നിയമസഭയില്‍ വയ്ക്കും മുമ്പ് സോളര്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് ആര്‍ക്കും നല്‍കില്ലെന്ന് നിയമമന്ത്രി എ.കെ.ബാലന്. അതേസമയം വിവരാവകാശ അപേക്ഷ പ്രകാരം റിപ്പോര്‍ട്ട് ലഭിച്ചില്ലെങ്കില്‍ റിപ്പോര്‍ട്ടിനായി മുഖ്യമന്ത്രിയെ നേരിട്ടു സമീപിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാര്‍ നീക്കമറിഞ്ഞ ശേഷം മാത്രം തുടര്‍നടപടികളിലേക്ക് നീങ്ങിയാല്‍ മതിയെന്ന് ഉമ്മന്‍ചാണ്ടിക്ക് നിയമോപദേശവും ലഭിച്ചു.
ആരോപണ വിധേയര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന ചട്ടമില്ലെന്നാണ് നിയമമന്ത്രിയുടെ വിശദീകരണം. നിയമസെക്രട്ടറിയുടെ അഭിപ്രായം തേടാതെയാണ് റിപ്പോര്ട്ടിന്മേല് നടപടിയെടുത്തതെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയെ ശുദ്ധവിവരക്കേടെന്നും എ.കെ.ബാലന് വിശേഷിപ്പിച്ചു.
അതേസമയം സ്വാഭാവിക നീതി തനിക്ക് നിഷേധിക്കപ്പെടുന്നെന്നാണ് ഉമ്മന്‍ചാണ്ടിയുടെ പരാതി. റിപ്പോര്‍ട്ട് പുറത്തു വിടാത്തതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും മുന്‍മുഖ്യമന്ത്രി ആരോപിക്കുന്നു.
കൊച്ചിയിലെത്തിയ ഉമ്മന്‍ചാണ്ടി നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി. സര്‍ക്കാര്‍ നീക്കത്തെ കോടതിയില്‍ പ്രതിരോധിക്കാനാകുമെന്ന പൊതുവിലയിരുത്തലാണ് അഭിഭാഷകര്‍ ഉമ്മന്‍ചാണ്ടിയുമായി പങ്കുവച്ചത്. കേസുമായി സര്‍ക്കാര്‍ മുന്നോട്ടു പോയാല്‍ മാത്രം കോടതിയെ സമീപിക്കുന്നതടക്കമുളള നടപടികളിലേക്ക് നീങ്ങിയാല്‍ മതിയെന്നും അഭിഭാഷകര്‍ ഉമ്മന്‍ചാണ്ടിക്ക് നിര്‍ദ്ദേശം നല്കി.