെ പിളര്‍ന്ന് ഒരു പാതപോയാലും നീരൊഴുക്കും അരുവികളുമെല്ലാം നിലനില്‍ക്കുന്ന വാദത്തിനെ തൊഴുതുനമസ്കരിക്കാനേ ആകൂ. എല്ലാം കടന്ന് കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണിക്ക് വേണ്ട നന്ദിഗ്രാമൊരുക്കാനുള്ള ഗൂഢാലോചനയാണ് കീഴാറ്റൂരെന്ന മുറവിളികളുമുണ്ട്.    അവരെ ഒന്നുമാത്രം ഓര്‍മിപ്പിക്കാം, തൊണ്ണൂറ്റിയൊമ്പത് ശതമാനവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റിന്റെ അനുയായികളോ, അംഗങ്ങളോ ആയ ഒരു പാര്‍ട്ടിഗ്രാമത്തിനാണ് ഒറ്റുകാരുടെ തൊപ്പി ചാര്‍ത്തുന്നത്.    

ഒപ്പം പരിസ്ഥിതിക്കും അതിജീവനത്തിനും വേണ്ടിയുളള സമരങ്ങളെ പരിസ്ഥിതിതീവ്രവാദം എന്ന് ലേബലൊട്ടിച്ച് അധിക്ഷേപിക്കുന്ന ഈ ഇടതുപക്ഷം തന്നെയാണ് വയല്‍ നികത്തലിന് എതിരെ ദേശീയതലത്തില്‍ നിയമം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങിയതെന്നും ഓര്‍മിപ്പിക്കട്ടെ. തീരുന്നില്ല ഭൂമി വിട്ടുകൊടുത്തവരുടെ പട്ടിക ഉയര്‍ത്തിപിടിച്ചും പ്രതിരോധമുയരുന്നുണ്ട്. എതിരുനില്‍ക്കുന്നത് ഒറ്റമനുഷ്യനാകട്ടെ അയാള്‍ ഒച്ചവക്കുന്നത് ഒരു നന്മക്കുവേണ്ടിയാണെങ്കില്‍ അയാളേയും ഒപ്പം നിര്‍ത്തുന്നതുവരെ സര്‍ക്കാര്‍ സാവകാശം കാട്ടുകതന്നെ വേണം. അതല്ല ഞങ്ങളുടെ വായനശാലയില്‍ നിങ്ങളുടെ സമരക്കാര്‍ കൊഴിഞ്ഞുവരുന്നുണ്ടെന്ന ഹുങ്ക് പറച്ചിലാകരുത് അതിനുള്ള മറുപടി. 

വികസനത്തിന്റെ പേരില്‍ എത്ര വിഴുങ്ങിയാലും വിശപ്പുമാറാത്തവരോട് ഇനിയെങ്കിലും വിവേകമാകൂവെന്ന വെളിപാടോതുക കൂടിയാണ് കീഴാറ്റൂരുകാര്‍. പരിസ്ഥിതി ദിനം കുഴികുത്തി മരം നട്ട് ചിരി തന്നുപോയി ഇജ്ജാതി വികസനവുമായി വരരുത്. വികസനം വേണ്ടന്നല്ല സര്‍,  ഗതാഗതക്കുരുക്ക് വലിയ ബുദ്ധിമുട്ട് തന്നെയാണ്. പക്ഷേ അതിന് മറുപടി നാടിന്റെ നെഞ്ചുകീറിയാകരുത്. നിര്‍ത്തുംമുന്‍പ് സമരങ്ങളോട് ഈ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിഷേധാത്മകതകൂടി പറഞ്ഞേ മതിയാകൂ. സമരങ്ങളെയെല്ലാം സംശയമുനയില്‍ നിര്‍ത്തുന്ന ഈ പതിവുതിരക്കഥ കുടഞ്ഞുകളയാന്‍ സമരങ്ങളിലൂടെ വളര്‍ന്ന പ്രസ്ഥാനത്തെ ആരാണ് പഠിപ്പിക്കുക..? നമ്മുടെ മണ്ണിനെയോര്‍‍‍ത്താല്‍, പച്ചപ്പിനെയോര്‍ത്താല്‍, ഈ ഭരണകൂട വികസന തീവ്രദികളെക്കാള്‍ നല്ലത് ഈ വികസന വിരുദ്ധര്‍ തന്നെ. അത്രമാത്രം.  

MORE IN KERALA
SHOW MORE