ദേവസ്വം ബോർഡിലെ മുന്നാക്കസംവരണം നിലനിൽക്കില്ലെന്നു നിയമസെക്രട്ടറി

Thumb Image
SHARE

ദേവസ്വം ബോർഡിലെ മുന്നാക്കസംവരണം നിലനിൽക്കില്ലെന്നു നിയമസെക്രട്ടറി. സംവരണവുമായി മുന്നോട്ടുപോയാൽ തിരിച്ചടിയുണ്ടാകുമെന്ന് സർക്കാരിനു മുന്നറിയിപ്പും. സംവരണവിഷയവുമായി ബന്ധപ്പെട്ട കേസുകളിലെ സുപ്രീംകോടതി വിധിക്കെതിരാണ് തീരുമാനമെന്നും നിയമോപദേശത്തിൽ പറയുന്നു. ഇതിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു. ദേവസ്വം ബോർഡു നിയമനങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാർക്ക് പത്തുശതമാനം സാമ്പത്തിക സംവരണത്തിനു സർക്കാർ തീരുമാനിച്ചിരുന്നു. 

നിയമത്തിന്റെ പിൻബലമില്ലാത്തതും , കോടതിയിൽ ചോദ്യം ചെയ്താൽ ഇല്ലാതാകുന്നതുമാണ് ദേവസ്വം ബോർഡില്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ തീരുമാനിച്ച പുതിയ സംവരണ നയമെന്ന് നിയമസെക്രട്ടറി പറയുന്നു. സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തില്‍ മാത്രം പിന്നോക്കാവസ്ഥ കണക്കാക്കുന്ന രീതി രാജ്യത്തെങ്ങും നിലവില്ല. ഈ രീതിയില്‍ സംവരണം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ഇന്ദ്രാ സാവ്നി കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. 2007 ലെ നാഗരാജ് കേസിലും, 2017 ലെ ബി.കെ.പവിത്ര കേസിലും സുപ്രീംകോടതി ഈ നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു. ഇന്ദ്രാ സാവ്നി കേസിന്റെ വിധിപകർപ്പുകൂടി ഉള്‍പ്പെടുത്തിയാണ് മുഖ്യമന്ത്രിക്ക് നിയമോപദേശം കൈമാറിയത്. നിയമങ്ങൾ അനുശാസിക്കാത്ത സംവരണവുമായി മുന്നോട്ടുപോകുന്നത് വ്യഥാവ്യായാമം ആയിരിക്കുമെന്നും നിയമസെക്രട്ടറി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദേവസ്വം ബോർഡ് നിയമനങ്ങളിൽ പത്തുശതമാനം മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കംനിൽക്കുന്നവർക്ക് സംവരണം ഏര്‍പ്പെടുത്താനാണ് സർക്കാർ തീരുമാനം. സര്‍ക്കാര്‍ തീരുമാനത്തെ എന്‍.എസ്.എസ്. സ്വാഗതം ചെയ്തെങ്കിലും എസ്.എന്‍.ഡി.പി ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.