ചില ഉദ്യോഗസ്ഥരുടെ സമീപനം കണ്ടാൽ സെക്രട്ടറിയേറ്റ് ഇടിച്ച് പൊളിക്കണമെന്ന് പറയുന്നത് ശരിയാണെന്ന് തോന്നുമെന്ന് മന്ത്രി ജി.സുധാകരൻ. റോഡ് പൊളിഞ്ഞിട്ടും നന്നാകാത്തതിനെക്കുറിച്ചുള്ള നാട്ടുകാരുടെ പരാതി കേട്ടപ്പോളാണ് മന്ത്രിയുടെ പ്രതികരണം. ഇനി ഇത്തരം പരാതികൾ നിങ്ങൾക്കും മന്ത്രിയെ നേരിട്ട് വിളിച്ച് പറയാം.
കുളമായ റോഡുകളേക്കുറിച്ച് മന്ത്രിയോട് പരാതി പറയാൻ ഇനി ഒരു ഫോൺവിളി മതി. 18004257771 എന്ന നമ്പരിൽ എല്ലാ മാസത്തെയും ആദ്യ ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നര മുതല്‍ നാലര വരെ വിളിച്ചാൽ മന്ത്രിയെ കിട്ടും. മന്ത്രി തന്നെ നേരിട്ട് പരാതി കേൾക്കാനിറങ്ങിയതിന്റെ കാരണം ചോദിച്ചാൽ ചില ഉദ്യോഗസ്ഥരെ കൊണ്ട് പൊറുതിമുട്ടിയതിനാലെന്ന് ഉത്തരം.
2009ൽ തുടങ്ങി നിലച്ച് പോയ പൊതുമരാമത്ത് വകുപ്പിലെ പരാതി പരിഹാര സെല്ലാണ് കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ സജീവമാക്കിയത്. മന്ത്രിയെ നേരിട്ട് കിട്ടില്ലെങ്കിലും എല്ലാ പ്രവൃത്തി ദിവസവും രാവിലെ 9.30 മുതൽ രാത്രി 7.30 വരെ ഉദ്യോഗസ്ഥർ പരാതികേൾക്കാനുണ്ടാവും.