ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിച്ചത് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതുകൊണ്ടെന്ന് ടൂറിസംമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഫാദര്‍ ടോമിന്റെ മോചനത്തിന് യെമന്‍, ഒമാന്‍ സര്‍ക്കാരുകളെ ഇന്ത്യ നന്ദി അറിയിച്ചു. ഫാദര്‍ ടോം പ്രധാനമന്ത്രിക്ക് നന്ദിപറഞ്ഞുവെന്ന് അദ്ദേഹത്തോട് സംസാരിച്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.
ഫാദര്‍ ടോമിന്റെ മോചനത്തിന്റെ ക്രെഡിറ്റിനെച്ചൊല്ലി സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാര്‍ അനുകൂലികളും പ്രതികൂലികളും തമ്മില്‍ യുദ്ധം മുറുകുമ്പോഴാണ് കേന്ദ്രമന്ത്രിമാര്‍ നേരിട്ട് രംഗത്തുവന്നത്.
നയപരമായ ഇടപെടലാണ് ഫാദര്‍ ടോമിന്റെ മോചനം സാധ്യമാക്കിയതെന്ന് വിദേശകാര്യസഹമന്ത്രി വി.കെ.സിങ് പറഞ്ഞു. മോചനദ്രവ്യം നല്‍കിയിട്ടില്ലെന്നും സിങ് വ്യക്തമാക്കി. അതേസമയം ഫാദര്‍ ടോമിന്റെ മോചനത്തിന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യമന്‍, ഒമാന്‍ സര്‍ക്കാരുകള്‍ക്ക് നന്ദി പറഞ്ഞു. വത്തിക്കാനിലുള്ള ഫാദര്‍ ടോമുമായി മന്ത്രി സംസാരിച്ചു. പ്രധാനമന്ത്രിക്കും മോചനത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്ക്കും ഫാദര്‍ ടോം നന്ദി പറഞ്ഞുവെന്ന് സുഷമ ട്വിറ്ററില്‍ കുറിച്ചു. തട്ടിക്കൊണ്ടുപോയവര്‍ തന്നെ ഉപദ്രവിച്ചില്ലെന്നും ആരോഗ്യം ക്ഷയിച്ചപ്പോള്‍ മരുന്നും പരിചരണവും നല്‍കിയിരുന്നുവെന്നും ഫാദര്‍ ടോം വത്തിക്കാനിലെ മാധ്യമത്തിനുനല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വത്തിക്കാനില്‍ നിന്ന് ഫാദര്‍ ടോം എപ്പോള്‍ തിരിച്ചെത്തും എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.