സര്‍ക്കാര്‍ ചെലവില്‍ കാഴ്ച വർദ്ധിപ്പിച്ചതിൽ കെ.ദാസനും പുരുഷൻ കടലുണ്ടിയും മുന്നിൽ

eye-expence-t
SHARE

രണ്ടുവര്‍ഷത്തിനിടെ സര്‍ക്കാര്‍ ചെലവില്‍ കണ്ണിന് ഏറ്റവും നന്നായി കാഴ്ച കൂട്ടിയത് കെ.ദാസനും പുരുഷന്‍ കടലുണ്ടിയും. കെ.ദാസന്‍ എം.എല്‍.എ വച്ചിരിക്കുന്നത് 65000 രൂപയുടെ കണ്ണടയാണെങ്കില്‍ പുരുഷന്‍ കടലുണ്ടിയുടെ കണ്ണടയുടെ വില 52000 രൂപയാണ്. മുന്‍ എം.എല്‍.എ ടി.എച്ച് മുസ്തഫയുടെ ശബ്ദവും ഉറക്കവും സര്‍ക്കാര്‍ ചെലവില്‍ തന്നെ. എന്നാല്‍ ഏഴുവര്‍ഷത്തിനിടെ സര്‍ക്കാരിന്റ ഒരു ചികില്‍സ ആനുകൂല്യവും പറ്റാതെ ജീവിക്കുന്ന മുന്‍എം.എല്‍.എമാരും ഉണ്ട്.   

കണ്ണുണ്ടെങ്കിലേ കാര്യമുളളുവെന്ന് കണ്ടതുകൊണ്ടാകണം രണ്ടുവര്‍ഷത്തിനിടെ 20 എം.എല്‍.എമാരാണ് സര്‍ക്കാര്‍ ചെലവില്‍ കാഴ്ച കൂട്ടിയത്. നിയമസഭയില്‍ 49000 രൂപയുടെ കണ്ണടയിലൂടെയാണ് സ്പീക്കര്‍ കെ.ദാസനേയും പുരുഷന്‍ കടലുണ്ടിയേയും കാണുന്നതെങ്കില്‍  അരലക്ഷത്തിലധികം രൂപയുടെ കണ്ണടയിലൂടെയാണ് ഇരുവരും സ്പീക്കറെ കാണുന്നത്. ചിറ്റയം ഗോപകുമാര്‍ 48000 രൂപയ്ക്കും കോവൂര്‍ കുഞ്ഞുമോന്‍ 44000 രൂപയ്ക്കും വാങ്ങി ഒാരോ കണ്ണടകള്‍. ചെറുപ്പമാണന്ന് പറഞ്ഞിട്ട് കാര്യമില്ല എല്‍ദോസ് കുന്നപ്പള്ളിയ്ക്കുമുണ്ട് സര്‍ക്കാര്‍ ചെലവില്‍ 26472 രൂപയുടെ കണ്ണാടി. അയ്യായിരം രൂപ മാത്രം ചെലവാക്കിയ െഎ.സി.ബാലകൃഷ്ണനാണ് ഇക്കൂട്ടത്തില്‍ മിതവാദി. മുന്‍ എം.എല്‍.എമാരില്‍ 19 പേര്‍ കണ്ണടയും ആറുേപര്‍ ശ്രവണസഹായിയും വാങ്ങിയിട്ടുണ്ടെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. 

ടി.എച്ച് മുസ്തഫയുടെ ശബ്ദവും ഉറക്കവും സര്‍ക്കാര്‍ ചെലവിലാണന്ന് പറയുന്നത് മറ്റൊന്നുകൊണ്ടുമല്ല, 55000 രൂപയുടെ ശ്രവണസഹായി വാങ്ങിയ ‌‌‍‌മുസ്തഫ 65000 രൂപയാണ് സ്ലീപ്പിങ് മെഷീനായി ഈടാക്കിയിരിക്കുന്നത്. എന്നാല്‍ വയസ് 99 കഴിഞ്ഞെങ്കിലും ഏഴുവര്‍ഷമായി ഒരു പൈസപോലും വാങ്ങിയിട്ടില്ല കെ.ആര്‍ ഗൗരിയമ്മ പി.കെ.കെ ബാവ, കെ.വി കു‍ഞ്ഞിരാമന്‍ തുടങ്ങി 59 പേരുണ്ട് ഇങ്ങനെ മാതൃകയായവര്‍.

MORE IN KERALA
SHOW MORE