കലശങ്ങളുമായി സിപിഎമ്മും ബിജെപിയും, ക്ഷേത്രോത്സവങ്ങൾ ശക്തിപ്രകടനവേദിയാകുന്നു

party-kalasam
SHARE

സർവകക്ഷി ചർച്ചയിലെ തീരുമാനങ്ങൾ അവഗണിച്ച് കണ്ണൂരിൽ സിപിഎമ്മും ബിജെപിയും ക്ഷേത്രോത്സവങ്ങൾ ശക്തിപ്രകടനത്തിന് വേദിയാക്കുന്നു. പാർട്ടി കലശങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടും മുഴപ്പിലങ്ങാട് കൂർമ്പഭഗവതി  ക്ഷേത്രോത്സവത്തിൽ പത്ത് കലശങ്ങളാണ് സിപിഎമ്മും ബിജെപിയും ഒരുക്കിയത്.  നിർദേശങ്ങൾ അവഗണിച്ചതിൽ ഇരുപാർട്ടികളിലും പെട്ട നൂറോളം പ്രവർത്തകർക്കെതിരെ എടക്കാട് പൊലീസ് കേസെടുത്തു. 

ഉൽസവത്തിന് മുന്നോടിയായി പൊലീസും ക്ഷേത്ര ഭാരവാഹികളും രാഷ്ട്രീയ പാർട്ടി നേതാക്കളും സംയുക്തമായെടുത്ത തീരുമാനമാണ് നഗ്നമായി ലംഘിക്കപ്പെട്ടത്. സംഘർഷങ്ങൾ ഒഴിവാക്കാനാണ് പാർട്ടി ചിഹ്നങ്ങളും രാഷ്ട്രീയ പാർട്ടികളുടെ ആശംസാ ബോർഡുകളും, മദ്രാവാക്യങ്ങളും ഒഴിവാക്കാൻ ധാരണയായത്. എന്നാൽ കൂർമ്പഭഗവതി  ക്ഷേത്രത്തിൽ സമർപ്പിക്കപ്പെട്ട 79 കലശങ്ങളിൽ പത്തെണ്ണം പാർട്ടി കലശങ്ങളായിരുന്നു. രക്തസാക്ഷി സ്തൂപങ്ങളുടെ മാതൃകയിലാണ് സിപിഎം കലശമൊരുക്കിയത്. 

ബിജെപി സമർപ്പിച്ച കലശങ്ങളിൽ തൃശൂലത്തിന്റെയും ഓംകാരത്തിന്റെയും രൂപങ്ങളുമുണ്ടായിരുന്നു. കലശ സമർപ്പണത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പൊലീസിന് ലാത്തി വീശേണ്ടി വന്നു. കലശങ്ങൾ ആചാരങ്ങൾക്കു വിരുദ്ധമല്ലെന്നാണ്  ബിജെപിക്കാരുടെ വാദം.  ബിജെപിക്കാർക്ക് കലശം അനുവദിക്കാമെങ്കിൽ എന്തുകൊണ്ട് കലശം വെയ്ക്കുന്നതിൽ സിപിഎമ്മിനെ തടയുന്നുവെന്നാണ് മറുവാദം. കലക്ടർ ഇടപെട്ട് പാർട്ടി കലശങ്ങൾ തടയണമെന്ന് ക്ഷേത്ര ഭാരവാഹികളും പറയുന്നു.

MORE IN BREAKING NEWS
SHOW MORE