ഭരണനേതൃത്വത്തിന് പ്രഹരമായി ഹൈക്കോടതി വിമര്‍ശനം

Thumb Image
SHARE

തോമസ് ചാണ്ടിയുടെ ഹര്‍ജി മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തിന് നിരക്കുന്നതല്ലെന്ന ഹൈക്കോടതി വിമര്‍ശനം ഭരണനേതൃത്വത്തിന് കനത്ത പ്രഹരമായി. ഒരു മന്ത്രി ഭരണഘടനാവിരുദ്ധമായി ഹര്‍ജി നല്‍കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടാന്‍ ഒരുഘട്ടത്തിലും സര്‍ക്കാര്‍ തയാറായതുമില്ല. കൂട്ടുത്തരവാദിത്തമില്ലെന്ന പരാമര്‍ശം ഗൗരവത്തോടെ കാണുമെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. 

ഒരു മന്ത്രി സ്വന്തം മന്ത്രിസഭയ്ക്കെതിരെ കോടതിയെ സമീപിച്ച ചരിത്രമില്ലെന്നായിരുന്നു ഹൈക്കോടതിയുടെ ഓര്‍മപ്പെടുത്തല്‍. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് രാവിലെ മുതൽ കോടതി ആവർത്തിച്ചു കൊണ്ടേയിരുന്നു. ഈ വാദം സർക്കാരിൽ നിന്ന് ഉയരുന്നത് കേൾക്കാനായിരുന്നു ആകാത്തിരിപ്പ്. ഒരു ഘട്ടത്തിൽ സ്റ്റേറ്റ് അറ്റോർണി കെ ജി സോഹനോട് കോടതി ഇക്കാര്യം ചോദിക്കുകയും ചെയ്തു. അതുവരെ തോമസ് ചാണ്ടിയുടേത് വ്യക്തിഗതമായ ഹർജിയെന്ന് നിലപാടെടുത്തിരുന്ന സർക്കാർ ഒടുവിൽ നിവൃത്തിയില്ലാതെ മന്ത്രിയെ തള്ളിപ്പറഞ്ഞു. ഹർജി നിലനിൽക്കില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. ഈ പ്രശ്നത്തിൽ യഥാസമയം നടപടിയെടുക്കാതെ ഉത്തരവാദിത്തം കോടതിയുടെ തലയിൽ കെട്ടി വയ്ക്കേണ്ടെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തമില്ലായ്മയിലേക്കും വിമര്‍ശനം നീണ്ടു. ഇതിനോട് യോജിക്കുംവിധമാണ് കാനം പ്രതികരിച്ചത്. 

അഡ്വക്കറ്റ് ജനറല്‍ പോലെ ഒരു ഭരണഘടനാസ്ഥാപനം ഉണ്ടായിട്ടും മന്ത്രിയുടെ ഭരണഘടനാവിരുദ്ധമായ നീക്കം ചൂണ്ടിക്കാട്ടാന്‍ കഴിയാത്തതിന്റെ പ്രതിസന്ധിയാണ് കോടതിയില്‍ കണ്ടത്. ലേക് പാലസ് റിസോര്‍ട്ടില്‍ നടപടിയെടുത്തത് ഏതുനിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നുപോലും കോടതിയില്‍ സര്‍ക്കാരിന് വ്യക്തതയുണ്ടായിരുന്നില്ല. ആദ്യം ഹര്‍ജി പരിഗണിച്ചപ്പോള്‍ ഭൂപരിഷ്കരണനിയമം എന്നുപറഞ്ഞത് ഇപ്പോള്‍ നെല്‍വയല്‍ തണ്ണീര്‍ത്തടസംരക്ഷണനിയമമായി. തോമസ് ചാണ്ടിയെ ഒളിഞ്ഞും തെളിഞ്ഞും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതിന്റെ തുടര്‍ച്ചയായിരുന്നു ഇവയെല്ലാം.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.