പത്തനംതിട്ട കൂത്താട്ടുകുളം ഗവ. എൽപി സ്കൂളിനു സമീപം ഓടിക്കൊണ്ടിരുന്ന ബസിനു മുകളിലേക്കു മരം ഒടിഞ്ഞു വീണു. യാത്രക്കാർ അപകടത്തിൽ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു.
ഇന്നലെ ഉച്ചയ്ക്കു 2.40ന് ആയിരുന്നു സംഭവം. നിറയെ യാത്രക്കാരുമായി സീതത്തോട്ടിലേക്കു വരികയായിരുന്നു ബസ്. റോഡിന്റെ തിട്ടയിൽ നിന്ന പ്ലാവാണ് ഒടിഞ്ഞു വീണത്. വൈദ്യുതി കമ്പികളും ബസിനു മുകളിലേക്കു പതിച്ചെങ്കിലും വൈദ്യുതി ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
അപകടത്തെ തുടർന്ന് വടശേരിക്കര–ചിറ്റാർ റൂട്ടിലെ വാഹന ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു.
സീതത്തോട്ടിൽ നിന്ന് അഗ്നിശമന സേനാംഗങ്ങൾ എത്തി മരം മുറിച്ചു മാറ്റിയ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.