സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എസ്കോർട്ട് പോയ പൊലീസ് വാഹനം തിരുവല്ലയ്ക്ക് സമീപം പൊടിയാടിയിൽ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് പൊലീസുകാരൻ മരിച്ചു. തിരുവനന്തപുരം എ.ആർ. ക്യാംപിലെ പി.പ്രവീൺ ആണ് മരിച്ചത്.
ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. പൊടിയാടിയിലെ വളവിൽ നിയന്ത്രണംവിട്ട പൊലീസ് വാഹനം കരണം മറിഞ്ഞശേഷം ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. തിരുവല്ലയ്ക്ക് സമീപം കറ്റോടുനിന്ന് മാന്നാറിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയിലാണ് പോലീസ് വാഹനം ഇടിച്ചത്.
അപകടത്തിൽ പ്രവീണിനും ഓട്ടോറിക്ഷയിലെ യാത്രക്കാരായ യുവതിക്കും കുഞ്ഞിനും പരുക്കേറ്റു. പ്രവീണിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതിയുടെയും കുട്ടിയുടെയും പരുക്ക് ഗുരുതരമല്ല.
കോടിയേരി ബാലകൃഷ്ണനും അകമ്പടി വാഹനങ്ങളും പരുമലയിൽ നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തിനു പിന്നാലെ കോടിയേരി ബാലകൃഷ്ണൻ ആശുപത്രിയിൽ എത്തിയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം നാളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. കൊല്ലം ജില്ലയിലെ കടയ്ക്കൽ സ്വദേശിയാണ് മരിച്ച പ്രവീൺ