ഒന്നിച്ചൊരു മുറിയില്‍; മുഖത്തോടുമുഖം നോക്കാതെ ദിലീപും സുനിയും; കോടതിയില്‍ നടന്നത്

dileep-pulsar-suni
SHARE

കോടതി മുറിക്കുള്ളിൽ ഒന്നിച്ചു വന്നെങ്കിലും ദിലീപും പൾസർ സുനിയും മുഖത്തോടു മുഖം നോക്കിയില്ല. ആത്മവിശ്വാസം നിറഞ്ഞ മുഖഭാവത്തോടെയാണ് ദിലീപ് പ്രതിക്കൂട്ടിൽ കോടതി നടപടികളെ നേരിട്ടത്. ആലുവയിലെ വീട്ടിൽ നിന്നാണ് കോടതി നടപടികൾക്കായി ദിലീപ് ഇറങ്ങിയത്. കണ്ടയ്നർ റോഡിലൂടെ എറണാകുളം ഐജി ഓഫിസിന് മുന്നിലെത്തിയ ദിലീപിന്റെ വാഹനം റോഡരികിൽ നിർത്തി. സ്വന്തം കാറിൽ നിന്നിറങ്ങിയ ദിലീപ് പിന്നാലെ വന്ന  അഭിഭാഷകൻ ബി.രാമൻപിള്ളയുടെ കാറിലേക്ക് കയറി.

കോടതിയിലെ ലിഫ്റ്റിനരികിലിറങ്ങിയ ദിലീപ് ചുറ്റും കൂടിയവരോടെല്ലാം സൗഹൃദത്തോടെ സംസാരിച്ചു. തുടർന്ന് കോടതി മുറിക്കുള്ളിലെ പ്രതിക്കൂട്ടിൽ കയറിയ ദിലീപ് നിരന്നു നിന്ന പത്തു പ്രതികളുടെ കൂട്ടത്തിൽ ഒമ്പതാമനായി വലത്തേ അറ്റത്ത് നിന്നു. 

പ്രതിക്കൂടിനു പുറത്ത് ദിലീപിന് തൊട്ടുപിന്നിൽ  സഹോദരൻ അനൂപും ഉണ്ടായിരുന്നു. മറ്റൊരു പ്രതിയായ ചാർളിയായിരുന്നു ദിലീപിന്റെ അടുത്ത്. നിരയുടെ ഇടത്തേ അറ്റത്ത് മുഖ്യ പ്രതി പൾസർ സുനി ഉണ്ടായിരുന്നെങ്കിലും ആ ഭാഗത്തേക്ക് നോക്കാതെയാണ് ദിലീപ് അര മണിക്കൂറോളം നീണ്ട കോടതി നടപടികൾ പൂർത്തിയാക്കിയത്.

ഇനി വിചാരണ ഈ മാസം 28ന്

ആക്രമിക്കപ്പെട്ട നടിയുടെ മെഡിക്കൽ പരിശോധനാ ഫലം ദിലീപ് അടക്കമുള്ള പ്രതികൾക്ക് നൽകണമെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. ദൃശ്യങ്ങൾ ഒഴികെയുള്ള എല്ലാ രേഖകളും കൈമാറണമെന്നും കോടതി നിർദേശിച്ചു. വനിതാ ജഡ്ജിയും പ്രത്യേക കോടതിയും രഹസ്യ വിചാരണയും ആവശ്യപ്പെട്ട് നടി പ്രത്യേക ഹർജി നൽകി. നടൻ ദിലീപും കോടതിയിൽ ഹാജരായി.

നടിയെ ആക്രമിച്ച കേസിൽ ദിലീപടക്കം പത്തു പ്രതികൾ വിചാരണാ നടപടികൾക്കായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരായി. അഭിഭാഷകരായ രാജു ജോസഫ് , പ്രതീഷ് ചാക്കോ എന്നിവർ എത്തിയില്ല . കേസിൽ നടിയുടെ മെഡിക്കൽ പരിശോധനാ ഫലം അടക്കമുള്ള രേഖകൾ പ്രതികൾക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു . ഇത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന. പ്രോസിക്യൂഷൻ വാദിച്ചെങ്കിലും വൈദ്യ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലേ വാദം നടക്കൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഒഴികെ എല്ലാ രേഖകളും പ്രതികൾക്ക് കൈമാറണമെന്ന് കോടതി നിർദേശിച്ചു. ദൃശ്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേ സമയം പ്രത്യേക കോടതി , രഹസ്യ വിചാരണ , വനിതാ ജഡ്ജി , അതിവേഗ വിചാരണ എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടി പ്രത്യേക അഭിഭാഷകൻ മുഖേന ഹർജി നൽകി. എന്നാൽ സ്പെഷൽ പ്രോസിക്യുട്ടറുള്ളതിനാൽ നടിക്ക് പ്രത്യേക അഭിഭാഷകനെ വയ്ക്കാനാകുമോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു . ആവശ്യമെങ്കിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ സഹായിക്കാമെന്നും കോടതി നിർദേശിച്ചു. അപേക്ഷ സ്പെഷൽ പ്രോസിക്യൂട്ടർ വഴി സമർപ്പിക്കാനും കോടതി നിർദേശിച്ചു . ഇതടക്കം കേസ് പരിഗണിക്കുന്നത് ഈ മാസം 28ലേക്ക് മാറ്റി . പൾസർ സുനി , മാർട്ടിൻ എന്നിവരുടെ ജാമ്യാപേക്ഷ നാളെ കഴിഞ്ഞ് പരിഗണിക്കും.

MORE IN KERALA
SHOW MORE