കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും ബയോപ്സി റിപ്പോര്ട്ടിനയച്ച ശരീരഭാഗം കാണാതായി. കോഴിക്കോട് കുറ്റിയാടിയിലെ വീട്ടമ്മയുടെ കാല് ഞരമ്പില്‍ നിന്നും മുറിച്ചെടുത്ത ഭാഗം കൊറിയര്‍ വഴി ബെംഗളൂരു നിംഹാന്സിലേക്കയച്ചിട്ട ് രണ്ടരമാസം പിന്നിടുകയാണ്
ബയോസ്പ്സിയുടെ ഫലം എന്തായാലും ഈ അമ്മ സഹിക്കണം പക്ഷെ അതിനേക്കാള്‍ ദുരന്തമാണ് ഈ കാത്തിരിപ്പ്. കാലിന്റെ സ്വാധീനം പതുക്കെ കുറഞ്ഞ് വരികയാണ്. രോഗത്തിന്റെ കാരണം എന്താണെന്നറിയണം. രണ്ടരമാസം മുമ്പാണ് കാല് ഞരമ്പില്‍ നിന്നും മുറിച്ചെടുത്ത ഭാഗം മെഡിക്കല്‍ കോളേജ് ന്യൂറോളജി വിഭാഗത്തില്‍ നിന്നും ബയോപ്സിക്കയച്ചത്. ഫലം വരാത്തതിന്റെ കാരണം അന്വേഷിക്കുമ്പോള്‍ ഒഴിവുകള്‍ പലത് നിരത്തി. ഒടുവില്‍ പറഞ്ഞത് കൊറിയര്‍ നഷ്ടമായി എന്നാണ്.
ബയോസ്പസിക്കയച്ച കൊറിയര്‍ നിംഹാന്‍സ് കൈപ്പറ്റിയതിന്റെ രേഖ സുജാതയുടെ കൈവശമുണ്ട്. ഭക്ഷണത്തിനും മരുന്നിനും മക്കളുടെ പഠനത്തിനും പലര്‍ക്കും മുന്നിലും കൈനീട്ടുകയാണ് അതിനിടയിലാണ് ഡോക്ടര്‍മാരുടെ പരീക്ഷണം. വീണ്ടും ഞരമ്പ് മുറിച്ചെടുത്ത പരിശോധനയ്ക്കയക്കുന്നതും അപകടരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.