പാര്‍ട്ടി പാലം വലിച്ചു, മാണിക്കായി കള്ളക്കളി; ബിജു രമേശ് സിപിഎമ്മിനെ വെട്ടിലാക്കുന്നത് ഇങ്ങനെ

bar-kodiyeri-biju
SHARE

ബാർകോഴക്കേസില്‍ സിപിഎമ്മിനെ അപ്പാടെ വെട്ടിലാക്കുന്നതാണ് ബിജു രമേശിന്‍റെ വെളിപ്പെടുത്തലുകള്‍. തിരഞ്ഞെടുപ്പ് കാലത്തടക്കം യുഡിഎഫ് ഉന്നയിച്ച ആരോപണങ്ങള്‍ കൂടിയാണ് കോഴക്കേസില്‍ നെടുംതൂണായി പ്രവര്‍ത്തിച്ച ബിജു രമേശ് ഇപ്പോള്‍ ശരിവയ്ക്കുന്നത്. വെളിപ്പെടുത്തല്‍ കോടിയേരിയെ അടക്കം നേരിട്ട് സംശയത്തിന്‍റെ നിഴലില്‍ ആക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സിപിഎമ്മിന്‍റെ പ്രതികരമം ആണ് ഇനി വരേണ്ടത്. എളുപ്പത്തില്‍ ഒഴിഞ്ഞുമാറാനാകില്ലെന്ന് ചുരുക്കം. മനോരമ ന്യൂസിന്‍റെ കൗണ്ടര്‍പോയിന്‍റ് ചര്‍ച്ചയിലാണ് ബിജു രമേശ് ആദ്യമായി കോഴക്കേസിന്‍റെ ഭൂതം തുറന്നുവിട്ടത്. 

പാലം വലിച്ച പാര്‍ട്ടി

കെഎം മാണിക്കെതിരെ കേസ് നടത്തിയാൽ ഭരണം മാറിവരുമ്പോൾ പൂട്ടിയ ബാറെല്ലാം തുറന്നുനൽകാമെന്ന് സിപിഎം നേതൃത്വം വാഗ്ദാനം നൽകിയിരുന്നതായാണ് ബിജു രമേശ് മനോരമ ന്യൂസിനോട് പറഞ്ഞത്. കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് തന്നെയാണ് ഉറപ്പുനൽകിയത്. വിഎസിനെയും പിണറായിയും കണ്ടിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ജയിച്ചതോടെ എൽഡിഎഫ് പാലംവലിച്ചുവെന്നും ബിജു രമേശ് തുറന്നടിച്ചു. ത്രീസ്റ്റാർ വരെയുള്ള ബാറുകള്‍ തുറന്നാൽ മതിയെന്ന സർക്കാർ തീരുമാനത്തോട് പ്രതിഷേധിക്കാന്‍ തുറക്കാവുന്ന ബാറുകളും നിലവിൽ പൂട്ടിയിട്ടിരിക്കുകയാണ് ബിജു രമേശ്. 

വഞ്ചന തന്നെയെന്ന് ബിജു രമേശ്

ബാർകോഴക്കേസ് ഒഴിവാക്കി കെ.എം.മാണിയെ വെള്ളപൂശാൻ തയാറായാൽ എൽഡിഎഫ് വഞ്ചിച്ചു എന്നുതന്നെ പറയേണ്ടിവരുമെന്ന് ബിജു രമേശ്. തന്നെ മാത്രമല്ല, അഴിമതിവിരുദ്ധ വാഗ്ദാനങ്ങൾ വിശ്വസിച്ച ജനങ്ങളെ കൂടിയാണ് വഞ്ചിക്കുന്നതെന്ന് സിപിഎം നേതൃത്വം തിരിച്ചറിയണം. സിപിഎമ്മിന്റെ പിന്തുണയോടെയല്ലാതെ മാണിക്ക് കുറ്റവിമുക്തനായി തിരിച്ചുവരാൻ കഴിയില്ല എന്ന് എല്ലാവർക്കും അറിയാം. മാണിക്കെതിരെ കേസ് നടത്താൻ തന്നെ പ്രോൽസാഹിപ്പിച്ചവർ മറുവശത്ത് കൂടി മാണിയുമായി ധാരണ ഉണ്ടാക്കുന്നത് നിരാശപ്പെടുത്തുന്നതായും ബിജു രമേശ് മനോരമ ന്യൂസിനോട് പറഞ്ഞു. 

കേസ് ഇല്ലാതാക്കുന്നതും കള്ളക്കളി

തെളിവ് ലഭിച്ചില്ലെന്ന് പറഞ്ഞ് ബാർകോഴക്കേസ് അവസാനിപ്പിക്കുന്നത് ഉന്നതതലത്തിൽ ആലോചിച്ച് ഉറപ്പിച്ച കള്ളക്കളിയാണെന്നും ബിജു രമേശ് തുറന്നടിച്ചു. രാഷ്ട്രിയ പിന്തുണ കൊടുത്താൽ മാണിക്കെതിരെ തെളിവ് നൽകാൻ ബാറുടമകള്‍ തയ്യാറാകും. യുഡിഎഫ് ഭരണകാലത്ത് സിപിഎം നേതാക്കള്‍ തന്നെ സമീപിച്ചത് പോലെ ഇപ്പോൾ മറ്റ് ബാറുടമകളെ ബന്ധപ്പെടട്ടെ. തെളിവുമായി വരുന്നവർക്ക് സംരക്ഷണം നൽകാന്‍ സിപിഎം തയ്യാറായാൽ മതിയെന്നും ബിജു രമേശ് പറഞ്ഞു. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.