‘അടിയില്‍ ലെഗിന്‍സ് ഇടും; എന്നിട്ട്...’ പെണ്‍കുട്ടികളെ അധിക്ഷേപിച്ച അധ്യാപകനെതിരെ രോഷം

farook-college
SHARE

പെണ്‍കുട്ടികളെയും അവരുടെ വസ്ത്രധാരണരീതിയെയും അപമാനിച്ച കോഴിക്കോട് ഫാറൂഖ് ട്രെയിനിങ് കോളജിലെ അധ്യാപകനെതിരെ വ്യാപകരോഷം‍. കോളജിലെ മുസ്‌ലിം പെണ്‍കുട്ടികളുടെ ചിട്ടകളെയും രീതികളെയും കടുത്ത സ്ത്രീവിരുദ്ധപരാമര്‍ശങ്ങളുമായി നേരിടുന്ന പ്രസംഗത്തിന്‍റെ ഓഡിയോ പുറത്തായതോടെയാണ് പ്രതിഷേധം കനയ്ക്കുന്നത്. ഓഡിയോ പുറത്തുവന്നതോടെ കോളജിലെ വിദ്യാർഥിനികൾ തന്നെ പ്രതിഷേധവുമായി രംഗത്തെത്തി. അധ്യാപകനെതിരെ മാനേജ്മെന്‍റിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് വിദ്യാര്‍ഥികള്‍. ഫാമിലി കൗൺസിലിങ്ങിനിടെയിൽ നടത്തിയ പ്രസംഗത്തിലെ ഭാഗങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. അധ്യാപകനെതിരെ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാകുകയാണ്. 

അധ്യാപകന്റെ വാക്കുകളുടെ ചുരുക്കം ഇങ്ങനെ: ‘എണ്‍പത് ശതമാനത്തിലേറെ പെണ്‍കുട്ടികള്‍ പഠിക്കുന്ന കോഴിക്കോട് ഫാറൂഖ്‌ ട്രെയിനിങ് കോളേജിലെ അധ്യാപകനാണ് ഞാന്‍. കോളജിൽ ഭൂരിഭാഗം മുസ്‌ലിം പെണ്‍കുട്ടികളാണ്. പര്‍ദ്ദയുടെ അടിയില്‍ ലഗിന്‍സ് ഇട്ട് പൊക്കിപ്പിടിച്ച് നടക്കും. കാണാന്‍ വേണ്ടി. നാട്ടുകാരെ കാണിക്കാന്‍ വേണ്ടി...’ അധിക്ഷേപവാക്കുകള്‍ തുടരുന്നു. 

‘പുരുഷന്‍ കാണാതിരിക്കാനാണ് മുഖമക്കന താഴ്ത്തിയിടാന്‍ പറഞ്ഞത്. എന്നിട്ടോ നമ്മുടെ പെണ്‍കുട്ടികള്‍ അത് തലയില്‍ ചുറ്റിവെക്കും. ചുറ്റിക്കെട്ടിയ മഫ്ത ഇസ്‌ലാമികമല്ല. അങ്ങനെ വസ്ത്രം ധരിക്കുന്നവര്‍ പരലോകവും ഇഹലോകവുമാണ് ഇല്ലാതാക്കുകയാണ്. സല്‍മാന്‍ ഖാന് ഇഹലോകമുണ്ട്. പണമുണ്ട്, കാറുണ്ട്, പരലോകമാണ് നമ്മുടെ പ്രശ്നം. പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ ഉപദേശിക്കണം. മുടിയും ആളുകളെ കാണിക്കുന്നു. എന്നാല്‍ ശരീരത്തിന്റെ എല്ലാ ഭാഗവും കാണിച്ചു കൊടുത്തു കൂടേ...? ഏറ്റവും കൂടുതല്‍ ലഗിന്‍സ് വിറ്റഴിക്കപ്പെടുന്നത് മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള പ്രദേശത്താണ്...’

ഇങ്ങനെ പോകുന്നു അധ്യാപകന്‍റെ അധിക്ഷേപങ്ങള്‍. ഇസ്‌‌ലാം വിരുദ്ധ വസ്ത്രം ധരിക്കുന്നതിലൂടെ മുസ്‌‌ലിം പെൺകുട്ടികൾക്ക് ഇഹലോകവും പരലോകവും നഷ്ടപ്പെടുത്തുകയാണെന്നും അധ്യാപകന്‍ കുറ്റപ്പെടുത്തുന്നു. വിവിധ വിദ്യാര്‍ഥി സംഘടനകളും സംഭവത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഓഡിയോ കേള്‍ക്കാം.

MORE IN KERALA
SHOW MORE