സംസ്ഥാന ഹജ്കമ്മിറ്റിയുടെ ആവശ്യം നിരാകരിച്ചു; തീർഥാടകരുടെ നറുക്കെടുപ്പ് പൂർത്തിയാക്കി

Thumb Image
SHARE

സംസ്ഥാന ഹജ്കമ്മിറ്റിയുടെ ആവശ്യം നിരാകരിച്ച്, കേരളത്തിൽനിന്നുള്ള തീർഥാടകരുടെ നറുക്കെടുപ്പ് കേന്ദ്ര ഹജ്കമ്മിറ്റി പൂർത്തിയാക്കി. അഞ്ചാംവർഷ അപേക്ഷകരെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേരളംനൽകിയ കേസ് ഈമാസം 30ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്രഹജ് കമ്മിറ്റിയുടെ നടപടി. അതേസമയം, തിരക്കിട്ട് നറുക്കെടുപ്പ് പൂർത്തിയാക്കിയാക്കേണ്ടിവന്നത്, കേന്ദ്രസർക്കാരിന്‍റെ കടുപിടിത്തംകൊണ്ടാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപി കുറ്റപ്പെടുത്തി. 

സുപ്രിംകോടതി നിർദേശംവരുന്നതുവരെ നറുക്കെടുപ്പ് നീട്ടണമെന്ന കേരളത്തിന്റെആവശ്യം മറികടന്നുകൊണ്ടാണ്, കേരളത്തിൽനിന്ന് ഹജിന് അപേക്ഷിച്ചവരിൽ അഹർരായവരെ കണ്ടെത്താനുള്ള നറുക്കെടുപ്പ് കേന്ദ്ര ഹജ്കമ്മിറ്റി നടത്തിയത്. ആകെ 10,981 പേർക്കാണ് കേരളത്തിൽനിന്ന് ഹജിനുപോകാനുള്ള അവസരം. 67,313 അപേക്ഷകരിൽനിന്ന് 8587 പേര്‍ തിരഞ്ഞെടുക്കപ്പെട്ടു. 70വയസ്സ് കഴിഞ്ഞവരും അവരുടെ സഹായികളുമായി 1270 പേർക്കും മെഹ്റം ഇല്ലാത്ത 1124 സ്ത്രീ അപേക്ഷകർക്കും നറുക്കെടുപ്പുണ്ടായില്ല. 

22നകം നറുക്കെടുപ്പ് പൂർത്തിയാക്കണമെന്ന കേന്ദ്രനിർദേശം പാലിക്കപ്പെടുകയാണ് ചെയ്തതെന്നും, മറ്റെല്ലാ സംസ്ഥാനങ്ങളും നടപടി പൂർത്തിയാക്കിയ നിലയ്ക്ക് കേരളത്തിനായി കാത്തിരിക്കാനാകില്ലെന്നും ഹജ്കമ്മിറ്റി ഓഫ് ഇന്ത്യ ചീഫ് എക്സിക്യുട്ടിവ് ഓഫിസർ ഡോ. മഗ്സൂദ് അഹമ്മദ്ഖാൻ പറഞ്ഞു. എന്നാൽ, തിരക്കിട്ട് നറുക്കെടുപ്പ് നടത്തേണ്ടിവന്നത് കേന്ദ്രസർക്കാരിൻറെ വാശിമൂലമാണെന്ന്, കമ്മിറ്റിയിൽ കേരളത്തിൽനിന്നുള്ള ഏകഅംഗമായ ഇ.ടി മുഹമ്മദ് ബഷീർ എംപി കുറ്റപ്പെടുത്തി. പുതിയ ഹജ്നയത്തിൽ അഞ്ചാംവർഷ അപേക്ഷകർ എന്നവിഭാഗം ഒഴിവാക്കിയതിലാണ് കേരളത്തിന് പ്രതിഷേധം. അതേസമയം, കേരളത്തിൽ നിന്ന് നറുക്കുവീണവരുടെ വിവരങ്ങള്‍ വെബ്സൈറ്റിൽ ലഭ്യമാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു 

MORE IN KERALA
SHOW MORE