കാട്ടുതീയുണ്ടായിട്ടും പാസ് നല്‍കി; തേനിയില്‍ സംഭവിച്ചത്

theni
SHARE

കൃത്യമായ ആസൂത്രണമോ ഏകോപനമോ ഇല്ലാതെ നടത്തിയ ട്രെക്കിങ്ങാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. പ്രദേശത്ത് കാട്ടുതീയുണ്ടെന്ന അറിഞ്ഞിട്ടും സംഘത്തിന് പാസ് നല്‍കിയ വനംജീവനക്കാരുടെ വീഴ്ച മറച്ചുവയ്ക്കാനാകില്ല.  തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തേനിയിലെത്തിയവര്‍ അവിടെ ഒത്തുചേര്‍ന്നാണ് വനയാത്ര തുടങ്ങിയത്.

  കൊരങ്ങിണി വനത്തില്‍ 39 പേരടങ്ങുന്ന  രണ്ട് സംഘമാണ് വനയാത്ര നടത്തിയത്്. സംഘത്തിന് വഴികാട്ടിയായി രണ്ടുപേരുണ്ടായിരുന്നുവെന്ന് പറയുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. 12 പേരുടെ സംഘം മൂന്നാര്‍ –സൂര്യനെല്ലി വഴി കൊളുക്കുമലയിലെത്തി ക്യാംപുചെയ്തു.  ബാക്കിയുളളവര്‍ കൊരങ്ങണിയില്‍നിന്ന് കയറി കൊളുക്കുമലയിലെത്തി. ഇവിടെ ഒത്തു ചേര്‍ന്ന സംഘം  കൊരങ്ങിണിയിലേക്ക് തിരിച്ചിറങ്ങുമ്പോഴാണ് ദുരന്തം ആഞ്ഞടിച്ചത്. പരസ്പരം പരിചയമില്ലാത്തവരായിരുന്നു സംഘത്തിലേറെയും. രണ്ടോ മൂന്നോ സുഹൃത്തുക്കള്‍, കുട്ടികളടങ്ങുന്ന കുടുംബങ്ങള്‍ , ചിലരൊറ്റയ്ക്ക്, ഇങ്ങനെ ചിതറിയായിരുന്നു സംഘത്തിന്റെ നീക്കം. യാത്രയില്‍ അസ്വഭാവിക സാഹചര്യങ്ങളില്‍ എങ്ങനെ സുരക്ഷ തേടണം എന്നതില്‍ കൃത്യമായ ആസൂത്രണമോ ധാരണയോ ഉണ്ടായിരുന്നില്ല. ഇത്രവലിയ ദുരന്തം ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് വാസ്തവം .

 ഇതിനാല്‍ തീ ആളിയടുത്തതോടെ സംഘം ചിതറിയോടി. കുന്നില്‍ ചരിവുകളില്‍ തീയാളിടുത്തതോടെ  പലരും പകച്ചുപോയി. വഴിയറിയാതെയും പോളളലേറ്റും മുന്നോട്ട് നീങ്ങാനാവാതെ വന്നവരാണ്  ദുരന്തത്തിനിരയായത്. ചിലര്‍ പാറയുടെ പുറകില്‍ അഭയം തേടി, ചിലര്‍ക്ക് വഴി കണ്ടെത്താനായത് രക്ഷയൊരുക്കി. ഞായറാഴ്ച രാവിലെ പുറപ്പെട്ട്  ഇന്ന് മടങ്ങും പ്രകാരമാണ് യാത്ര തീരുമാനിച്ചിരുന്നത്.എന്നാല്‍ അപ്രതീക്ഷിത  അഗ്നി താണ്ഡവം സാഹസികയാത്രയെ ദുരന്തയാത്രയാക്കി. ട്രെക്കിങ് സംഘത്തെ ഏകോപിച്ചതാരെന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല. ചെന്നൈ ട്രെക്കിങ് ക്ലബ് വനിത സംഘത്തെ മേഖലയില്‍ കൊണ്ടുവന്നിരുന്നതായി പറയുന്നു. എന്നാല്‍ ദുരന്തത്തില്‍പ്പെട്ടവരെല്ലാം ചെന്നൈ ക്ലബുമായി ബന്ധപ്പെട്ടാണോ വന്നതെന്നും വ്യക്തമല്ല. ജാഗ്രതപുലര്‍ത്തേണ്ട  വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അലംഭാവവും ദുരന്തത്തിന് വഴിയൊരുക്കി . 

MORE IN KERALA
SHOW MORE