കുറിഞ്ഞി സങ്കേതം കുറക്കുമെന്ന് പറ​ഞ്ഞ ഉദ്യോഗസ്ഥരെ മാറ്റണമെന്ന ആവശ്യം ശക്തം

Thumb Image
SHARE

കുറിഞ്ഞി സങ്കേതത്തിന്റെ വിസ്തൃതി കുറക്കണമെന്ന അഭിപ്രായപ്രകടനം നടത്തിയ റവന്യൂ, വനം ഉദ്യോഗസ്ഥരെ മാറ്റണമെന്ന ആവശ്യത്തിന് ശക്തികൂടുന്നു. റവന്യൂഭൂമിയെ കുറിച്ച് വനംവകുപ്പ് ഉദ്യോഗസഥ അഭിപ്രായം പറഞ്ഞതിൽ റവന്യൂമന്ത്രിക്കും വകുപ്പിനും കടുത്ത അതൃപ്തിയുണ്ട്. അതേസമയം,  വ്യക്തിപരമായ കാരണങ്ങളാൽ വന്യൂവകുപ്പ് സെക്രട്ടറി പി.എച്ച് കുര്യൻ അവധിയിൽ പ്രവേശിക്കുമെന്നും സൂചനയുണ്ട്. 

റവന്യൂവകുപ്പിന്റെ ചുമതലയിൽനിന്ന് അഡിഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യനെ മാറ്റണമെന്ന ആവശ്യം മന്ത്രി ഇ.ചന്ദ്രശേഖരൻ നേരത്തെതന്നെ മുന്നോട്ട് വെച്ചിരുന്നതാണ്. ഇത് പരിഗണിക്കപ്പെട്ടില്ല. അതിലുള്ള അതൃപ്തി നിലനിൽക്കുമ്പോഴാണ് കുറിഞ്ഞി സങ്കേതത്തിന്റെ വിസ്തൃതി കുറക്കണമെന്ന പി.എച്ച് കുര്യന്റെ നിലപാട് പുറത്തുവന്നത്. മന്ത്രി കടുത്തഭാഷയിൽഉദ്യോഗസ്ഥനെ ശാസിക്കുകയും ചെയ്തു. 

സെക്രട്ടറിയെ മാറ്റണമെന്ന് വീണ്ടും മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നതിൽ അനൗചിത്യം ഉണ്ടെന്ന് നിലപാടിലാണ് റവന്യൂമന്ത്രി. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി  അനുകൂലതീരുമാനമെടുക്കാത്തിൽ അതൃപ്തിയുണ്ടെങ്കിലും ആവശ്യം വീണ്ടും ഉന്നയിക്കില്ല. മുഖ്യമന്ത്രി സാഹചര്യത്തിന് അനുസരിച്ച് തീരുമാനമെടുക്കട്ടെ എന്ന നിലപാടാണ് സിപിഐക്കുള്ളത്. ഇതിനിടയിലാണ് കുറിഞ്ഞി വിവാദത്തിൽപെട്ട ഇടുക്കി വൈൽഡ് ലൈഫ് വാർഡനായ ഉദ്യോഗസ്ഥ തലസ്ഥാനത്തെത്തി മന്ത്രിമാരെയും ഉയർന്ന ഉദ്യോഗസ്ഥരെയും കണ്ടത്. കുറിഞ്ഞി സങ്കേതത്തിന്റെ വിസ്തൃതി കുറക്കണമെന്ന റിപ്പോർട്ട് നൽകിയതിന് പുറമെ, മുഖ്യമന്ത്രി വിളിച്ചുചേർത്തയോഗത്തിലും അവർ ഈ അഭിപ്രായപ്രകടനം നടത്തിയിരുന്നു. റവന്യൂഭൂമിയിലെ കൈയ്യേറ്റത്തെ കുറിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥ ഏകപക്ഷീയ നിലപാടെടുത്തതിൽ റവന്യൂവകുപ്പിന് കടുത്ത അതൃപ്തിയുണ്ട്. എന്നാൽ വനം മന്ത്രിക്കും സിപിഐയിലെ ചില ഉന്നതർക്കും ഉദ്യോഗസ്ഥയെ മാറ്റണമെന്നില്ല. 300 ഹെക്ടർ വനം കത്തിയിട്ടും ഇവരോട് വിശദീകരണം ചോദിക്കാൻപോലും സർക്കാർ തയ്യാറായിട്ടില്ല. താരതമ്യേന ജൂനിയറായ ഉദ്യോഗസ്ഥ സർക്കാരിന്റെ നയപരമായ കാര്യങ്ങളിലിടപെടുന്നതിൽവനംവകുപ്പിലെ പലരും അത്ഭുതം പ്രകടിപ്പിച്ചിട്ടുണ്ട്.  

MORE IN KERALA
SHOW MORE