ആശങ്ക വിട്ടൊഴിയാതെ പാലോട് പ്ലാന്റ്; തെളിവെടുപ്പിന്റെ മിനിട്ട്സ് പുറത്ത്

ima-plant-t
SHARE

തിരുവനന്തപുരം പാലോട്ടെ നിര്‍ദിഷ്ട ആശുപത്രി മാലിന്യ പ്ളാന്റിനെതിരെ പ്രതിഷേധവും ആശങ്കയും നിലനില്‍ക്കുന്നതായി വ്യക്തമാക്കി തെളിവെടുപ്പിന്റെ റിപ്പോര്‍ട്ട്. പ്രതിഷേധത്തിന്റെ ദൃശ്യങ്ങളടക്കം ചേര്‍ത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡ് തയാറാക്കിയ മിനിറ്റ്സിന് ജില്ലാ കലക്ടര്‍ കെ.വാസുകി അംഗീകാരം നല്‍കി. അതേസമയം സ്വന്തം നിലയിലുള്ള അഭിപ്രായം കലക്ടര്‍ മിനിറ്റ്സില്‍ രേഖപ്പെടുത്തിയില്ല. മിനിറ്റ്സിന്റെ വിശദാംശങ്ങള്‍ മനോരമ ന്യൂസിന്. 

ഐ.എം.എയുടെ നേതൃത്വത്തില്‍ തുടങ്ങാനുദേശിക്കുന്ന ആശുപത്രി മാലിന്യസംസ്കരണ പ്ളാന്റിന് പാരിസ്ഥിതിക അനുമതി നല്‍കാനാകുമോയെന്ന് പരിശോധിക്കാനാണ് കലക്ടറുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തിയത്. പ്ളാന്റിനെതിരെ തെളിവെടുപ്പില്‍ പ്രകടമായ ജനവികാരം അതേപടി ഉള്‍ക്കൊള്ളിച്ചാണ് മിനിറ്റ്സ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. തെളിവെടുപ്പില്‍ സംസാരിച്ച പതിനഞ്ച് പേരും ആശങ്ക പങ്കുവച്ചെന്ന് റിപ്പോര്‍ട്ടിലുണ്ട്. ജീവിതം ദുസഹകമാകുമെന്നാണ് ഭൂരിഭാഗം നാട്ടുകാരുടെയും ആശങ്ക. വനത്തിനും പരിസ്ഥിതിക്കും ദോഷമുണ്ടാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ സമര്‍ഥിക്കുന്നു. മലയോരമേഖലയിലെ മൂന്ന് ആറുകള്‍ മലിനമാകുമെന്ന അഭിപ്രായം ഉയര്‍ന്നെന്നും മിനിറ്റ്സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം എതിര്‍പ്പുകള്‍ സാക്ഷ്യപ്പെടുത്താനായി തെളിവെടുപ്പിന്റെ ദൃശ്യങ്ങളും നാട്ടുകാരുടെ സംസാരവും അതേപടി ചിത്രീകരിച്ച് മിനിറ്റ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആശങ്കകള്‍ അടിസ്ഥാന രഹിതമാണെന്നും മലിനീകരണമുണ്ടാകാതെ നടപ്പാക്കുമെന്ന് ഐ.എം.എ അവകാശപ്പെട്ടതായും രേഖപ്പെടുത്തി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് തയാറാക്കിയ റിപ്പോര്‍ട്ട് കലക്ടര്‍ ഒപ്പുവച്ചു. എന്നാല്‍ പ്ളാന്റ് തുടങ്ങണോ ഉപേക്ഷിക്കണോ എന്ന സൂചിപ്പിക്കുന്നതടക്കം യാതൊരു നിര്‍ദേശങ്ങളും കലക്ടര്‍ റിപ്പോര്‍ട്ടില്‍ കുറിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പ്ളാന്റിന്റെ സാധുത ഈ റിപ്പോര്‍ട്ടിന് ശേഷവും നിലനില്‍ക്കും. ഈ റിപ്പോര്‍ട്ട് ഇനി പരിസ്ഥിതി ആഘാത പഠന അതോറിറ്റിക്കാണ് കൈമാറുന്നത്. അതോറിറ്റി ഇത് വിലയിരുത്തിയ ശേഷം ആക്ഷേപങ്ങളേക്കുറിച്ച് ഐ.എം.എയോട് വിശദീകരണം തേടും. അതും വിലയിരുത്തിയാവും അന്തിമതീരുമാനമെടുക്കുക. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.