ആദ്യം വീഴ്ച സമ്മതിച്ചു; പിന്നാലെ കവിതയാല്‍ തിരിച്ചടിച്ച് അനുപമ: ഇനി..?

chandy-anupama
SHARE

തനിക്കെതിരായ ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ ഇംഗ്ലീഷ് കവയത്രി നിഖിത ഗില്ലിന്റെ വരികള്‍ ഫെയ്സ്ബുക്കില്‍ കുറിച്ച് ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി.അനുപമ. തോല്‍പിക്കാനും മുറിവേല്‍പിക്കാനും അപമാനിക്കാനും കഴിയുമായിരിക്കും. പക്ഷേ നശിപ്പിക്കാനാവില്ല. ഫിനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കും. ഇതാണ് വരികളുടെ ചുരുക്കം. 

തോമസ് ചാണ്ടി ഉള്‍പ്പെട്ട ഭൂമികയ്യേറ്റവിഷയത്തില്‍ ലേക്പാലസ് റിസോര്‍ട്ടിനെതിരെ ടി.വി.അനുപമ നല്‍കിയ രണ്ട് നോട്ടിസുകള്‍ റദ്ദാക്കിയ ഹൈക്കോടതി, കലക്ടര്‍ക്ക് കാര്യക്ഷമതിയില്ലെന്ന് വിമര്‍ശിച്ചിരുന്നു. കലക്ടറുടെ റിപ്പോര്‍ട്ടില്‍ സര്‍വേ നമ്പരുകള്‍ തെറ്റായി രേഖപ്പെടുത്തിയത് ചൂണ്ടിക്കാണിച്ചായിരുന്നു വിമര്‍ശനം. 

പിഴവുകള്‍ തിരുത്തി നടപടികളുമായി മുന്നോട്ടുപോകുമെന്നായിരുന്നു ഇന്നലെ ആലപ്പുഴ ജില്ലാ കലക്ടര്‍ വ്യക്തമാക്കിയിരുന്നു.  

കലക്ടറുടെ നോട്ടീസില്‍ പറയുന്ന സര്‍വേ നമ്പരില്‍പ്പെട്ട സ്ഥലം കൈവശമില്ലെന്ന് ലേക്പാലസ് റിസോര്‍ട്ട് ഉടമകളായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി ഹൈക്കോടതിയില്‍ വ്യക്തമാക്കിയതാണ് നോട്ടീസിന്റെ പ്രസക്തിതന്നെ നഷ്ടമാക്കിയത്. തെറ്റുപറ്റിയകാര്യം കലക്ടര്‍ ഹൈക്കോടതിയില്‍ സമ്മതിക്കുകയും െചയ്തു. ഇതേ തുടര്‍ന്ന് കലക്ടര്‍ പുറപ്പെടുവിച്ച രണ്ട് നോട്ടീസുകളും ഹൈക്കോടതി റദ്ദാക്കി . ഭൂമിയുട ഉടമസ്ഥാവാകാശം ആര്‍ക്കാണെന്ന് പോലും പരിശോധിക്കാതെ നോട്ടീസ് നല്‍കിയതിലെ അപാകത കോടതി എടുത്തു പറഞ്ഞു. 

ഇത് കാര്യക്ഷമതയില്ലായ്മയാണ് സൂചിപ്പിക്കുന്നത്. കലക്ടര്‍ എന്തുജോലിയാണ് ചെയ്യുന്നതെന്നും  സ്ഥാനത്തിന്റെ ഉത്തരവാദിത്വവും നിറവേറ്റണമന്നും കോടതി ഒാര്‍മിപ്പിച്ചു.  നടപടി ക്രമങ്ങളിലെ വീഴ്ചകള്‍ എടുത്തുപറഞ്ഞ കോടതി ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും വ്യക്തമാക്കി. അതനുസരിച്ച് ഭൂമിസംബന്ധിച്ച രേഖകളും സര്‍വേ റിപ്പോര്‍ട്ടുകളും പരിശോധിച്ച് കൃത്യമായ നോട്ടീസ് നല്‍കി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി. 

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്പാലസ് റിസോര്‍ട്ടിലേക്ക് നിര്‍മിച്ച വലിയകുളം സീറോ ജെട്ടി അപ്രോച്ച് റോഡ് നീര്‍ത്തടസംരക്ഷണ നിയമം ലംഘിച്ചെന്ന കണ്ടെത്തിലിന്റെ അടിസ്ഥാനത്തിലായിരുന്നു നോട്ടീസ്. ഈ നോട്ടീസില്‍ രേഖപ്പെടുത്തിയിരുന്ന സര്‍വേ നമ്പരുകള്‍ തെറ്റാണെന്ന വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ  വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ് വന്നത്.

MORE IN KERALA
SHOW MORE