മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ട് കായല്‍ കയ്യേറിയിട്ടില്ലെന്ന് ആലപ്പുഴ കലക്ടര്‍ ടി.വി.അനുപമ. രേഖകള്‍ പരിശോധിച്ചശേഷമാണ് ആരോപണങ്ങളിലെ തീര്‍പ്പ്. അതേസമയം ഭൂമിയുടെ പരിവര്‍ത്തനവും ഉടമസ്ഥതയും സംബന്ധിച്ച മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിക്കായില്ല. അടുത്തമാസം നാലിന് തെളിവെടുപ്പ് തുടരും.
മൂന്ന് പരാതികളിലെ പരിശോധനകള്‍ക്കായാണ് മന്ത്രി തോമസ് ചാണ്ടിയുടെ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി പ്രതിനിധികളെ കലക്ടര്‍ വിളിപ്പിച്ചത്. റിസോര്‍ട്ടിന് മുന്‍വശത്ത് ബോയ് കെട്ടി കായല്‍ കയ്യേറിയെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് പരിശോധനയ്ക്കൊടുവില്‍ കലക്ടര്‍ കണ്ടെത്തി. താല്കാലിക സംവിധാനം ഒരുക്കാന്‍ എഡിഎം നല്കിയ അനുമതിരേഖ കമ്പനി അധികൃതര്‍ ഹാജരാക്കുകയും സഞ്ചാരസ്വാതന്ത്ര്യത്തിന് പ്രയാസമില്ലെന്ന് ജലവിഭവവകുപ്പ് സാക്ഷ്യം പറയുകയും ചെയ്തതോടെ കയ്യേറ്റമില്ലെന്ന് കലക്ടര്‍ ഉറപ്പിച്ചു
സീറോ ജട്ടിയിലേക്കുള്ള മുനിസിപ്പാലിറ്റി റോഡില്‍നിന്ന് റിസോര്‍ട്ടിന്റെ കവാടം വരെ വയല്നികത്തിയാണോ റോഡുനിര്മിച്ചതെന്ന ചോദ്യത്തിന് ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിക്കായില്ല. 2014വരെയുള്ള രേഖകള്‍ മാത്രമാണ് കമ്പനി നല്‍കിയത്. കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ഒരാഴ്ചയാണ് സാവകാശം നല്‍കിയിരിക്കുന്നത്. നിയമനടപടികള്‍ ആവശ്യമായിവന്നാല്‍ അടുത്തഘട്ടത്തില്മാത്രമേ ഉണ്ടാകുവെന്നും കലക്ടര്‍ പറഞ്ഞു
അതേസമയം മന്ത്രി തോമസ് ചാണ്ടിയെ കടുത്തഭാഷയില്‍ വിമര്‍ശിച്ച എന്‍.സി.പി പത്തനംതിട്ട ജില്ലാ സെക്രട്ടറി ഇടത്തിട്ട സത്യനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി