ആരും പിന്നിലല്ല; മുന്‍ എം.എല്‍.എമാരുടെ ഫണ്ട് 'ദുർവിനിയോഗം', കണക്കുകൾ ഇതാ..

mla
SHARE

മന്ത്രിമാരേയും എം.എല്‍.എമാരേയും പോലെ ചികില്‍സയുടെ പേരില്‍ സര്‍ക്കാര്‍ഫണ്ട് വിനിയോഗിക്കുന്നതില്‍ ഒട്ടും പിന്നിലല്ല ചില മുന്‍ എം.എല്‍.എമാര്‍. ഇന്‍സുലിന്‍ പമ്പ് വാങ്ങാന്‍ വൈക്കം വിശ്വന്‍  നാലുലക്ഷം രൂപ കൈപ്പറ്റിയപ്പോള്‍ സ്ലീപ്പിങ്  മെഷീനിനായി പുനലൂര്‍ മധു എഴുതിയെടുത്തത് ഒരുലക്ഷത്തി നാലുരൂപ. എന്നാല്‍ ഏഴുവര്‍ഷത്തിനിടെ ഒരു പൈസപോലും ഏഴുതിയെടുക്കാത്ത മുന്‍എം.എല്‍.എമാരും ഉണ്ട്.   

വയസ് 99 കഴിഞ്ഞെങ്കിലും ഏഴുവര്‍ഷമായി ഒരു പൈസപോലും കെ.ആര്‍ ഗൗരിയമ്മ ചികില്‍സ സഹായം കൈപ്പറ്റിയിട്ടില്ല. പി.കെ.കെ ബാവ, കെ.വി കു‍ഞ്ഞിരാമന്‍ തുടങ്ങി 59 പേരുണ്ട് ഇതുപോലെ മാതൃകയായവര്‍. എന്നാല്‍ എല്ലാവരും അങ്ങനെയല്ല. കെ.കുഞ്ഞിരാമന്റ ശ്രവണസഹായിയുടെ വില ഒന്നേകാല്‍ ലക്ഷം. തെന്നല ബാലകൃഷ്ണപിള്ള 66000 രൂപയും പി.നാരായണന്‍ 56000 രൂപയും ഈയിനത്തില്‍ എഴുതിയെടുത്തു. 55000 രൂപയുടെ  ശ്രവണസഹായി വാങ്ങിയ ‌‌‍‌മുസ്തഫ 65000 രൂപ സ്ലീപ്പിങ് മെഷീനായും ഈടാക്കി. 

ഈയിനത്തില്‍ ഒരുലക്ഷത്തി നാലായിരം രൂപ വാങ്ങിയ പുനലൂര്‍ മധുവാണ് മുന്നില്‍. വൈക്കം വിശ്വന്‍ ഇന്‍സുലിന്‍ പമ്പ് വാങ്ങാനായി നാലുലക്ഷം രൂപ കൈപ്പറ്റി. രണ്ടുവര്‍ഷത്തിനിടെ സംസ്ഥാനത്തെ 20 എം.എല്‍.എമാരാണ് സര്‍ക്കാര്‍ ചെലവില്‍ കണ്ണട വാങ്ങിയത്. കെ ദാസന്‍ 65000രൂപയും പുരുഷന്‍ കടലുണ്ടി 52000 രൂപയും ഈയിനത്തില്‍ കൈപ്പറ്റിയതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ഇവരുടെ പ്രായവും അനാരോഗ്യവും  കണക്കിലെടുക്കാതെയല്ല ഈ കണക്കുകള്‍ നിരത്തുന്നത്. അര്‍ഹതയുണ്ടെങ്കിലും ഒരു മാനദണ്ഡവുമില്ലാതെ ഫണ്ട് എഴുതിയെടുക്കുന്ന ചിലരെങ്കിലും ഉള്ളതുകൊണ്ടാണ്. 

MORE IN KERALA
SHOW MORE