സൊമാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ എക്സല്‍ ഗ്ലാസസ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. സര്‍ക്കാരില്‍നിന്ന് ചോര്‍ത്തിയ പണം തിരിച്ചുപിടിക്കാന്‍ ജപ്തി ഉള്‍പ്പടെ ആലോചിക്കും. കമ്പനി അനന്തമായി അടച്ചിടാനുള്ള സൊമാനിയുടെ തന്ത്രം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസ് ടോപ് റിപ്പോര്‍ട്ടര്‍ ഇംപാക്ട്. എഴുപത് കോടിയോളം രൂപ ബാധ്യത വരുത്തി അഞ്ചുവര്‍ഷം മുമ്പ് അടച്ച എക്സല്‍ ഗ്ലാസസ് ലിമിറ്റഡാണ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. ചിലനിയമ പ്രശ്നങ്ങള്‍ കമ്പനി മനപൂര്‍വം വരുത്തിവച്ചിട്ടുണ്ടെങ്കിലും അത് മറികടക്കും. ധനമന്ത്രി ആത്മവിശ്വാസത്തോടെ പറഞ്ഞു
സര്‍ക്കാര്‍ സഹായംവാങ്ങി ഉല്‍പ്പാദനം പുനരാരംഭിച്ച് രണ്ടുവര്‍ഷം തികയുംമുമ്പാണ് 2012 ഡിസംബറില്‍ എക്സല്‍ ഗ്ലാസസ് വീണ്ടും അടച്ചത്. കെ.എസ്.ഐ.ഡി.സിക്കും കെ.എഫ്സിക്കും 30 കോടിയിലേറെ രൂപ കമ്പനി തിരിച്ചുനല്‍കാനുണ്ട്. വൈദ്യുതി ഇനത്തിലും മുപ്പതുകോടിയോളം നല്‍കാനുണ്ട്. നികുതിയും തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങളും കൂട്ടിയാല്‍ പത്തുകോടിയോളം രൂപ വരും. ഇവയെല്ലാം തിരിച്ചുപിടിക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. എക്സല്‍ ഗ്ലാസസ് ലിമിറ്റഡിലെ തൊഴിലാളി സംഘടനകള്‍ ഉള്‍പ്പടെ മുന്നോട്ടുവച്ച വര്‍ഷങ്ങളായുള്ള ആവശ്യമാണ് സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിഗണിക്കുന്നത്.