സംസ്ഥാന ചെസ് അസോസിയേഷനെതിരെ മുന്‍ താരങ്ങളും പരിശീലകരും രംഗത്ത്. നിലവിലെ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നിയമവിരുദ്ധമെന്നാണ് ആരോപണം. തെരഞ്ഞെടുപ്പിനെതിരെ സ്പോര്‍ട്സ് കൗണ്‍സിലിനേയും കോടതിയെയും സമീപിക്കുമെന്നും മുന്‍ താരങ്ങള്‍ പറഞ്ഞു. അതേസമയം, ആരോപണങ്ങള്‍ ചെസ് അസോസിയേഷന് തള്ളി.
ചെസ് അസോസിയേഷന് കേരളയുടെ പുതിയ ഭരണ സമിതി തിരഞ്ഞെടുപ്പിനെതിരെയാണ് മുന്‍ താരങ്ങളും പരിശീലകരും പ്രതിഷേധിക്കുന്നത്. നിലവിലെ സെക്രട്ടറിക്കെതിരെയാണ് ആക്ഷേപം. നടപടിക്രമങ്ങള്‍ പാലിക്കാതെ തിരഞ്ഞെടുപ്പ് നടത്തിയെന്നാണ് പരാതി. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരമില്ലാത്തതിനാല്‍ കളിക്കാര്‍ക്ക് ലഭിക്കേണ്ട അവസരങ്ങളും ആനുകൂല്യങ്ങളും നഷ്ടമാകുമെന്നും ഇവര്‍ പറയുന്നു.
ചെസ് അസോസിയേഷന്റെ നിയമാവലിയില്‍ ഇല്ലാത്ത ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ തസ്തിക സൃഷ്ടിച്ചതിനെ ഇവര്‍ ചോദ്യം ചെയ്യുന്നു. ദേശീയ ചെസ് സംഘടനയ്ക്കും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിനും പരാതി നല്‍കും. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് സംസ്ഥാന ചെസ് അസോസിയേഷന് പ്രതികരിച്ചു. പരാതിയുള്ളവര്‍ക്ക് ദേശീയ ഘടകത്തെ സമീപിക്കാമെന്നാണ് അസോസിയേഷന്റെ പ്രതികരണം.