85 ദിവസത്തിനുശേഷം കോടതിയിൽനിന്ന് ജാമ്യം ലഭിച്ച വാർത്തയോട് ദിലീപ് പ്രതികരിച്ചത് അമിതാഹ്ലാദമില്ലാതെ. കോടതി ജാമ്യം അനുവദിച്ച കാര്യം ജയിൽ സൂപ്രണ്ടാണ് ദിലീപിനെ അറിയിച്ചത്. കിട്ടിയോ? ഇതായിരുന്നു ദിലീപിന്റെ ആദ്യപ്രതികരണം. പിന്നെ ചെറുതായി പുഞ്ചിരിച്ചു. മറ്റൊന്നിനെക്കുറിച്ചും ദിലീപ് സംസാരിച്ചില്ലെന്ന് ജയിൽ അധികൃതർ മനോരമ ഓൺലൈനോട് പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ ഇന്നുതന്നെ ദിലീപിന് ജയിലിൽനിന്ന് പുറത്തിറങ്ങാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ജൂലൈ പത്താം തീയതിയാണ് ദിലീപിനെ അറസ്റ്റു ചെയ്യുന്നത്. രാവിലെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചശേഷം വൈകിട്ട് ഏഴേകാലോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പിറ്റേന്ന് കോടതി നിർദേശപ്രകാരം ആലുവ സബ്ജയിലിലേക്ക് അയച്ചു. രണ്ടാം നമ്പർ സെല്ലിൽ 523–ാം നമ്പർ തടവുകാരനായാണ് ദിലീപിനെ പാർപ്പിച്ചിരുന്നത്. കൊലക്കേസിലും മോഷണക്കേസിലും പ്രതിയായവരായിരുന്നു ഒപ്പമുണ്ടായിരുന്നത്. ദിലീപിന് മറ്റു തടവുകാർക്കുള്ള പരിഗണന മാത്രമാണ് നൽകിയത്.