ഫൈസൽ കള്ളക്കടത്ത് കേസിലെ പ്രതിയെന്ന എയർഹോസ്റ്റ്സിന്റെ മൊഴി പുറത്ത്

Thumb Image
SHARE

ജനജാഗ്രതാ യാത്രയ്ക്ക് കൊടുവള്ളിയിൽ നൽകിയ സ്വീകരണത്തിന് ഉപയോഗിച്ച കാറിന്റെ ഉടമ കാരാട്ട് ഫൈസൽ കള്ളക്കടത്ത് കേസിലെ  പ്രതിയാണെന്ന്  സ്ഥിരീകരിക്കുന്ന കൂട്ടുപ്രതിയുടെ മൊഴി പുറത്ത്. സ്വർണക്കടത്തിന് പിടിയിലായ   എയർഹോസ്റ്റ്സ് ഹിറമോസ സെബാസ്റ്റ്യൻ ‍‍ഡി.ആർ.ഐ മുമ്പാകെ നൽകിയ മൊഴിയാണ് പുറത്തായത്. ഇതോടെ സിപിഎമ്മും ജാഥാ ക്യാപ്റ്റൻ കൊടിയേരി ബാലകൃ·ഷ്ണനും  കൂടുതൽ സമ്മർദത്തിലായി.

2013 നവംബർ ഒമ്പതിന് ഡി. ആർ ഐ കൊച്ചി യൂണിറ്റിലെ സീനിയർ ഇന്റലിജൻസ് ഓഫിസർ മുമ്പാകെ നൽകിയ മൊഴിയുടെ പകർപ്പാണ് പുറത്തായത്. സ്വർണക്കടത്തിന് പിടിയിലായ എയർ ഇന്ത്യയിലെ എയർഹോസ്റ്റസായിരുന്ന വയനാട് പുൽപ്പള്ളി സ്വദേശി  ഹിറമോസ സെബാസ്റ്റ്യൻ നൽകിയ മൊഴിയിലാണ്  ഫൈസലിന് പങ്കുണ്ടെന്ന് പറയുന്നത്. 

കൊടുവള്ളിയിലെ രാഷ്ട്രീയക്കാരനായ ഫൈസലും കേസിലെ മറ്റു പ്രതികളായ ഷഹബാസും നബീലും ചേർന്ന സംഘമാണ് സ്വര്‍ണം കടത്തുന്നതെന്നാണ് മൊഴി.  ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാരാട്ട് ഫൈസലിന്റെ വീട്ടിൽ ഡി.ആർ.ഐ സംഘം റെയ്ഡ് നടത്തിയത്.  ഷഹബാസിന്റെ ഭാര്യയുടെ പേരിലുള്ള ആഡംബരക്കാർ ഫൈസലിന്റെ  നിന്നും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. 

അറസ്റ്റിലായ ഫൈസൽ രണ്ടാഴ്ചത്തെ റിമാൻഡിന് ശേഷമാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. അതേസമയം  ജാഥയുടെ തുടക്കത്തിലുണ്ടായിരുന്ന പ്രതിച്ഛായ ഈ വിവാദത്തോടെ നഷ്ടമായെന്നാണ്  സിപിഎമ്മിനുള്ളിലെ വിലയിരുത്തൽ. ജാഥയുടെ  കൊടുവള്ളിയിലെ സ്വീകരണത്തിന്റെ നേതൃത്വം   പി.ടി.എ. റഹീം  എം.എ ൽ.എയുടെ   നാഷണൽ സെക്യുലർ കോൺഫറൻസിനെ ഏൽപിച്ചതാണ് വീഴ്ച്ചയ്ക്കിടയാക്കിയതെന്നും പാർട്ടിയിൽ അഭിപ്രായമുയർന്നിട്ടുണ്ട്.  നാഷണൽ സെക്യുലർ കോൺഫറന്‍സിന്റെ നേതാവാണ് ഫൈസൽ.  

MORE IN KERALA
SHOW MORE