എന്റേത് ഉദാത്ത മറുപടിയല്ല; ആ വാക്കുകള്‍ ആവര്‍ത്തിക്കാനുമില്ല, തുറന്നുപറഞ്ഞ് ബല്‍റാമിന്‍റെ പ്രസംഗം

balram-speech1
SHARE

എ.കെ.ജിക്കെതിരെ താന്‍ നല്‍കിയ മറുപടി ഏറ്റവും ഉദാത്തമെന്നൊന്നും അവകാശപ്പെടുന്നില്ലെന്നും ആ വാക്കുകള്‍ ആവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും വി.ടി.ബല്‍റാം എം.എല്‍.എ.  അതുകൊണ്ടുതന്നെ ഈ നിലയില്‍ ആ വിവാദം മുന്നോട്ടുകൊണ്ടുപോകാന്‍ ആഗ്രഹമില്ല. എന്നാല്‍ സിപിഎമ്മിന്‍റെ ഗുണ്ടായിസത്തെ ചെറുക്കാനുള്ള കരുത്ത് തനിക്കും പാര്‍ട്ടിക്കും ഉണ്ടെന്നും ബല്‍റാം പറഞ്ഞു. 

തൃത്താലയ്ക്കടുത്തെ കൂറ്റനാട്ട് സിപിഎം നടത്തിയ ആക്രമണത്തിന് തൊട്ടുപിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ബല്‍റാം നിലപാട് വ്യക്തമാക്കിയത്. കോണ്‍‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള നിരന്തര ആക്ഷേപങ്ങള്‍ക്ക് മറുപടിയായി അവര്‍ക്ക് മനസ്സിലാകുന്ന അതേ ഭാഷയില്‍ മറുപടി കൊടുത്തു എന്നേയുള്ളൂവെന്നും അത് ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബല്‍റാം പ്രസംഗത്തില്‍ വിശദമാക്കുന്നു.  പ്രസംഗത്തിന്റെ വിഡിയോ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലും മറ്റും പോസ്റ്റ് ചെയ്തത്. 

പ്രസംഗത്തിന്‍റെ പൂര്‍ണരൂപം;

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. ചിലര്‍ക്ക് എന്‍റെ അഭിപ്രായത്തോട് വിയോജിക്കാം. ചിലര്‍ക്ക് യോജിപ്പും ഉണ്ടാകാം. അങ്ങനെയൊരു അഭിപ്രായം പറയാന്‍ ഉണ്ടായ സാഹചര്യം എല്ലാവര്‍ക്കും അറിയാം. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ നിരന്തരം വ്യക്തിഹത്യകള്‍ തുടരുകയാണ്. കുട്ടിസഖാക്കള്‍ മുതല്‍ സൈബര്‍ പോരാളികള്‍ വരെ. സിപിഎം സംസ്ഥാന സെക്രട്ടറി വരെ നിരന്തരം ആക്ഷേപങ്ങള്‍  ചൊരിയുകയാണ്. നെഹ്റു കുടുംബവും മന്‍മോഹന്‍ സിങ്ങും അതിന് ഇരയാകുന്നു. 

ഇപ്പോള്‍ നമ്മള്‍ നേരിട്ട് കാണുന്ന ഒരു പാവങ്ങളു‍ടെ പടത്തലവന്‍ ഉണ്ടെങ്കില്‍ ആ ആളായ ഉമ്മന്‍ചാണ്ടി വരെ അതിനികൃഷ്ടമായി വ്യക്തിഹത്യക്ക് ഇരയാകുന്നു. ഈ നിരന്തര ആക്ഷേപങ്ങള്‍ക്ക് മറുപടിയായി അവര്‍ക്ക് മനസ്സിലാകുന്ന അതേ ഭാഷയില്‍ മറുപടി കൊടുത്തു എന്നേയുള്ളൂ. ആ നിലയില്‍ അത് ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. നമുക്കും ആ ഭാഷ വശമുണ്ടെന്ന് നേരിയ നിലയില്‍ ഓര്‍മിപ്പിച്ചു എന്നുമാത്രം. 

എന്നെ തിരഞ്ഞെടുത്ത ജനങ്ങള്‍ക്ക്, പാര്‍ട്ടിക്ക് ഒക്കെ എനിക്ക് നിര്‍ദേശങ്ങള്‍ നല്‍കാം. പക്ഷേ സിപിഎമ്മിന്‍റെ ഗുണ്ടായിസം പേടിച്ച് പിന്‍മാറില്ല. ഒറ്റക്കെട്ടായി മുന്നോട്ടുപോകും. ജനാധിപത്യകത്തിന്‍റെ പാതയില്‍ ചെറുക്കാന്‍ നമുക്ക് കഴിയും. തൃത്താലയില്‍ കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ തുടങ്ങിയ അസഹിഷ്ണുതയാണ് ഇത്. ഇത് വകവെച്ചുകൊടുക്കാന്‍ തയാറല്ല. കേരളത്തിന്‍റെ പൊതുസമൂഹം തൃത്താലയിലേക്ക് കണ്ണും കാതും തുറന്ന് നോക്കിയിരിക്കുകയാണ്.  അതുകൊണ്ട് കരുതലോടെ നീങ്ങണം. സിപിഎമ്മിനും ഗോപാലസേനയ്ക്കും മുന്നില്‍ ജനാധിപത്യം ഓര്‍മിപ്പിക്കാന്‍ തികച്ചും സമാധാനപരമായി പ്രതികരിക്കണം. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.