ദൃശ്യങ്ങള്‍ ഒഴികെ എല്ലാം നല്‍കാമെന്ന് കോടതി; സ്വന്തം അഭിഭാഷകന്‍ എന്തിനെന്ന് നടിയോട് ചോദ്യം

dileep-2
SHARE

ആക്രമിക്കപ്പെട്ട നടിയുടെ മെഡിക്കൽ പരിശോധനാ ഫലം ദിലീപ് അടക്കമുള്ള പ്രതികൾക്ക് നൽകണമെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. ദൃശ്യങ്ങൾ ഒഴികെയുള്ള എല്ലാ രേഖകളും കൈമാറണമെന്നും കോടതി നിർദേശിച്ചു. വനിതാ ജഡ്ജിയും പ്രത്യേക കോടതിയും രഹസ്യ വിചാരണയും ആവശ്യപ്പെട്ട് നടി പ്രത്യേക ഹർജി നൽകി. നടൻ ദിലീപും കോടതിയിൽ ഹാജരായി.

നടിയെ ആക്രമിച്ച കേസിൽ ദിലീപടക്കം പത്തു പ്രതികൾ വിചാരണാ നടപടികൾക്കായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരായി. അഭിഭാഷകരായ രാജു ജോസഫ് , പ്രതീഷ് ചാക്കോ എന്നിവർ എത്തിയില്ല . കേസിൽ നടിയുടെ മെഡിക്കൽ പരിശോധനാ ഫലം അടക്കമുള്ള രേഖകൾ പ്രതികൾക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു . ഇത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന. പ്രോസിക്യൂഷൻ വാദിച്ചെങ്കിലും വൈദ്യ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലേ വാദം നടക്കൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഒഴികെ എല്ലാ രേഖകളും പ്രതികൾക്ക് കൈമാറണമെന്ന് കോടതി നിർദേശിച്ചു. ദൃശ്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേ സമയം പ്രത്യേക കോടതി , രഹസ്യ വിചാരണ , വനിതാ ജഡ്ജി , അതിവേഗ വിചാരണ എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടി പ്രത്യേക അഭിഭാഷകൻ മുഖേന ഹർജി നൽകി. എന്നാൽ സ്പെഷൽ പ്രോസിക്യുട്ടറുള്ളതിനാൽ നടിക്ക് പ്രത്യേക അഭിഭാഷകനെ വയ്ക്കാനാകുമോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു . ആവശ്യമെങ്കിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ സഹായിക്കാമെന്നും കോടതി നിർദേശിച്ചു. അപേക്ഷ സ്പെഷൽ പ്രോസിക്യൂട്ടർ വഴി സമർപ്പിക്കാനും കോടതി നിർദേശിച്ചു . ഇതടക്കം കേസ് പരിഗണിക്കുന്നത് ഈ മാസം 28ലേക്ക് മാറ്റി . പൾസർ സുനി , മാർട്ടിൻ എന്നിവരുടെ ജാമ്യാപേക്ഷ നാളെ കഴിഞ്ഞ് പരിഗണിക്കും.

നടിയെ ആക്രമിച്ച കേസില്‍ പ്രാരംഭ വാദത്തിനും  കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതിനും തീയതി നിശ്ചയിക്കുക എന്ന നടപടിക്രമമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഉണ്ടായത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയടക്കം ആറുപ്രതികള്‍ ഇപ്പോഴും റിമാന്‍ഡിലാണ്.  എട്ടാം പ്രതിയായ ദിലീപടക്കം അഞ്ചു പ്രതികള്‍ ജാമ്യത്തിലാണ്. രണ്ടു പേര്‍ മാപ്പുസാക്ഷികളായിരുന്നു. 

കേസില്‍ ദിലീപിനെ പ്രതിചേര്‍ത്ത ശേഷം ഇരുവരും ഇതുവരെ ഒരുമിച്ചു കാണുന്ന സാഹചര്യമുണ്ടായിട്ടില്ല. കേസില്‍ അറസ്റ്റിലായപ്പോള്‍ തന്നെ പള്‍സര്‍ സുനിക്കൊപ്പം ഒരേ ജയിലില്‍ പാര്‍പ്പിക്കരുതെന്ന് ദിലീപ് കോടതിയോട് അപേക്ഷിക്കുകയും കോടതി ഇത് അനുവദിക്കുകയും ചെയ്തിരുന്നു. 

MORE IN BREAKING NEWS
SHOW MORE