ഇരകളുടെ സമരത്തില്‍ രോഷമിരമ്പി; സര്‍ക്കാര്‍ കണ്ണുതുറക്കുമോ.?

daya
SHARE

അവകാശങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ നടത്തുന്നു. വാഗ്ദാനങ്ങള്‍ പാലിക്കാത്തതിലും ദുരിതബാധിതരുടെ പട്ടിക വെട്ടിക്കുറച്ചതിലുമാണ് സൂചനാസമരം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നം പരിഹരിക്കാത്തവര്‍ക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് സാമൂഹ്യപ്രവര്‍ത്തക ദയാബായിയും വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ഇടത് സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് സി.പിഐ. നേതാവ് ബിനോയ് വിശ്വവും പറഞ്ഞു. 

അധികാരകേന്ദ്രത്തിന്റെ ചുവട്ടിലെത്തി സമരം ചെയ്താലെങ്കിലും കണ്ണ് തുറക്കുമെന്ന പ്രതീക്ഷയോടെയാണ് കുഞ്ഞുങ്ങളുമായി അമ്മമാര്‍ കാസര്‍ഗോഡ് നിന്ന് കിലോമീറ്ററുകള്‍ താണ്ടി തലസ്ഥാനത്തെത്തിയത്. 

ദുരിതബാധിതരെന്ന ഒറ്റനോട്ടത്തില്‍ തിരിച്ചറിയാവുന്നവരടക്കം 1618 കുട്ടികളെ ദുരിതബാധിതരുടെ പട്ടികയില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കി. സുപ്രീംകോടതി ഉത്തരവിട്ട ധനസഹായം പോലും പകുതിപേര്‍ക്കും ലഭിച്ചിട്ടില്ല. പുനരധിവാസവും നടപ്പാക്കിയില്ല. ഇങ്ങിനെ അവഗണന തുടര്‍ക്കഥയായതോടെയാണ് സമരം. 

പദ്ധതികള്‍ നടപ്പാക്കിയതില്‍ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്നും സര്‍ക്കാര്‍ പരിഹരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഈ സമരത്തെയും അവഗണിച്ചാല്‍ മാര്‍ച്ച് 15 മുതല്‍ അമ്മമാരും കുഞ്ഞുങ്ങളും അനിശ്ചിതകാല നിരാഹാരസമരം തുടങ്ങും.

MORE IN BREAKING NEWS
SHOW MORE