അമ്മ ട്രെയിനിൽ നിന്ന് വീണു മരിച്ചതറിയാതെ യാത്ര തുടർന്ന് മൂന്നു പിഞ്ചു കുഞ്ഞുങ്ങൾ

chenganoor-accident
SHARE

രാത്രി യാത്രയിൽ വനിത ഡോക്ടർ ട്രെയിനിൽ നിന്ന് വീണുമരിച്ചു. പത്തനംതിട്ട കൂടല്‍ മുരളീസദനത്തില്‍ ഡോ. അനൂപ് മുരളീധരന്റെ ഭാര്യ ഡോ. തുഷാരയാണ് (38) മരിച്ചത്. കോന്നി കല്ലേലി ഗവ. ആയുര്‍വേദ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറാണ് തുഷാര. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെ തിരുവനന്തപുരത്തു നിന്ന് മംഗളൂരുവിലേക്കു പോയ മലബാര്‍ എക്സ്പ്രസിലാണ് അപകടം നടന്നത്. കണ്ണൂരിലെ സ്വന്തം വീട്ടിലേക്ക് മൂന്നു മക്കളെയും സഹായിയായ സ്ത്രീയെയും കൂട്ടി പോവുകയായിരുന്നു തുഷാര. ചെങ്ങന്നൂരില്‍ നിന്ന് രാത്രി ഒമ്പതരയോടെയാണ് ഭര്‍ത്താവ് അനൂപ് ഇവരെ ട്രെയിൻ കയറ്റിവിട്ടത്.

എല്ലാവരും ഒരുമിച്ചാണ് ഉറങ്ങാൻ കിടന്നത്. രാവിലെ ഉണർന്നപ്പോൾ അമ്മയെ ബെർത്തിൽ കാണാതായതോടെ മക്കളായ കാളിദാസനും വൈദേഹിയും ട്രെയിനിൽ തിരഞ്ഞു. അമ്മ ട്രെയിനിൽ ഇല്ലെന്ന് മനസ്സിലായതോടെ കുട്ടികൾ കരഞ്ഞു തുടങ്ങി. ഇതോടെ ട്രെയിനിലെ മറ്റു യാത്രക്കാർ ചേർന്ന് തുഷാരയ്‌ക്ക് വേണ്ടി വീണ്ടും തിരച്ചിൽ തുടർന്നു. ഒടുവിൽ രക്ഷയില്ലെന്ന് കണ്ടതോടെ യാത്രക്കാരിൽ ഒരാൾ കുട്ടികളില്‍ നിന്നും കണ്ണൂരിലെ ഇവരുടെ ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ വാങ്ങി അവരെ വിവരങ്ങൾ അറിയിക്കുകയായിരുന്നു. തുടർന്ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബന്ധുക്കളെത്തി കുട്ടികളെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. കാര്യമൊന്നും മനസ്സിലാകാതെ ഇവർക്കൊപ്പം രണ്ടര വയസ്സുള്ള ഇളയകുട്ടി വൈഷ്ണവിയുമുണ്ടായിരുന്നു. അമ്മ ട്രെയിനിൽ നിന്ന് വീണു മരിച്ചതറിയാതെയാണ് മൂന്ന് പിഞ്ചു കുഞ്ഞുങ്ങളും രാത്രിയിൽ യാത്ര തുടർന്നത്. ബന്ധുക്കള്‍ റെയില്‍വേ പൊലീസില്‍ പരാതി നൽകിയതോടെയാണ്‌ തുഷാരയുടെ മൃതദേഹം തൃശ്ശൂര്‍ കോലഴി പോട്ടോറിൽ നിന്ന് കണ്ടെത്തിയത്. രാത്രി ട്രെയിനിലെ ടോയ്‌ലറ്റില്‍ പോയപ്പോള്‍ അബദ്ധത്തില്‍ പുറത്തേക്ക് വീണതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ് ഡോ. അനൂപ് മുരളീധരന്‍. കൂടല്‍ ശ്രീ ഭാരത് ആയുര്‍വേദ ഹോസ്പിറ്റല്‍ ഉടമ കൂടിയാണ്. പത്തനാപുരം സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് മക്കളായ കാളിദാസനും വൈദേഹിയും. ശവ സംസ്‌കാരം ബുധനാഴ്ച 2.30 ന് കൂടലിലെ വീട്ടുവളപ്പില്‍ നടക്കും.

MORE IN KERALA
SHOW MORE